1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2021

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള വിമാനങ്ങള്‍ക്ക് യാത്രാ നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് അര ലക്ഷം റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി കൈക്കൊണ്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയായിരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇങ്ങനെ യാത്രാ നിരോധനമുള്ള രാജ്യങ്ങളില്‍ നിന്ന് നിയമം പാലിക്കാതെ വരുന്നവര്‍ക്ക് മാത്രമല്ല, അവര്‍ യാത്ര ചെയ്യുന്ന വിമാനം ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരേയും പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. രാജ്യത്തെത്തുന്ന വിമാനങ്ങളും കപ്പലുകളും ഉള്‍പ്പെടെ യാത്രാ നിരോധനമുള്ള രാജ്യം വഴിയല്ല വരുന്നതെന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ ഉത്തരവിട്ടു.

ഇത് മറച്ചുവയ്ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം രൂക്ഷമായ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയില്‍ യാത്രാ വിലക്ക് തുടരുന്നുണ്ട്.

ഇന്ത്യയ്ക്കു പുറമെ, അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ലിബിയ, സിറിയ, ഇറാന്‍, ഇന്ത്യ, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനാന്‍, പാക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, വിയറ്റ്നാം, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്രാവിലക്കുള്ളത്. കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണകൂടം റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സൗദി പൗരന്‍മാര്‍ക്ക് മൂന്നു വര്‍ഷം യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.