1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2023

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അനധികൃത കുടിയേറ്റം തടയാൻ വിവാദ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്ത് അനധികൃതമായി കുടിയേറുന്ന വിദേശികളെ പിടികൂടുന്ന പക്ഷം തങ്ങളുടെ രാജ്യത്തേക്ക്‌ തിരിച്ചയക്കണമെന്ന് അവകാശപ്പെടാനുള്ള സാഹചര്യം അവര്‍ക്ക്‌ ഉണ്ടാകില്ലെന്ന് സുനക് മുന്നറിയിപ്പ് നൽകി.

നിങ്ങൾ അനധികൃതമായിട്ടാണ് ഇവിടെ എത്തിയതെങ്കില്‍ നിയമപരമായ ഒരു ആനുകൂല്യവും നിങ്ങള്‍ക്ക്‌ ലഭിക്കുകയില്ല. നിങ്ങൾക്ക് രാജ്യത്ത് തുടരാൻ സാധിക്കില്ലെന്ന് മാത്രമല്ല, മനുഷ്യാവകാശങ്ങൾ ആവശ്യപ്പെടാൻ സാധിക്കില്ലെന്നും സുനക് ട്വീറ്റ് ചെയ്തു.

അനധികൃതമായി രാജ്യത്തെത്തുന്നവരെ തടവിലാക്കുമെന്ന് വ്യക്തമാക്കിയ സുനക് ഒരാഴ്ചക്കുള്ളിൽ തന്നെ അവരെ രാജ്യത്തു നിന്ന് നാടുകടത്തുമെന്നും കൂട്ടിച്ചേർത്തു. ‘അനധികൃതമായി എത്തിയവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതാണ് സുരക്ഷിതമെങ്കിൽ അങ്ങനെ ചെയ്യും. അല്ലെങ്കിൽ റുവാണ്ട പോലുള്ള മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്തും.

മാത്രമല്ല, അമേരിക്ക ഓസ്‌ട്രേലിയ രാജ്യങ്ങളിലേക്ക് പിന്നീടൊരിക്കലും അത്തരക്കാർക്ക് തിരിച്ചു പോകാന്‍ സാധിക്കാത്ത വിധത്തിൽ വിലക്ക് ഏർപ്പെടുത്തും’ സുനക് വ്യക്തമാക്കി. ചെറിയ ബോട്ടുകളിലായി ഇംഗ്ലീഷ് ചാനൽ കടന്ന് രാജ്യത്തെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാൻ വേണ്ടിയിട്ടാണ് ബ്രിട്ടനിൽ അനധികൃത കുടിയേറ്റ ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്.

എന്നാൽ ബില്ലിനെതിരെ വലത് പക്ഷ സംഘങ്ങളും പ്രതിപക്ഷ പാർട്ടികളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് നടപ്പിലാക്കാൻ സാധിക്കുന്ന കാര്യമല്ലെന്നും അഭയാർഥികളെ ബലിയാടാക്കുന്ന ഉത്തരവാണെന്നുമാണ് ഉയരുന്ന വിമർശനം. കഴിഞ്ഞ വർഷം മാത്രം ചെറുബോട്ടുകളിൽ കൂടി കടൽമാർഗം 45,000ത്തോളം കുടിയേറ്റക്കാരാണ്‌ രാജ്യത്ത് എത്തിയതെന്നാണ് റിപ്പോർട്ടുകൾ. 2018 മുതൽ വൻ വർധനവാണ് കുടിയേറ്റക്കാരിൽ ഉണ്ടാകുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.