1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2022

സ്വന്തം ലേഖകൻ: അവധി ആലസ്യത്തിൽ നിന്ന് വിദ്യാർഥികളെ പഠനത്തിൽ സജീവമാക്കാൻ ഉദ്ദേശിച്ചുള്ള ‘ബാക്ക് ടു സ്‌കൂൾ ക്യാംപെയ്ൻ’ ഈ മാസം 13ന് തുടങ്ങും. ‘വിത്ത് എജ്യൂക്കേഷൻ, വീ ബിൽഡ് ഖത്തർ’ എന്നാണ് ക്യാംപെയ്‌ന്റെ തലക്കെട്ട്. കിന്റർഗാർട്ടനുകളിലെയും പ്രൈമറി സ്‌കൂളുകളിലെയും വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് 13 മുതൽ 20 വരെയാണ് ക്യാംപെയ്ൻ.

ഖത്തറിന്റെ പൊതുഗതാഗത കമ്പനിയായ കർവയുടെ സഹകരണത്തോടെ ദോഹ ഫെസ്റ്റിവൽ സിറ്റിയിലാണ് ഇത്തവണത്തെ ക്യാംപെയ്ൻ. വിദ്യാഭ്യാസ, കലാ, വിനോദ, ഇലക്ട്രോണിക് ഇവന്റുകളാണ് നടക്കുക. വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട പൊതുവായ കാര്യങ്ങൾ, സ്‌കൂളുകളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ, സ്‌കൂൾ ബസുകൾ സുരക്ഷിതമായി സർവീസ് നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ, ബസുകളിൽ സുരക്ഷിതമായി ഇരിക്കുന്നതിനുള്ള നിർദേശങ്ങളും പാലിക്കേണ്ട മര്യാദകളും എന്നിവ ഉൾപ്പെടുന്ന ബോധവൽക്കരണ സിനിമകളും പ്രദർശിപ്പിക്കും.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കലണ്ടറിലെ പ്രധാന ഇവന്റുകളിലൊന്നാണിത്. അവധിയാഘോഷത്തിൽ നിന്ന് സ്‌കൂൾ പഠനത്തിലേക്ക് പ്രസരിപ്പോടെ മടങ്ങിയെത്താൻ മാനസികമായി വിദ്യാർഥികളെ തയാറാക്കുകയാണ് ബാക്ക് ടു സ്‌കൂൾ ക്യാംപെയ്‌ന്റെ പ്രധാന ലക്ഷ്യം. മാത്രമല്ല പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന പുതിയ വിദ്യാർഥികളിലെ ആശങ്കയും പേടിയും അകറ്റുന്നതിലും ക്യാംപെയ്ൻ വലിയതോതിൽ ഗുണകരമാണ്.

ആദ്യമായെത്തുന്ന കുട്ടികൾക്ക് ആവശ്യമായ പിന്തുണയും ബോധവൽക്കരണവും പ്രോത്സാഹനവും നൽകാനും ക്യാംപെയ്‌നിലൂടെ കഴിയുന്നുണ്ട്. മധ്യവേനൽ അവധി കഴിഞ്ഞ് 14ന് അധ്യാപകർ തിരികെ ജോലിയിൽ പ്രവേശിക്കണം. 16 മുതൽ ആണ് വിദ്യാർഥികൾക്ക് പഠനം തുടങ്ങുക. ഇന്ത്യൻ സ്‌കൂളുകളിലും ഇതേ ഷെഡ്യൂളിൽ തന്നെയാണ് പഠനം തുടങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.