1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2021
Lissie Harper, who campaigned for the law change

സ്വന്തം ലേഖകൻ: യുകെയിൽ നഴ്സുമാർ ഉൾപ്പെടെ അടിയന്തിര സേവന വിഭാഗങ്ങളെ കൊല്ലുന്നവർക്ക് ഇനി ആജീവനാന്ത ജയിൽ ശിക്ഷ. ഈ വിഭാഗക്കാരെ കൊലപ്പെടുത്തുന്നവരെ ഭാവിയില്‍ തെരുവില്‍ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാക്കുന്ന നിയമമാറ്റം വരുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. എമര്‍ജന്‍സി സര്‍വീസുകള്‍ ചെയ്യുന്നവരെ കൊലപ്പെടുത്തുന്നവര്‍ക്ക് ജീവിതാവസാനം വരെ ജയില്‍ ഉറപ്പാക്കും.

പോലീസുകാരുടെയും, ഫയര്‍ഫൈറ്റേഴ്‌സിന്റെയും ജീവനെടുത്താലും ആജീവനാന്തം ജയിലില്‍ കിടക്കാം. മെഡിക്കല്‍ ജീവനക്കാര്‍ക്ക് നേരെ പല വിധത്തിലുള്ള അക്രമങ്ങളും അരങ്ങേറുന്ന സാഹചര്യത്തിലാണ് നിയമമാറ്റം. ചില നഴ്‌സുമാരും, പാരാമെഡിക്കുകളും കൊല്ലപ്പെടുന്ന സംഭവമുണ്ടായിരുന്നു . എന്നാല്‍ ഇത്തരം സംഭവങ്ങളിലെ പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷാവിധികള്‍ അര്‍ഹിക്കുന്ന തരത്തിലാകുന്നില്ലെന്ന പരാതി ഉയരാറുണ്ട്. എന്തായാലും ഇൗ അവസ്ഥയ്ക്ക് മാറ്റം വരുത്തി ആജീവനാന്ത ജീവപര്യന്തം ശിക്ഷ നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം.

ഹാര്‍പ്പേഴ്‌സ് ലോ എന്നറിയപ്പെടുന്ന പുതിയ നിയമം ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസര്‍, ഫയര്‍മാന്‍, പാരാമെഡിക്, പ്രിസണ്‍ ഓഫീസര്‍, എന്‍എച്ച്എസ് കെയര്‍ നല്‍കുന്ന മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ കൊലപ്പെടുത്തുന്ന ക്രിമിനലുകള്‍ക്ക് ബാധകമാണ്. ഈ മാറ്റം പോലീസ്, ക്രൈം, സെന്റന്‍സിംഗ് & കോര്‍ട്‌സ് ബില്‍ ഭേദഗതി ചെയ്ത് അടുത്ത വര്‍ഷം ആദ്യം തന്നെ പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷ.

കവര്‍ച്ച നടക്കുന്നതായി വിവരം ലഭിച്ചെത്തി കൊല്ലപ്പെട്ട പിസി ആര്‍ഡ്രൂ ഹാര്‍പ്പറുടെ വിധവ നടത്തിയ പോരാട്ടമാണ് പുതിയ നിയമമാറ്റത്തിന് ഇടയാക്കിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മൂവര്‍ സംഘം 13 വര്‍ഷം മാത്രം ശിക്ഷ നേടിയപ്പോള്‍ തന്നെ നോക്കി പ്രതിക്കൂട്ടില്‍ നിന്ന് ചിരിക്കുന്നത് കണ്ടതോടെയാണ് 30-കാരിയായ ലിസി ഹാര്‍പ്പര്‍ നിയമമാറ്റത്തിനായി രംഗത്തിറങ്ങിയത്. ഹാര്‍പ്പേഴ്‌സ് ലോ ഈ ഘട്ടത്തില്‍ എത്തിച്ചേരുന്നതിന് കഠിനാധ്വാനം വേണ്ടിവന്നതായി ലിസി ഹാര്‍പ്പര്‍ വ്യക്തമാക്കി.

“എമര്‍ജന്‍സി സര്‍വീസ് ജോലിക്കാര്‍ക്ക് അധിക സുരക്ഷ നല്‍കേണ്ടതുണ്ട്. പലപ്പോഴും അപകടങ്ങളിലേക്ക് അവര്‍ ചെന്നെത്തുകയാണ്. സമൂഹത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഈ സുരക്ഷയാണ് ഹാര്‍പ്പേഴ്‌സ് ലോ പ്രദാനം ചെയ്യുന്നത്,“ ലിസി പ്രതികരിച്ചു.

എമര്‍ജന്‍സി സര്‍വീസുകള്‍ ചെയ്യുന്നവരെ കൊലപ്പെടുത്തുന്നവരെ ഭാവിയില്‍ തെരുവില്‍ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാക്കുന്നതാണ് നിയമമാറ്റമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. പുതിയ ശിക്ഷാവിധി എത്രയും പെട്ടെന്ന് നിലവില്‍ വരുമെന്ന് ജസ്റ്റിസ് മന്ത്രാലയ വക്താവ് പ്രതികരിച്ചു. അപൂര്‍വമായ കേസുകളില്‍ മാത്രമാണ് മിനിമം ജീവപര്യന്ത കാലാവധി ചുരുക്കാന്‍ ജഡ്ജിമാര്‍ക്ക് അവസരം നല്‍കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.