1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2024

സ്വന്തം ലേഖകൻ: ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിയെന്ന് അറിയപ്പെടുന്ന സജു ടി എസിന്റെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയേക്കും. തുടർച്ചയായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും നടപടി. ഇന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപാകെ ഹാജരായ സജു ടി എസും മറ്റ് രണ്ട് സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ നിർബന്ധിത സേവനം ആരംഭിച്ചു.

സഞ്ജു ടെക്കി നിരന്തരമായി മോട്ടോർ വാഹന നിയമലംഘനം നടത്തുന്നു എന്ന റിപ്പോർട്ട് എംവി‍ഡി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. എംവി‍ഡിയെയും മാധ്യമങ്ങളെയും പരിഹസിച്ചുള്ള സജു ടി എസിന്റെ യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈക്കോടതി എംവി‍ഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിനു സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്. 160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട്‌ ചെയ്തുള്ള ഡ്രൈവിംഗ്. ആഡംബര വാഹനങ്ങൾ രൂപമാറ്റം വരുത്തി നിരത്തിലിറക്കി. യുട്യൂബ് ചാനലിൽ ആർടിഒ നടത്തിയ പരിശോധനയിലാണ് കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. നിയമലംഘനങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് എം വി ഡി സജു ടി എസിന് കൈമാറിയിരുന്നു.

ഇന്ന് ആലപ്പുഴ മുൻപിൽ ഹാജരായി നാളെ അഭിഭാഷകൻ മുഖേന വിശദീകരണം നൽകാമെന്ന് അറിയിച്ചു. വിശദീകരണം നൽകാൻ ഏഴുദിവസം സമയപരിധിയുണ്ട്. തുടർന്ന് സജുവും ഓടുന്ന വാഹനത്തിൽ കുളിച്ച മറ്റ് രണ്ട് സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളജിൽ ഇന്നുമുതൽ നിർബന്ധിത സേവനം ആരംഭിച്ചു. 15 ദിവസത്തേക്കാണ് സേവനം. അതേസമയം എം വി ഡി കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 13ന് ഹൈക്കോടതി സഞ്ജുവിനെതിരെ കൂടുതൽ നടപടികൾക്ക് നിർദ്ദേശം നൽകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.