1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2022

സ്വന്തം ലേഖകൻ: നോർത്തേൺ അയർലൻഡിലെ ലണ്ടൻ ഡെറയിൽ തടാകത്തിൽ മുങ്ങിമരിച്ച മലയാളി വിദ്യാർഥികളായ റുവാൻ ജോ സൈമൺന്റെയും (16) ജോസഫ് സെബാസ്റ്റ്യന്റെയും (ജോപ്പു-16) സംസ്കാരം വെള്ളിയാഴ്ച നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു 2 മണി മുതൽ 7 വരെയും നാളെ രാവിലെ 11 മുതൽ രാത്രി 7 വരെയും പൊതുദർശനത്തിനായി മൃതദേഹങ്ങൾ സെന്റ് കൊളംബസ് ചർച്ചിൽ (Chapel Road, BT47 2BB ) വയ്ക്കും. തുടർന്നു സ്വന്തം ഭവനങ്ങളിലേക്ക് കൊണ്ടുപോകുന്ന മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ 9.30 ന് ശുശ്രുഷകൾക്കുശേഷം പതിനൊന്നു മണിക്ക് സെന്റ് മേരീസ് ചര്‍ച്ചിൽ ( 49 Ardmore Road, Derry, BT47 3QP) എത്തിക്കും. കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷം സംസ്കാരം നടത്തും.

കുട്ടികളുടെ ദാരുണാന്ത്യത്തിൽ താങ്ങാനാകാത്ത വേദനയിലാണ് ബ്രിട്ടനിലെ മലയാളികൾ. വേനൽ അവധിയുടെ അവസാന നാളിൽ സൈക്കിളിങ്ങിനിറങ്ങിയ ആറു മലയാളി കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ആറു കൂട്ടുകാരിൽ രണ്ടുപേരെ മരണം കവർന്നതിന്റെ ആഘാതത്തിൽനിന്നും മറ്റുള്ളവർ ഇനിയും മുക്തരായിട്ടില്ല.

മരണത്തിലും കൂട്ടുകാരായ ജോസഫ് സെബാസ്റ്റ്യന്റെയും (ജോപ്പു-16) റൂവാൻ സൈമണിന്റെയും (16) മാതാപിതാക്കളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ നിൽക്കുകയാണ് സുഹൃത്തുക്കളും നോർത്തേൺ അയർലൻഡിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും. ഡെറി ലോയിലെ ടെംബിൾ റേഡിനു സമീപമുള്ള തടാകത്തിലാണ് തിങ്കളാഴ്ച വൈകിട്ട് സെന്റ് കൊളംബസ് ബോയിസ് കോളജ് വിദ്യാഥികളായ ഇരുവരും മരിച്ചത്. ആറുപേരടങ്ങുന്ന സുഹൃത്ത് സംഘം സൈക്കിളിങ്ങിന് പോയപ്പോഴായിരുന്നു അപകടം.

സൈക്കിളിങ്ങിനിടെ റുവാൻ വെള്ളത്തിൽ ഇറങ്ങി അപകടത്തിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരൻ ജോസഫും അപകടത്തിന് ഇരയാകുകയായിരുന്നു. മറ്റൊരു കുട്ടിയെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. മറ്റു മൂന്നുപേർകൂടി ഇവരോടൊപ്പം ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ തന്നെയാണ് എമർജൻസി സർവീസിനെ അപകടവിവരം അറിയിച്ചത്.

അധികം താമസിയാതെതന്നെ എമർജൻസി സർവീസ് ടീം സംഭവസ്ഥലത്ത് എത്തി. ഇവർ നടത്തിയ തിരച്ചിലിൽ ആദ്യം റുവാനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ച ശേഷമാണ് റുവാന്റെ മരണം സ്ഥിരീകരിച്ചത്. പിന്നീട് ദീർഘനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് ജോസഫിന്റെ മൃതദേഹം ലഭിച്ചത്. സംഭവസ്ഥലത്തുവച്ചുതന്നെ ജോസഫിന്റെ മരണം സ്ഥിരീകരിച്ചിരുന്നു. സംഭവസ്ഥലം ഇപ്പോഴും പൊലീസ് നിയന്ത്രണത്തിലാണ്. ആരെയും ഇവിടേക്ക് കടത്തിവിടുന്നില്ല. ഇവിടേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.

കണ്ണൂർ പയ്യാവൂർ പൊന്നുംപറമ്പത്ത് മുപ്രാപ്പള്ളിയിൽ ജോഷി സൈമണിന്റെ മകനാണ് റുവാൻ. എരുമേലി കൊരട്ടി കുറുവാമൂഴിയിൽ ഒറ്റപ്ലാക്കൽ അജുവിന്റെ മകനാണ് ജോസഫ്.

ചെളിനിറഞ്ഞ ഈ തടാകത്തിൽ ഇറങ്ങരുതെന്ന് സമീപത്തെ സ്കൂളുകളിലെ അധ്യാപകർ കുട്ടികൾക്ക് നിർദേശം നൽകാറുള്ളതാണ്. അപകടത്തിൽപ്പെട്ട കുട്ടികൾ ഉപയോഗിച്ചിരുന്ന സൈക്കിളും ജാക്കറ്റും മറ്റും തടകാത്തിനു സമീപം കിടക്കുന്നതിന്റെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങളും ബിബിസിയും പുറത്തുവിട്ടു. ബ്രിട്ടനിലെ കേരളാ കമ്മ്യൂണിറ്റിക്ക് ഉണ്ടായ വലിയ അപകടമയാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ ഈ സംഭവത്തെ വിവരിച്ചത്.

നോർത്തേൺ അയർലൻഡിലെ മലയാളി സമൂഹവും ബ്രിട്ടനിലെ സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയും ക്നാനാനായ കത്തോലിക്കാ സമൂഹവുമെല്ലാം പിന്തുണയുമായി അപകടത്തിനിരയായ കുടുംബത്തിനൊപ്പമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.