1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2022

സ്വന്തം ലേഖകൻ: ഉത്തരകൊറിയയിലെ സമീപകാല മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റ മേല്‍നോട്ടത്തിലുള്ള തന്ത്രപരമായ ആണാവായുധ ആഭ്യാസമായിരുന്നുവെന്ന് തിങ്കളാഴ്ച രാജ്യത്തെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സംയുക്ത സൈനിക അഭ്യാസങ്ങളുടെ മറുപടിയാണിതെന്ന് ഉത്തര കൊറിയ വ്യക്തമാക്കുന്നു.

സിയോള്‍, ടോക്യോ, വാഷിംങ്ടണ്‍ എന്നിവിടങ്ങളില്‍ നാവികാഭ്യാസങ്ങള്‍ ശക്തിപ്പെടുത്തിയതും യു.എസിന്റെ ആണവശേഷിയുള്ള വിമാനവാഹിനിക്കപ്പല്‍ യു.എസ്.എസ്. റൊണാള്‍ഡ് റീഗനെ ഈ ഈ പ്രദേശങ്ങളില്‍ വിന്യസിച്ചതും കിമ്മിനെ പ്രകോപിതനാക്കിയിരുന്നു. ഈ സൈനികാഭ്യാസങ്ങളെ യുദ്ധത്തിന്‍റെ മുന്നോടിയായുള്ള ഒരുക്കമായാണ് ഉത്തരകൊറിയ വിലയിരുത്തുന്നത്. ഇതിന് മറുപടിയെന്നോണമാണ് ഉത്തരകൊറിയ സൈനികാഭ്യാസം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ. റിപ്പോർട്ട് ചെയ്തു.

യുദ്ധത്തിന് വേണ്ടിയുള്ള ചെറുതും ഭാരം കുറഞ്ഞതുമായി ആണവായുധങ്ങള്‍ വികസിപ്പിക്കുകയെന്നത് കിമ്മിന്റെ ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്നു. 2021-ലെ പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന ഊന്നലും ഈ വിഷയത്തിലായിരുന്നു. കഴിഞ്ഞ മാസമാണ് ഉത്തരകൊറിയ രാജ്യത്തിന്റെ ആണവനിയമങ്ങള്‍ പരിഷ്കരിച്ചത്. ആണാവായുധങ്ങള്‍ ഉപയോഗിക്കാനുള്ള രാജ്യത്തിന്റെ വലിയ സാധ്യതകളെയാണ് ഇത് വിഭാവനം ചെയ്യുന്നത്. ഇതിലൂടെ ഉത്തരകൊറിയയെ ശക്തമായ ആണവശക്തിയായി പ്രഖ്യാപിക്കുകയും ആണവനിരായുധീകരണ ചര്‍ച്ചകള്‍ക്ക് ഇതിലൂടെ തടയിടുകയുമാണ് കിം ചെയ്തത്.

സൈനികയൂണിറ്റുകള്‍ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്‍പത് വരെ ഉത്തരകൊറിയയുടെ ആണവ പ്രത്യാക്രമണ ശേഷി പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സൈനികാഭ്യാസങ്ങള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. കൊറിയയിലെ വര്‍ക്കേഴ്സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സെന്‍ട്രന്‍ മിലിറ്ററി കമ്മീഷന്‍ ചെയര്‍മാനുമായ കിം ജോങ് ഉന്‍ ഇതിന് നേതൃത്വം നല്‍കിയെന്നും റിപ്പോർട്ട് പറയുന്നു. ആണവായുധ പരീക്ഷണത്തിന്റെ ചിത്രങ്ങളും ഉത്തര കൊറിയ പുറത്ത് വിട്ടിരുന്നു.

ഏറെക്കാലമായി ചര്‍ച്ച ചെയ്യാതിരുന്ന പ്യോങ് യാങ്ങിലെ നിരോധിത ആയുധ പരിപാടികള്‍ ഇരട്ടിയാക്കി, കഴിഞ്ഞയാഴ്ച ജപ്പാന് മുകളിലൂടെ ഒരു ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ (ഐ.ആര്‍.ബി.എം.) വിക്ഷേപിച്ചു. കൂടാതെ മറ്റൊരു ആണവ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വലിയരീതിയില്‍ നടന്ന പ്യോങ്യാങ്ങിലെ ഐ.ബി.ആര്‍.എം.പരീക്ഷണത്തോടുള്ള മറുപടിയായി ദക്ഷിണ കൊറിയയുടെ കിഴക്കന്‍ പ്രദേശത്ത് അമേരിക്ക വിമാനവാഹിനിക്കപ്പലിനെ വീണ്ടും വിന്യസിച്ചു. ചരിത്രത്തിലാദ്യമായി വ്യത്യസ്ത ലക്ഷ്യങ്ങളുള്ള 150 യുദ്ധവിമാനങ്ങള്‍ ഒരുമിച്ച പറന്ന എയര്‍ അറ്റാക്ക് ഡ്രിലും കിമ്മിന്റെ മേല്‍നോട്ടത്തില്‍ നടന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.