1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2023

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ എൻഎച്ച്എസ് നേരിടുന്ന നിർണായക വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുന്നതിനായി പ്രധാനമന്ത്രി ഋഷി സുനകും ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേയും ആരോഗ്യ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തി. എൻഎച്ച്എസിന് മേലുള്ള സമ്മർദ്ദം ലഘൂകരിക്കാനും രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാനും വെയിറ്റിംഗ് ലിസ്റ്റുകൾ വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുമെന്ന് ചർച്ചകൾക്ക് ശേഷം ഋഷി സുനക് അറിയിച്ചു.

എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കുന്നത് തന്റെ പ്രധാന അഞ്ച് മുൻഗണനകളിൽ ഒന്നാണെന്ന് സുനക് ആവർത്തിച്ചു. കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്യുന്നതടക്കം ആരോഗ്യ സേവനത്തിൽ സർക്കാർ റെക്കോർഡ് തുക നിക്ഷേപിക്കുമെന്നും സർക്കാർ പ്രതിനിധികൾ അറിയിച്ചു. നടപടികൾ യഥാസമയം ഉണ്ടാകുമെന്നും കൂട്ടിച്ചചേർത്തു. ചില എൻഎച്ച്എസ് ആശുപത്രികളിൽ കിടക്കകൾ ഒഴിവില്ലാത്തത് മൂലം രോഗികൾ ട്രോളികളിൽ ദിവസങ്ങൾ ചെലവഴിക്കുന്നതായി വരെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓപ്പറേഷനുകൾക്കായുള്ള നീണ്ട കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.

ഏഴ് ദശലക്ഷത്തിലധികം ആളുകൾ നിലവിൽ ഇംഗ്ലണ്ടിൽ അടിയന്തര ശസ്ത്രക്രിയയ്‌ക്കോ ചികിത്സയ്‌ക്കോ വേണ്ടി ആശുപത്രികളുടെ വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്. അതായത് ജനസംഖ്യയുടെ എട്ടിൽ ഒരാൾ. അടിയന്തര പരിചരണം, പതിവ് ഓപ്പറേഷനുകൾ, ജിപി അപ്പോയിന്റ്‌മെന്റുകൾ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ രോഗികൾക്കുള്ള പരിചരണം എന്നിവയ്‌ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് എൻ‌എച്ച്‌എസ് രോഗികളുടെ എണ്ണം നിലവിൽ സർവ്വകാല റെക്കോർഡിലാണെന്ന് മുതിർന്ന ഡോക്ടർമാർ പറയുന്നു.

വിവിധ എൻഎച്ച്എസ് സംഘടനകൾ, രാജ്യത്തുടനീളമുള്ള കൗൺസിലുകളുടെ ചീഫ് എക്സിക്യൂട്ടീവുകൾ, ക്ലിനിക്കൽ നേതാക്കൾ, കൂടാതെ മെഡിക്കൽ, സോഷ്യൽ കെയർ വിദഗ്ധർ എന്നിവരോടൊപ്പം പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികളും ശനിയാഴ്ച ഋഷി സുനകുമായി നടന്ന ചർച്ചകളിൽ പങ്കെടുത്തു. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ്, ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ സർ ക്രിസ് വിറ്റി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഉയർന്ന അളവിലുള്ള ഫ്ലൂ, പനി ബാധിതരുടെ എണ്ണം വർധിക്കുന്നതും കോവിഡിന്റെ തിരിച്ചു വരവും നഴ്സുമാർ ഉൾപ്പെടെയുള്ള പണിമുടക്കും മൂലം കടുത്ത സമർദ്ദത്തിലാണ് നിലവിൽ ഇംഗ്ലണ്ടിലെ എൻഎച്ച്എസ്. എന്നാൽ, ഇവയൊക്കെ എത്രത്തോളം വിജയകരമായി പരിഹരിക്കാൻ കഴിയുമെന്നത് ഋഷി സുനകിന് മുന്നിലുള്ള വെല്ലുവിളികളിൽ പ്രധാനപ്പെട്ടതാണ്.

ഇതിനിടയിൽ ഏപ്രിൽ മുതൽ 2023-24 വർഷത്തേക്കുള്ള ശമ്പളം ചർച്ച ചെയ്യാൻ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേയെ കാണാൻ തിങ്കളാഴ്ച ആരോഗ്യ യൂണിയനുകളെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷത്തെ നിലവിലെ ശമ്പള തർക്കത്തിൽ സർക്കാർ നടപടിയെടുക്കണമെന്നും ചർച്ചകൾ ആസൂത്രിത പണിമുടക്കുകൾ അവസാനിപ്പിക്കില്ലെന്നും യൂണിയൻ നേതാക്കൾ പറയുന്നു.

തീർച്ചയായും ചർച്ചകളിൽ പങ്കെടുക്കുമെന്നും പക്ഷേ, പത്ത് ദിവസത്തേക്ക് ആസൂത്രണം ചെയ്ത സമരപരിപാടികൾ തടയാൻ ചർച്ചകൾക്ക് ശേഷം കഴിയുമോ എന്ന ആശങ്ക തങ്ങൾക്ക് ഉണ്ടെന്നും റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു. 2022-23 ൽ നഴ്‌സുമാർക്ക് ലഭിക്കുന്ന ശമ്പള വർധനയാണ് നിലവിലുള്ള തർക്കത്തിന് അടിസ്ഥാനമാണെന്ന് അവർ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.