1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2022

സ്വന്തം ലേഖകൻ: സമൂഹത്തിന്റെ അതിക്രമം കാരണം യഥാർത്ഥ ജീവിതത്തിൽ ഒരു സ്ത്രീക്ക് പുരുഷൻ ആകേണ്ടി വന്ന കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. തൂത്തുക്കുടി കാട്ടുനായ്ക്കൻപട്ടി ഗ്രാമത്തിലെ പേച്ചിയമ്മാൾ എന്ന സ്ത്രീയാണ് തന്റെ 20ാം വയസിൽ പുരുഷനായി മാറിയത്. വിവാഹം കഴിഞ്ഞ് 15ാം ദിവസം ഹൃദയാഘാതത്തെ തുടർന്ന് പേച്ചിയമ്മാളിന് ഭർത്താവിനെ നഷ്ടപ്പെട്ടു. ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ തരണം ചെയ്യാനാണ് ഇങ്ങനെയൊരു വേഷവിധാനത്തിലേക്ക് മാറാൻ അവർ തീരുമാനിച്ചത്. പിന്നീട് നീണ്ട 36 വർഷക്കാലം അവർ പുരുഷനായി ജീവിച്ചു.

വിവാഹ ശേഷം 20ാം വയസിൽ വിധവയായ പേച്ചിയമ്മാൾ സ്വയ രക്ഷയ്ക്കും മകൾക്കും വേണ്ടിയാണ് പുരുഷനായി മാറിയത്. മകൾക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച ഇവർ മറ്റൊരു വിവാഹം വേണ്ടെന്ന് വച്ചു. ജോലി ചെയ്ത സ്ഥലങ്ങളിൽ നേരിട്ട ലൈംഗിക അതിക്രമങ്ങളാണ് പേച്ചിയമ്മാളെ മുത്തുവെന്ന പുരുഷനാക്കിയത്.

തന്റെയും മകളുടെയും സുരക്ഷയ്ക്ക് പുരുഷനായി ജീവിക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയ പേച്ചിയമ്മാൾ തിരുച്ചെന്തൂരിലെ മുരുകന്റെ ക്ഷേത്രത്തിൽ എത്തി മുടി പറ്റ വെട്ടി. ഷർട്ടും ലുങ്കിയും കഴുത്തിലൊരു കറുത്ത ചരടും അതിൽ മുരുകന്റെ ചിത്രവും സ്ഥിര വേഷമാക്കി. ഇതോടെ പേച്ചിയമ്മാൾ മുത്തുവായി. മകൾക്ക് വേണ്ടി കിട്ടിയ എല്ലാ ജോലിയും ഇവർ ചെയ്തിരുന്നു.

പെയ്ന്റിങ് ജോലിയും കെട്ടിട നിർമാണവും തേങ്ങ വിൽക്കുന്ന കടകളിലും ഒക്കെ മുത്തു ജോലി ചെയ്തിട്ടുണ്ട്. തന്റെ മകളെ വളർത്താൻ വേണ്ടിയാണ് സ്വന്തം സ്വത്വം മാറാൻ ഇവർ തീരുമാനിച്ചത്. അതിൽ തനിക്ക് പശ്ചാത്താപമില്ലെന്നും പേച്ചിയമ്മാൾ പറയുന്നു. സ്വന്തം മകൾക്കും ചില അടുത്ത ബന്ധുക്കൾക്കും മാത്രമേ ഈ രഹസ്യം അറിയൂ.

തൊഴിൽ ഉറപ്പ് പദ്ധതി രേഖയിൽ ഒഴികെ ആധാർ കാർഡിലും റേഷൻ കാർഡിലും വോട്ടർ ഐഡിയിലുമൊക്കെ മുത്തുവെന്നാണ് പേര്. കഠിനാധ്വാനത്തിലൂടെ സ്വന്തം മകളെ അവർ വിവാഹം കഴിപ്പിച്ചു. എന്നാൽ മറ്റ് സമ്പാദ്യങ്ങളോ വരുമാനമോ ഇപ്പോളില്ല. വിധവ പെൻഷന് അപേക്ഷിക്കാനും സാധിക്കില്ല. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ആണ് രഹസ്യം വെളിപ്പെടുത്താൻ പേച്ചിയമ്മാൾ തയ്യാറായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.