1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2022

സ്വന്തം ലേഖകൻ: ഖത്തറില്‍ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇന്നലെ അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക.

സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളില്‍ നേരിട്ട് ഹാജരായി ജോലി ചെയ്യാന്‍ അനുവാദമുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമാണ്. തൊഴിലിടങ്ങളില്‍ 15 പേരില്‍ കൂടുതലുള്ള ആളുകള്‍ യോഗം ചേരാന്‍ പാടില്ല. പൂര്‍ണമായും കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ ആഴ്ചയിലൊരിക്കല്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. പൂര്‍ണമായി വാക്‌സിന്‍ എടുത്തവരും കോവിഡ് ഭേദമായവരും ടെസ്റ്റ് നടത്തേണ്ടതില്ല. എല്ലാ ഇടങ്ങളിലും മാസ്‌ക്ക് ധാരണവും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണ്. കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മാത്രം ഇക്കാര്യത്തില്‍ ഇളവുണ്ട്.

എല്ലാവരും വീടുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സ്മാര്‍ട്ട് ഫോണില്‍ ഇഹ്തിറാസ് ആപ്പ് ആക്ടിവേറ്റ് ചെയ്യണം. പള്ളികള്‍ അഞ്ച് നേരത്തേ പ്രാര്‍ഥനയ്ക്കും ജുമുഅ നമസ്‌ക്കാരത്തിനുമായി തുറക്കുമെങ്കിലും 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനാനുമതി ഇല്ല. മാസ്‌ക്ക് ധാരണം, സാമൂഹിക അകലംആരോഗ്യ വകുപ്പിന്റെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാവൂ.

വീടുകളിലും മജ്‌ലിസുകളിലും അടച്ചിട്ട പ്രദേശങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ വാക്‌സിന്‍ എടുത്ത 10 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഒരേ വീട്ടില്‍ താമസിക്കുന്നവരാണെങ്കില്‍ എണ്ണം പ്രശ്‌നമല്ല. തുറസ്സായ സ്ഥലങ്ങളാണെങ്കില്‍ പരമാവധി 15 പേര്‍ വരെ ആവാം. എല്ലാവരും പൂര്‍ണമായും വാക്‌സിന്‍ എടുത്തവരായിരിക്കണം. ഹാളുകളില്‍ നടക്കുന്ന വിവാഹച്ചടങ്ങളുകളില്‍ വാക്‌സിന്‍ എടുത്ത 40 ആളുകള്‍ വരെ അനുവദിക്കും. തുറസ്സായ സ്ഥലങ്ങളിലാണ് വിവാഹ പാര്‍ട്ടികളില്‍ പരമാവധി 80 പേര്‍ വരെ ആകാം. സ്ഥലത്തിന്റെ ശേഷിയുടെ 50 ശതമാനത്തേക്കാള്‍ ആളുകള്‍ കൂടരുത്.

പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ് തുടങ്ങിയ ഇടങ്ങളില്‍ പരമാവധി 15 പേര്‍ക്ക് ഒന്നിച്ചിരിക്കാം. ഒരേ വീട്ടില്‍ നിന്നുള്ളവരാണെങ്കില്‍ ഇത് ബാധകമല്ല. നടത്തം, സൈക്ലിംഗ്, ഓട്ടം തുടങ്ങിയ വ്യക്തിഗത സ്‌പോര്‍ട്‌സ് പരിപാടികള്‍ അനുവദിക്കും. വാഹനത്തില്‍ പരമാവധി നാലു പേര്‍ മാത്രമേ പാടുള്ളൂ. ഡ്രൈവര്‍ ഉള്‍പ്പെടെയാണ് നാലു പേര്‍. ഒരേ വീട്ടിലുള്ളവരാണെങ്കില്‍ എണ്ണം പ്രശ്‌നമല്ല. ബസ്സില്‍ ശേഷിയുടെ 60 ശതമാനം പേര്‍ മാത്രമേ പാടുള്ളൂ. സാമൂഹിക അകലം പാലിച്ചുവേണം ഇരിക്കാന്‍. മെട്രോയിലും മറ്റ് പൊതു ഗതാഗത സംവിധാനങ്ങളിലും 60 ശതമാനം ശേഷിയില്‍ മാത്രമേ ആളുകളെ കയറ്റാവൂ. മെട്രോയിലെ ടോയിലെറ്റുകളും സ്‌മോക്കിംഗ് ഏരിയയും അടച്ചിടും.

രാജ്യത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. തിയറ്റുകളിലും ശേഷിയുടെ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. പൂര്‍ണമായും വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്രെയിനിംഗ് സെന്ററുകള്‍ക്കും നഴ്‌സറികള്‍ക്കും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഒരു ഹാളില്‍ 50ല്‍ കൂടുതല്‍ പേര്‍ പാടില്ല. എല്ലാവരും വാക്‌സിന്‍ എടുത്തവരായിരിക്കണമെന്നും നിബന്ധനയുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്ഥാപനങ്ങളാണെങ്കില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ല. പരിശീലനം നല്‍കുന്നവര്‍ വാക്‌സിന്‍ എടുത്തവരുമായിരിക്കണം.

ഷോപ്പിംഗ് മാളുകള്‍, കമേഴ്‌സ്യല്‍ കോംപ്ലക്‌സുകള്‍ എന്നിവയ്ക്ക് ശേഷിയുടെ 75 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇവിടങ്ങളിലെ ഫുഡ് കോര്‍ട്ടുകളില്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഇവിടങ്ങളിലെ പ്രാര്‍ഥിനാ ഹാളുകള്‍, ചെയ്ഞ്ചിംഗ് മുറികള്‍, ടോയ്‌ലെറ്റുകള്‍ എന്നിവയ്ക്ക് ആരോഗ്യ വകുപ്പിന്റെ നിബന്ധനകള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാം.

റെസ്‌റ്റൊറന്റുകള്‍, കഫേകള്‍ എന്നിവയോട് ചേര്‍ന്നുള്ള തുറസ്സായ സ്ഥലങ്ങളില്‍ ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റുള്ള സ്ഥാപനങ്ങളാണെങ്കില്‍ 75 ശതമാനം ശേഷിയിലും വാണിജ്യ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ ശേഷിയുടെ 40 ശതമാനത്തിലും പ്രവര്‍ത്തിക്കാം. റെസ്റ്റൊറന്റുകള്‍ക്ക് അകത്താണെങ്കില്‍ ഖത്തര്‍ ക്ലീന്‍ സ്ഥാപനങ്ങള്‍ക്ക് അമ്പതും അല്ലാത്തവയ്ക്ക് മുപ്പതും ശതമാനം ശേഷിയില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാനാവൂ. വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കുടുംബത്തോടൊപ്പമാണെങ്കില്‍ മാത്രമേ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കാവൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.