1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2024

സ്വന്തം ലേഖകൻ: ചികിത്സാ രംഗത്ത് വലിയൊരു മാറ്റത്തിന് വഴി തെളിച്ചുകൊണ്ട് എന്‍ എച്ച് എസ് മാര്‍ത്താ റൂള്‍ നടപ്പിലാക്കാന്‍ പോവുകയാണ്. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമമനുസരിച്ച്, രോഗിയുടെ നില വഷളാവുകയാണെന്ന് ബന്ധുക്കള്‍ക്ക് തോന്നുകയും, മറ്റൊരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം കൂടി അറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്താല്‍ രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ആ ആവശ്യം സ്വീകരിക്കുവാന്‍ ബാദ്ധ്യസ്ഥരാകും. അതുപോലെ മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ നല്‍കുന്ന രോഗിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങളും അതിന്റെ വിശകലനവും പ്രതിദിനാടിസ്ഥാനത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കുവാന്‍ ക്ലിനിക്കല്‍ ജീവനക്കാരോട് നിര്‍ദ്ദേശിക്കുകയും ചെയ്യും.

രോഗിയെ അടുത്തറിയാവുന്നവര്‍, രോഗിയുടെ പെരുമാറ്റത്തിലോ നിലയിലോ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായത് ശ്രദ്ധയില്‍ പെടുത്തിയാല്‍ തുടര്‍ ചികിത്സകള്‍ക്ക് അതും ഗൗരവകരമായി പരിഗണിക്കണമെന്നും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നിര്‍ദ്ദേശവുമുണ്ട്. ഏപ്രില്‍ മുതല്‍ രാജ്യവ്യാപകമായി 100 ല്‍ അധികം എന്‍ എച്ച് എസ് സൈറ്റുകളില്‍ പ്രാബല്യത്തില്‍ വരുന്ന ഈ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് സ്വതന്ത്ര ഡോക്ടര്‍മാരുടെ ഒരു സംഘത്തില്‍ നിന്നും രണ്ടാമതൊരു അഭിപ്രായം അറിയുവാനുള്ള അവകാശം രോഗികളുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും.

സെപ്സിസിന്റെ ലക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ അവഗണിച്ചതിനെ തുടര്‍ന്ന് 2021-ല്‍ തന്റെ 13-ാം വയസ്സില്‍ ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലില്‍ വെച്ച് മരണമടഞ്ഞ മാര്‍ത്താ മില്‍സിന്റെ പേരിലായിരിക്കും ഈ പുതിയ നിയമം വരിക. മാര്‍ത്താസ് റൂള്‍ എന്ന് അറിയപ്പെടുന്ന ഈ നിയമം, ബ്രിട്ടീഷ് ആരോഗ്യ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കും എന്നാണ് കരുതപ്പെടുന്നത്. മകളുടെ ആരോഗ്യം ക്രമേണ നശിച്ചു വരുന്ന വിവരം ഡോക്ടര്‍മാരെ അറിയിച്ചിട്ടും അവര്‍ അവഗണിച്ചു എന്നായിരുന്നു അന്ന് ഉയര്‍ന്ന ആരോപണം.

തങ്ങളുടെ മകളുടെ മരണം വെറുതെയായില്ല എന്നായിരുന്നു, പുതിയ നിയമത്തെ കുറിച്ച് മാര്‍ത്താ മില്‍സിന്റെ മാതാപിതാക്കളുടെ പ്രതികരണം. മാര്‍ത്താസ് റൂള്‍ ഭാവിയില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ വഴിയാകുമെന്ന് വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു. ഒരു രോഗിയില്‍ വരുന്ന മാറ്റങ്ങള്‍, അവര്‍ക്കൊപ്പം കൂട്ടിരിക്കുന്ന ബന്ധുക്കള്‍ക്കോ കെയറര്‍മാര്‍ക്കോ ആയിരിക്കും കൂടുതല്‍ അറിയാന്‍ കഴിയുക. ജോലി തിരക്കിനിടയില്‍ ജീവനക്കാര്‍ക്ക് അതു ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടു തന്നെ, രോഗിയുടെകുടുംബാംഗങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്ന നിയമം ഉപകാരപ്രദമാണെന്നും അവര്‍ പറഞ്ഞു.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ രോഗ വിവരത്തെ കുറിച്ച് രണ്ടാമതൊരു അഭിപ്രായം തേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ക്രിട്ടിക്കല്‍ കെയര്‍ ടീമുമായി ബന്ധപ്പെട്ട് ഒറ്റനോട്ടത്തിലുള്ള ഒരു വിശകലനം ആവശ്യപ്പെടാം. ദിവസം 24 മണിക്കൂറും ഈ സേവനം ലഭ്യമായിരിക്കും. ഒരു രോഗിയുടെ നില വഷളാവുകയാണെങ്കില്‍, ഹോസ്പിറ്റലിലെ തന്നെ മറ്റ് ഡോക്ടര്‍മാരുടെ സംഘം രോഗിയെ പരിശോധിച്ച് സ്ഥിതി വിലയിരുത്തുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.