1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2024

സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉച്ചയോടെ അബുദാബിയിലെത്തും. അല്‍ ബത്തീന്‍ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അബുദാബിയിലും ദുബായിലുമായി മൂന്ന് പ്രധാന പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിത്. എട്ട് മാസത്തിനിടെയുള്ള മൂന്നാം സന്ദര്‍ശനവും.

യുഎഇ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും.

സന്ദര്‍ശനത്തിന്റെ ആദ്യദിനമായ ചൊവ്വാഴ്ച അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന അഹ്‌ലന്‍ മോദി മഹാസമ്മേളനത്തില്‍ പ്രധാനമന്ത്രി എത്തും.ഇന്ത്യന്‍ എംബസ്സിയും 150-ഓളം പ്രവാസി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയാണിത്. ഉച്ചയ്ക്ക് 12 മണിക്ക് കലാപരിപാടികള്‍ തുടങ്ങും. വൈകിട്ട് ആറോടെ പ്രധാനമന്ത്രി വേദിയിലെത്തും. യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍ ഉണ്ടാകുമെന്നാണ് സൂചന. രാത്രി 11 മണി വരെ പരിപാടികള്‍ തുടരും.

രണ്ടാം ദിനമായ ബുധനാഴ്ച രാവിലെ ദുബായ് ഗ്ലോബല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. യുഎഇ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായുള്ള ചര്‍ച്ചയും ബുധനാഴ്ചയാണ് നടക്കുക. തുടര്‍ന്ന് അബുദാബി ബാപ്‌സ് ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍. ബാപ്‌സ് സന്യാസിമാര്‍ പ്രതിഷ്ഠയും പൂജയും നടത്തും.വൈകീട്ട് നാലിനാണ് പ്രധാനമന്ത്രി ക്ഷേത്രം ഭക്തര്‍ക്കായി സമര്‍പ്പിക്കുക. യുഎഇ ഭരണകൂടം സമ്മാനിച്ച 27 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രമുള്ളത്.

യുഎഇ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഖത്തറിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ അമീര്‍ ഷൈഖ് തമീം ബിന്‍ ഹമദുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മോദിയുടെ രണ്ടാമത്തെ ഖത്തര്‍ സന്ദര്‍ശനമാണിത്.

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യന്‍ മുന്‍ നാവികരുടെ മോചനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥരുടെ മോചിപ്പിച്ച ഖത്തര്‍ അമീറിന്റെ നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.