1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2022

സ്വന്തം ലേഖകൻ: വാക്സീനെടുത്ത ശേഷം ഒമിക്രോണ്‍ പിടിപെട്ടവര്‍ക്ക് കോവിഡ് വകഭേദങ്ങള്‍ക്കെതിരേ മികച്ച പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് പഠനം. രണ്ട് ഡോസ് വാക്സീനെടുത്തവരില്‍ ഓമിക്രോണ്‍ വന്നാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കാകുമെന്നും പഠനത്തില്‍ പറയുന്നു. കോവിഡ് വാക്സീന്‍ നിര്‍മാതാക്കളായ ബയോഎന്‍ടെക് എസ്.ഇ കമ്പനിയും വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനങ്ങളുടെ പ്രാഥമിക റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രണ്ട് ഡോസ് വാക്സീനെടുത്ത ശേഷം ഓമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ലക്ഷണക്കിന് ആളുകള്‍ക്ക് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന സൂചനകളാണ് പഠനത്തിലൂടെ ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ വ്യക്തമായ അനുമാനത്തിലെത്താന്‍ കൂടുതല്‍ പഠനങ്ങളും തെളിവുകളും ആവശ്യമാണ്. ചൈന, ഉത്തര കൊറിയ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസം പകരുന്ന പുതിയ പഠനം പുറത്തുവരുന്നത്.

അതേസമയം പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കോവിഡിനെതിരേ പ്രതിരോധ ശേഷി കൈവരിക്കാനായി ആളുകള്‍ രോഗം തേടി പോകരുതെന്ന് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രിന്‍സിപ്പള്‍ സയിന്റിസ്റ്റ് അലക്‌സാഡ്ര വാള്‍സ് മുന്നറിയിപ്പ് നല്‍കി.
കോവിഡ് വാക്സീനെടുത്ത ശേഷം ഒമിക്രോണ്‍ പിടിപെട്ടവര്‍, രോഗ ബാധിതരായ ശേഷം രണ്ടോ മൂന്നോ ഡോസ് വാക്സീനെടുത്തവര്‍, ഒമിക്രോണ്‍ പിടിപെട്ട ഇതുവരെ വാക്സീനെടുക്കാത്തവര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളായി തിരിച്ച് ആളുകളുടെ രക്ത സാംപിള്‍ പരിശോധിച്ചാണ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പഠനം നടത്തിയത്.

വാക്സീനെടുത്ത ശേഷം ഒമിക്രോണ്‍ വന്നവരിലെ ആന്റിബോഡി വിവിധ ഡെല്‍റ്റാ വകഭേങ്ങളെ ശക്തമായി പ്രതിരോധിക്കും. രോഗികളുടെ മൂക്കിലെ സ്രവസാപിളുകളില്‍ ആന്റിബോഡിയെ തിരിച്ചറിയാനും ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരാളുടെ ശരീരത്തില്‍ വൈറസ് പ്രവേശിച്ച ഉടന്‍തന്നെ നിര്‍വീര്യമാക്കാന്‍ ഇത് സഹായകരമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.