
സ്വന്തം ലേഖകൻ: മിലിപോൾ ആഭ്യന്തര സുരക്ഷ പ്രദർശനവേളയിൽ മന്ത്രാലയം പുറത്തിറക്കിയ ‘ഡിജിറ്റൽ ഐ.ഡി’ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലൂടെ ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ ദിവസമാണ് ആദ്യഘട്ടമെന്ന നിലയിൽ ആപ്പ് സ്റ്റോർ വഴി പുറത്തിറക്കിയത്. ‘ക്യൂ.ഡി.ഐ’എന്ന പേരിൽ സർച് ചെയ്ത് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഐ.ഡി നമ്പർ നൽകിയോ സ്കാൻ ചെയ്തോ രജിസ്ട്രേഷൻ ചെയ്യാം. തുടർന്ന്, ഉപയോക്താവിന്‍റെ മുഖം സ്കാൻ ചെയ്താൽ ഡിജി ഐ.ഡി പ്രവർത്തനക്ഷമമാവും.
പൊതുജനങ്ങൾ ഉപയോഗിക്കുന്ന ഖത്തർ ഐഡിയെ തീർത്തും ഡിജിറ്റലാക്കി മാറ്റുന്ന വിധത്തിലാണ് പുതിയ ആപ്ലിക്കേഷൻ. സൈബർ ഇടങ്ങളിൽ ഐ.ഡി ഉപയോഗിക്കുമ്പോൾ ഏറെ സുരക്ഷിതത്വവും ഉറപ്പാക്കുന്നു. ഖത്തർ ദേശീയ വിഷൻ 2030ന്‍റെ ഭാഗമായി ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണിത്.
ഉപയോക്താക്കളുടെ ഡിജിറ്റല്‍ ഐഡന്റിറ്റിയില്‍ ഉയര്‍ന്ന വിശ്വാസ്യത കൈവരിക്കാന്‍ കഴിയുന്നതും സുരക്ഷിതവും ഉപയോഗിക്കാന്‍ എളുപ്പവുമായ ആപ്ലിക്കേഷനായിരിക്കും ഖത്തർ ഡിജിറ്റൽ ഐ.ഡി കാർഡ്. സേവനം ഉപയോഗിക്കാന്‍ അർഹനായ വ്യക്തികളുടെ ഐഡന്റിറ്റിയും സാധുതയും ആധികാരികമാക്കുന്നതിനൊപ്പം ഇന്റര്‍നെറ്റുകളിലൂടെയുള്ള ഇലക്ട്രോണിക് ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കി സുരക്ഷിത സൈബര്‍ ഇടങ്ങള്‍ എന്ന ആശയത്തിനും ആപ്ലിക്കേഷന്‍ വഴിയൊരുക്കും.
വ്യക്തികളുടെ ഇലക്ട്രോണിക് സിഗ്‌നേച്ചറുമായി ബന്ധിപ്പിച്ചാണ് ഉപയോക്താവിന്റെ ഐഡന്റിറ്റി തയാറാക്കുന്നത്. ദേശീയ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ഐഡന്റിറ്റിയിലുണ്ടാകും. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള ഇലക്ട്രോണിക് ഇടപാടുകള്‍ അംഗീകരിക്കുന്നതിനും ഇടപാടുകളെ സൈബര്‍ തട്ടിപ്പുകളില്‍നിന്ന് സംരക്ഷിക്കുന്നതിനുമാണ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്.
ആഭ്യന്തര മന്ത്രാലയത്തിലെ ഡിജിറ്റൽ ഇടപാടുകൾ സംബന്ധിച്ച രേഖകൾ സൂക്ഷിക്കാനും സേവന ഇടപാടുകൾ ലഭ്യമാക്കാനുമായി ഡിജിറ്റൽ വാലറ്റും ആപ്ലിക്കേഷനിലുണ്ട്. ഖത്തർ ഐ.ഡി കാർഡിനൊപ്പം, ഡ്രൈവിങ് ലൈസന്‍സ്, വാഹന ലൈസന്‍സ് എന്നിവയുടെയെല്ലാം ഡിജിറ്റല്‍ കോപ്പിയും പുതുതായി അവതരിപ്പിക്കുന്ന ആപ്ലിക്കേഷന്‍റെ വാലറ്റിൽ ലഭ്യമാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല