1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2022

സ്വന്തം ലേഖകൻ: ന്യൂയോർക്ക് ബഫലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിൽ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയ 18 വയസ്സുകാരൻ പെടെൻ ജെൻഡ്രൻ പിടിയിലായതായി പൊലീസ് പറഞ്ഞു. ബഫലോ നഗരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ മാറിയുള്ള സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം, കറുത്ത വർഗക്കാർ കൂടുതല്‍ താമസിക്കുന്ന സ്ഥലമാണ്. വംശീയ ആക്രമണമാണെന്നാണു പ്രാഥമിക നിഗമനം.

പട്ടാളവേഷം ധരിച്ചെത്തിയ തോക്കുധാരി സൂപ്പർ മാർക്കറ്റിന് വെളിയിൽ ഉണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറി മുന്നിൽ കണ്ടവർക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ചെത്തിയ അക്രമിയുടെ നേർക്ക്, റിട്ടയർ പൊലീസ് ഉദ്യോഗസ്ഥനായ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരൻ വെടിവച്ചെങ്കിലും വെടിയേറ്റില്ല. അക്രമി തിരിച്ചു വെടിവച്ചതിനാൽ സുരക്ഷാ ജീവനക്കാരൻ മരിച്ചു.

വെടിവയ്പ്പിന്റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ചാണ് ഇയാൾ എത്തിയത്. വെടിവയ്പ് നടത്തിയ യുവാവ് വെളുത്ത വർഗക്കാരനാണെന്നും കൊല്ലപ്പെട്ടവർ ഭൂരിഭാഗവും കറുത്ത വർഗക്കാരാണെന്നും കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി പറഞ്ഞു. ആഭ്യന്തര തീവ്രവാദം ഇല്ലാതാക്കുവാൻ എല്ലാവിധ പരിശ്രമവും നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.

മരിച്ച പത്തു പേരുടെയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. സംഭവത്തിൽ ശാരീരികമായും മാനസികമായും മുറിവേറ്റവർക്കൊപ്പം നിൽക്കുന്നു. ക്രമസമാധാന പാലകരുടെയും ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയവരുടെയും ധൈര്യത്തിൽ അമേരിക്കൻ ജനത നന്ദിയുള്ളവരാണ്. ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ നിത്യശാന്തിക്ക് വേണ്ടി ബൈഡൻ ഭാര്യക്കൊപ്പം പ്രാർഥിച്ചു. രാജ്യം ബഫലോ നിവാസികൾക്കൊപ്പമാണെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.