1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2023

സ്വന്തം ലേഖകൻ: ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനത്തിലൂടെ ലോക സിനിമയുടെ നെറുകയിലെത്തി നില്‍ക്കുകയാണ് ഇന്ത്യ. മികച്ച ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ഓസ്‌കാര്‍ നേടി സ്വപ്‌ന നേട്ടത്തിലെത്തിയതോടെ ലോകമാകെ ഈ ഗാനത്തിനൊപ്പം ചുവടുവെക്കുകയാണ്. നാട്ടുനാട്ടുവും ആര്‍.ആര്‍.ആറും വീണ്ടും ലോകശ്രദ്ധയിലേക്ക് എത്തിയതോടെ ഈ പാട്ടില്‍ രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും ആടിത്തിമിര്‍ക്കുന്ന പശ്ചാത്തലവും വീണ്ടും ചര്‍ച്ചയാവുകയാണ്. യുക്രൈനിലെ ക്രീവിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് മുന്നിലാണ് ഈ ഗാനം ചിത്രീകരിച്ചത്. ഇന്നത്തെ യുക്രൈനിലല്ല, യുദ്ധഭൂമിയായി യുക്രൈന്‍ മാറുന്നതിന് മുന്‍പ്.

നാട്ടുനാട്ടുവിന്റെ പശ്ചാത്തലത്തില്‍ കാണുന്ന കടല്‍നീല നിറമുള്ള ആ അതിമനോഹരമായ കൊട്ടാരം കീവിലെ മരിന്‍സ്‌കി പാലസാണ്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ ഔദ്യോഗിക വസതിയാണ് മരിന്‍സ്‌കി പാലസ്. റഷ്യയുടെ യുക്രൈന്‍ ആക്രമണം തുടങ്ങുന്നതിന് മുന്‍പാണ് നാട്ടുനാട്ടു ഇവിടെ വെച്ച് ചിത്രീകരിച്ചത്. സെലന്‍സ്‌കി ഒരു ഒരു മുന്‍ ടെലിവിഷന്‍ താരം കൂടിയായതിനാലാണ് തങ്ങള്‍ക്ക് അവിടെ ഗാനം ചിത്രീകരിക്കാന്‍ അനുമതി ലഭിച്ചതെന്ന് രാജമൗലി പിന്നീട് വ്യക്തമാക്കിയിരുന്നു.

1744 ല്‍ റഷ്യന്‍ ചക്രവര്‍ത്തിനിയായിരുന്ന എലിസവേറ്റ പെട്രോവ്‌നയുടെ കല്‍പ്പനപ്രകാരം വാസ്തുശില്‍പിയായ ബര്‍തലോമിയോ റാസ്‌ട്രെലിയാണ് മരിന്‍സ്‌കി പാലസ് നിര്‍മ്മിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടര്‍ച്ചയായുണ്ടായ തീപ്പിടുത്തങ്ങളില്‍ കൊട്ടാരത്തിന്റെ വലിയൊരു ഭാഗം കത്തിനശിച്ചു. പിന്നീട് അമ്പത് വര്‍ഷത്തോളം കൊട്ടാരം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. 1870 ല്‍ അന്നത്തെ ഭരണാധികാരി അലക്‌സാണ്ടര്‍ രണ്ടാമനാണ് പഴയ ചിത്രങ്ങളുടെ സഹായത്തോടെ കൊട്ടാരം പുനര്‍നിര്‍മ്മിച്ചത്. റഷ്യന്‍ വിപ്ലവകാലത്തും പല നിര്‍ണായക ചരിത്ര സംഭവങ്ങള്‍ക്കും പാലസ് സാക്ഷിയായി. പിന്നീട് രണ്ടാം ലോകമഹായുദ്ധ കാലത്തും കൊട്ടാരത്തിന് കേടുപാടുകള്‍ സംഭവിച്ചു. 1980ലാണ് കൊട്ടാരം അവസാനമായി പുതുക്കിപ്പണിതത്.

യുക്രൈന്‍ പ്രസിഡന്റിന്റെ വസതിയായതിനെ തുടര്‍ന്ന് മരിന്‍സ്‌കി പാലസ് സന്ദര്‍ശിക്കാന്‍ സഞ്ചാരികളുമെത്താറുണ്ടായിരുന്നു. ആര്‍ആര്‍ആറിലെ പാട്ടിന് പുറമെ സിനിമയുടെ ചിലഭാഗങ്ങളും കൊട്ടാരത്തിന് സമീപത്ത് നിന്ന് ചിത്രീകരിച്ചിരുന്നു. റഷ്യയുമായുള്ള യുദ്ധത്തെ തുടര്‍ന്ന് ദുരന്ത ഭൂമിയായി മാറിയ കീവിലെ മരിന്‍സ്‌കി പാലസിന് മുന്നില്‍ നിന്ന് അവസാനമായി ചിത്രീകരിച്ച സിനിമകളിലൊന്നായിരുന്നു ആര്‍.ആര്‍.ആര്‍. നാട്ടുനാട്ടു ഗാനത്തെ നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ യുദ്ധം തകര്‍ത്ത ഒരു നഗരത്തെ കൂടെ ഓര്‍ത്ത് നെടുവീര്‍പ്പിടുകയാണ് ലോകം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.