1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2022

സ്വന്തം ലേഖകൻ: യുകെയിൽ ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ചിറങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൂട്ടപ്പലായനം സംഭവിച്ചാല്‍ എന്‍എച്ച്എസിന് താങ്ങാന്‍ കഴിയാത്ത അവസ്ഥ നേരിടുമെന്ന് സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ബ്രിട്ടനിൽ 45,000 ജൂനിയര്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനാണ് 4000 അംഗങ്ങളെ ഉള്‍പ്പെടുത്തി സര്‍വ്വെ സംഘടിപ്പിച്ചത്. എന്‍എച്ച്എസ് ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം.

മറ്റൊരു ജോലി എത്രയും പെട്ടെന്നു ലഭിച്ചാല്‍ അത്രയും പെട്ടെന്നു ഹെല്‍ത്ത് സര്‍വ്വീസ് ഉപേക്ഷിക്കുമെന്നാണ് 40% ജൂനിയര്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. 33 % ഡോക്ടർമാർ മറ്റു രാജ്യങ്ങളിലേക്കു ചുവടുമാറ്റാനാണ് ആഗ്രഹിക്കുന്നത്. സർവ്വേയിൽ പങ്കെടുത്ത 79 ശതമാനം ഡോക്ടർമാർ പലപ്പോഴും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ട്.

എൻഎച്ച്എസ് ഉപേക്ഷിച്ചു പോകുന്നതിനെ കുറിച്ചു ചിന്തിച്ചവർ 65 ശതമാനം ഡോക്ടർമാരാണ്. മോശം ശമ്പളവും, തൊഴില്‍ സാഹചര്യങ്ങളുമാണ് ഇത്തരം തീരുമാനങ്ങളിലേക്ക് ജൂനിയർ ഡോക്ടർമാരെ എത്തിച്ചത് എന്നാണ് ബിഎംഎയുടെ ആരോപണം.

പ്രതിവര്‍ഷം 29384 പൗണ്ട് എന്ന നിലയിലാണ് ആദ്യ വർഷം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം ലഭിക്കുന്നത്. ശമ്പളക്കാര്യത്തില്‍ സമരത്തിന് ഇറങ്ങുന്ന കാര്യം തീരുമാനിക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ബാലറ്റിംഗിന് ഒരുങ്ങവെയാണ് സര്‍വ്വെ. ഒരു ദശകത്തോളമായി കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന സാഹചര്യത്തില്‍ 37000 പൗണ്ട് എങ്കിലും ആദ്യ വർഷം നൽകണമെന്നാണ് ബിഎംഎ ആവശ്യപ്പെടുന്നത്.

അതായത് 26.1 ശതമാനം വര്‍ധന. വരുമാനം മോശമായതാണ് എന്‍എച്ച്എസ് ഉപേക്ഷിക്കാനുള്ള ആഗ്രഹത്തിന് പിന്നിലുള്ള പ്രധാന കാരണം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ പൊതുമേഖലയില്‍ ഏറ്റവും വലിയ വരുമാനക്കുറവ് നേരിട്ടതു ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കാണെന്നാണു ബിഎംഎ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.