
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ 92 ആം ദേശീയദിനാചരണം പ്രമാണിച്ച് സൗദി എയർലൈൻസ് ആഭ്യന്തര യാത്ര ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. ഒരു വശത്തേക്ക് 92 റിയാൽ മുതൽ സൗദിയിലെ വിവിധ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാമെന്നാണ് വിമാന കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് മുതൽ 23 വരെ സൗദിയ വെബ്സൈറ്റിൽ നിന്നും ടിക്കറ്റ് എടുക്കുന്നവർക്കാണ് ആനുകൂല്യമുള്ളത്. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള തീയതിക്കുള്ളിൽ ഇക്കോണമി വിഭാഗത്തിലെ ഗസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് ആനുകൂല്യം. നേരിട്ടുള്ള വിമാന സർവീസിന് മാത്രമാണ് നിരക്കിളവ് ബാധകമാവുകയെന്നും സൗദി എയർലൈൻസ് അറിയിച്ചു.
സൗദി അറേബ്യയുടെ തൊണ്ണൂറ്റി രണ്ടാമത് ദേശീയ ദിനാഘോഷ പരിപാടികള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി പുരോഗമിക്കുന്നു. സെപ്റ്റംബര്‍ 23 ദേശീയ ദിനമായി ആചരിക്കുന്നതിന്റെ മുന്നോടിയായി വിവിധ പ്രവിശ്യകളില്‍ സൈനിക വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങള്‍ സൗദിയുടെ മണ്ണിലും ആകാശത്തും ദൃശ്യവിസ്മയങ്ങള്‍ തീര്‍ത്തു.
ജിദ്ദ, അല്‍ഖോബാര്‍, ദമാം, ജുബൈല്‍, അല്‍ഹസ, തായിഫ്, തബൂക്ക്, അബഹ, സറാത്ത് അബീദ, ഖമീസ് മുശൈത്ത്, അല്‍ബാഹ എന്നിവിടങ്ങളില്‍ കര, നാവിക, സൈനിക വിഭാഗങ്ങളുടെ ഉജ്വല പ്രകടനങ്ങളാണ് നടന്നുവരുന്നത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ ഈ മാസം 26 വരെ നീണ്ടുനില്‍ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല