1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2023

സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന്റെ ഉജ്വല വിജയത്തിന് പിന്നാലെ ലോക വിനോദ സഞ്ചാരികളെ വീണ്ടും ഖത്തറിലേക്ക് ആകര്ഷിക്കാന് ‘ഫീല് വിന്റര് ഇന് ഖത്തര്’ കാമ്പയിനുമായി ഖത്തര് ടൂറിസം. ഖത്തറിലെ ശൈത്യകാലം ആസ്വദിക്കുവാനും വരും ദിവസങ്ങളിലായി ഒരുക്കിയിട്ടുള്ള വിവിധ വിനോദ, സംഗീത പരിപാടികള് ആസ്വദിക്കാനും രാജ്യത്തിനകത്തും പുറത്തും നിന്ന് ധാരാളം സന്ദര്ശകര് എത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഖത്തര് ടൂറിസം മാര്ക്കറ്റിംഗ് ആന്ഡ് പ്ലാനിംഗ് മേധാവി ശെയ്ഖ ഹിസ്സ അല് താനി പറഞ്ഞു.

സംഭവ ബഹുലമാണ് ഖത്തര് ടൂറിസത്തിന്റെ ശൈത്യകാല ഷെഡ്യൂളെന്നും ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികളെ കുടുംബ സമേതം ഖത്തറിലെത്തിക്കുകയാണ് ക്യാംപയിനിലൂടെ ഖത്തര് ലക്ഷ്യമിടുന്നതെന്നും അവര് അറിയിച്ചു. സന്ദര്ശകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്ത്തിയാക്കി ഖത്തര് ടൂറിസം കാത്തിരിക്കുകയാണെന്നും അവര് അറിയിച്ചു. ജനുവരി, ഫെബ്രുവരി, മാര്ച്ച് മാസങ്ങളില് നീണ്ടു നില്ക്കുന്നതാണ് ‘ഫീല് വിന്റര് ഇന് ഖത്തര്’ കാമ്പെയ്ന്.

ആരെയും മോഹിപ്പിക്കുന്ന പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. വിനോദ, സംഗീത പരിപാടികള്ക്കു പുറമെ, ആഢംബര ബ്രാന്ഡ് എക്സിബിഷനുകള് മുതല് ചടുലമായ കാര്ണിവല് സമാനമായ ആഘോഷ പരിപാടികള് വരെ കാമ്പെയിനിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.

ലോകത്തിലെ 95 രാജ്യങ്ങള്ക്കായി ഖത്തര് വീസ ഓണ് അറൈവല് സൗകര്യം കഴിഞ്ഞ വര്ഷം പ്രഖ്യാപിച്ചിരുന്നു. ഈ രാജ്യങ്ങളുടെ പാസ്പോര്ട്ട് ഉള്ളവര്ക്ക് മുന്കൂട്ടി വാസി എടുക്കാതെ ഖത്തറിലേക്ക് വിമാനം കയറാന് കഴിയും. വിമാനത്താവളത്തിലെത്തിയ ശേഷം വീസ എടുത്താല് മതിയാവുമെന്നും അല് താനി ചൂണ്ടിക്കാട്ടി. അതേസമയം, ബഹ്റൈന്, കുവൈത്ത്, ഒമാന്, സൗദി അറേബ്യ, യുഎഇ എന്നീ ഗള്ഫ് സഹകരണ കൗണ്സില് (ജിസിസി) രാജ്യങ്ങളിലെ പൗരന്മാര്ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വീസ ആവശ്യമില്ല.

ഈ രാജ്യങ്ങളില് നിന്നുള്ള കൂടുതല് സന്ദര്ശകര് ഫീല് വിന്റര് ഇന് ഖത്തര് പരിപാടികളില് പങ്കാളികളാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര് പറഞ്ഞു. കഴിഞ്ഞ വര്ഷം ഡിസംബറില് ആരംഭിച്ച ഖത്തര് ടൂറിസത്തിന്റെ ‘ഫീല് മോര് ഇന് ഖത്തര്’ ബ്രാന്ഡിന്റെ തുടര്ച്ചയെന്ന നിലയ്ക്കാണ് പുതിയ ഫീല് വിന്റര് ഇന് ഖത്തര് കാമ്പെയ്ന്. പ്രതിവര്ഷം ആറ് ദശലക്ഷം സന്ദര്ശകരെ ആകര്ഷിക്കുകയെന്ന ഖത്തര് ടൂറിസം സ്ട്രാറ്റജി 2030 ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗം കൂടിയാണിത്.

ശീതകാല കാമ്പെയ്നില് ഖത്തറിനെ ഒരു കുടുംബ സന്ദര്ശക കേന്ദ്രമാക്കി മാറ്റുമെന്ന് ഖത്തര് ടൂറിസം ഷെയര്ഡ് സര്വീസസ് ഡിപ്പാര്ട്ട്മെന്റ് ഡയറക്ടര് ഉമര് അല് ജാബിര് പറഞ്ഞു. ആഗോള വിനോദസഞ്ചാര ഭൂപടത്തില് ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘ആധികാരികതയുടെയും പാരമ്പര്യത്തിന്റെയും ലക്ഷ്യസ്ഥാനം’ എന്ന നിലയില് ഖത്തറിന്റെ ലാന്ഡ്മാര്ക്കുകളും വിനോദവും ബിസിനസ്സ് പ്രവര്ത്തനങ്ങളും ആസ്വദിക്കാന് ലോകജനത ഇഷ്ടപ്പെടുന്നു.

ഈ വര്ഷത്തെ അറബ് ടൂറിസം തലസ്ഥാനമായി ഖത്തര് തെരഞ്ഞെടുക്കപ്പെടാനുള്ള കാരണം അതാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഹമദ് ഇന്റര്നാഷണല് എയര്പോര്ട്ടും ലോകത്തിലെ ഏറ്റവും മികച്ച എയര്ലൈനായ ഖത്തര് എയര്വേയ്സും ഇക്കാര്യത്തില് ഖത്തര് ടൂറിസത്തിന് പിന്തുണയുമായി കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഫീല് വിന്റര് ഇന് ഖത്തര്’ കാമ്പെയ്നില് എല്ലാ വിഭാഗം ആളുകള്ക്കും ആസ്വദിക്കാനുള്ള നിരവധി ഇവന്റുകള് ഒരുക്കിയിട്ടുണ്ടെന്നും ഖത്തര് ടൂറിസം അറിയിച്ചു. ജനുവരി 28 ശനിയാഴ്ച വരെ നടക്കുന്ന സ്വപ്നതുല്യമായ ഹോട്ട് എയര് ബലൂണ് ഫെസ്റ്റിവല്, ജനുവരി 26 മുതല് 28 വരെ കത്താറ ആംഫിതിയേറ്ററില് നടക്കുന്ന തത്സമയ ഡിസ്നി പ്രിന്സസ് കണ്സേര്ട്ട്, ഫെബ്രുവരി 20 മുതല് 25 വരെ നടക്കുന്ന ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന്, മാര്ച്ച് 1 മുതല് 11 വരെ നടക്കുന്ന ഖത്തര് ഇന്റര്നാഷണല് ഫുഡ് ഫെസ്റ്റിവല് തുടങ്ങിയവ അവയില് ചിലതു മാത്രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.