1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2022

സ്വന്തം ലേഖകൻ: ജനപിന്തുണ ഏറ്റുവാങ്ങി മൂന്നാം വാർഷികാഘോഷ നിറവിൽ ദോഹ മെട്രോ. വാർഷികത്തിന്റെ ഭാഗമായി യാത്രക്കാർക്കായി 3 റിയാലിന്റെ പ്രത്യേക ഡേ പാസും. 3 റിയാലിന് പ്രത്യേക മൂന്നാം വാർഷിക ഡേ പാസ് എടുത്താൽ ഒരു ദിവസം മുഴുവൻ യാത്ര ചെയ്യാം.

8, 9, 10 തീയതികളിൽ മാത്രമേ 3 റിയാലിന്റെ ഡേ പാസ് ലഭിക്കൂ. ദോഹ മെട്രോ സ്‌റ്റേഷനുകളിലെ ട്രാവൽ കാർഡ് വെൻഡിങ് മെഷീനുകളിൽ നിന്നോ ഗോൾഡ് ക്ലബ് ഓഫിസുകളിൽ നിന്നോ 3 റിയാലിന്റെ പേപ്പർ ടിക്കറ്റ് ലഭിക്കും. 2019 മേയ് 8നാണ് ദോഹ മെട്രോയുടെ സർവീസ് തുടങ്ങിയത്. 3 വർഷം കൊണ്ട് ഓടിത്തീർത്തത് 44,000 കിലോമീറ്ററിൽ അധികം.

അൽ ഖ്വാസർ മുതൽ അൽ വക്ര സൗത്ത് വരെ നീണ്ട റെഡ്‌ലൈനിലായിരുന്നു ആദ്യ സർവീസ്. സർവീസ് 3 വർഷം പൂർത്തിയായപ്പോഴേക്കും വക്രയിൽ നിന്ന് അൽ ഖ്വാസർ വരെയായിരുന്ന സർവീസ് കത്താറ, ലഗ്താഫിയ, ഖത്തർ യൂണിവേഴ്‌സിറ്റിയും കടന്ന് ലുസെയ്ൽ ക്യൂഎൻബി വരെ നീട്ടി. 2019 നവംബറിൽ റാസ് ബു അബൗദിൽ നിന്ന് അൽ അസീസിയ വരെ നീളുന്ന ഗോൾഡ് ലൈനിലും ഡിസംബറിൽ അൽ മൻസൂറയിൽ നിന്ന് അൽ റിഫ (മാൾ ഓഫ് ഖത്തർ) വരെ നീളുന്ന ഗ്രീൻ ലൈനിലും ദോഹ മെട്രോ ഓടിത്തുടങ്ങി.

പ്രവര്‍ത്തനം തുടങ്ങിയ നാള്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 15 ലക്ഷത്തിലധികം യാത്രാ കാര്‍ഡുകളാണ് (സ്റ്റാന്‍ഡേര്‍ഡ്,ഗോള്‍ഡ് ക്ലബ് )വിതരണം ചെയ്തത്. 13 റൂട്ടുകളില്‍ ഓടിത്തുടങ്ങിയ ദോഹ മെട്രോയുടെ മെട്രോലിങ്ക് ബസുകള്‍ ഇന്ന് 37 സ്‌റ്റേഷനുകളില്‍ നിന്നായി 43 റൂട്ടുകളിലാണ് ഓടുന്നത്. ലിമിറ്റഡ് യൂസ്, സ്റ്റാൻഡേർഡ്, ഗോൾഡ് എന്നിങ്ങനെയായിരുന്നു ആദ്യകാലത്തെ യാത്രാ കാർഡുകൾ. പിന്നീട് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ലിമിറ്റഡ് യൂസിനുള്ള പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കി.

3 വർഷം കൊണ്ട് ദോഹ മെട്രോ ജനജീവിതത്തിന്റെ ഭാഗമായി മാറി. യാത്രക്കാർക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാൻ മെട്രോ സ്‌റ്റേഷനുകളുടെ 4-5 കിലോമീറ്റർ പരിധിയിൽ യാത്രക്കാർക്കായി സൗജന്യ മെട്രോ ലിങ്ക് ബസുകളും മെട്രോ എക്‌സ്പ്രസ് ടാക്‌സിയും ഉൾപ്പെടെയുള്ള സേവനങ്ങൾ തുടങ്ങിയതോടെ ദോഹ മെട്രോ കൂടുതൽ ജനകീയമായി.

ഗതാഗത കുരുക്കിൽ പെടാതെ കൃത്യ സമയത്ത് ഓഫിസിലും തിരികെ വീട്ടിലുമെത്താം എന്നതാണ് ദോഹ മെട്രോയെ ജനകീയമാക്കിയത്. 12 മെട്രോ സ്‌റ്റേഷനുകളിൽ യാത്രക്കാർക്ക് വാഹനം പാർക്ക് ചെയ്യാൻ പാർക്ക് ആൻഡ് റൈഡ് സൗകര്യവുമുണ്ട്. രാജ്യത്ത് പ്രധാന കായിക ടൂർണമെന്റുകൾ നടക്കുമ്പോഴും കാണികൾക്ക് ദോഹ മെട്രോയിൽ യാത്ര സൗജന്യമാണ്. പ്രവാസികളിൽ വിദ്യാർഥികൾ മുതൽ ഓഫിസ് ജീവനക്കാർ വരെ ദോഹ മെട്രോയിലാണ് സ്‌കൂളുകളിലേക്കും ഓഫിസുകളിലേക്കും യാത്ര ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.