1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2023

സ്വന്തം ലേഖകൻ: സൗദി സ്വകാര്യ മേഖലയിലെ ബസ് ഡ്രൈവര്‍ തസ്തികകളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുവാനുള്ള പദ്ധതിയുമായി പൊതുഗതാഗത അതോറിറ്റി. ഡ്രൈവര്‍ മേഖലയില്‍ സ്വദേശികള്‍ക്ക് ആവശ്യമായ പരിശീലനവം പിന്തുണയും നല്‍കുകയെന്ന ലക്ഷ്യത്തോടെ പൊതുഗതാഗത അതോറിറ്റിയും സാപ്റ്റ്കോയും (സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി) സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരു ഏജന്‍സികളും ധാരണാപത്രം ഒപ്പുവെച്ചതായി അധികൃതര്‍ അറിയിച്ചു. റിയാദില്‍ പൊതുഗതാഗത അതോറിറ്റി ആസ്ഥാനത്തു വെച്ച് പൊതുഗതാഗത അതോറിറ്റി അണ്ടര്‍ സെക്രട്ടറി ഡോ. ഉമൈമ ബാമസ്ഖും സാപ്റ്റ്കോ സിഇഒ തുര്‍ക്കി അല്‍ സുബൈഹിയുമാണ് ധാരണാപത്ത്രതില്‍ ഒപ്പുവെച്ചത്.

രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനായി അവര്‍ക്ക് കൂടുതല്‍ തൊഴിലുകളില്‍ പരിശീലനം നല്‍കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സ്വകാര്യ മേഖലകളില്‍ ഉള്‍പ്പൈടെയുള്ള ഡ്രൈവര്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ ഇരു വിഭാഗവും ധാരണയായത്.

സ്വദേശിവല്‍ക്കരണത്തിന്റെ കാര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കാനും സ്വദേശികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് അതോറിറ്റി അറിയിച്ചു. അതോടൊപ്പം രാജ്യത്തെ ഗതാഗത, ലോജിസ്റ്റിക്കല്‍ സേവനങ്ങളുടെ വികസനം ഉറപ്പാക്കാനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം ഉയര്‍ത്താനും പൊതുഗതാഗത അതോറിറ്റിയുടെ സ്വദേശിവല്‍ക്കരണ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതായും അതോറിറ്റി വ്യക്തമാക്കി.

സ്വദേശിവല്‍ക്കരണത്തില്‍ സ്വകാര്യ മേഖലയെ സഹായിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കും. പൊതുഗതാഗത അതോറിറ്റിയും സാപ്റ്റ്കോ കമ്പനിയും ഒപ്പുവെച്ച ധാരണാപത്രം പ്രകാരമുള്ള പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഡ്രൈവിംഗ് പരിശീലനം, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ ലഭ്യമാക്കല്‍ എന്നിവക്ക് അതോറിറ്റി സാമ്പത്തിക സഹായം നല്‍കും.

കൂടാതെ സാപ്റ്റ്കോയില്‍ ഡ്രൈവര്‍മാരായി നിയമിക്കുന്ന സ്വദേശികളുടെ വേതന വിഹിതം നിശ്ചിത കാലത്തേക്ക് മാനവശേഷി വികസന നിധിയും വഹിക്കും. ബസ് ഡ്രൈവര്‍ തൊഴില്‍ സ്വദേശിവല്‍ക്കരിക്കാന്‍ മറ്റു നിരവധി പ്രോത്സാഹനങ്ങളും നല്‍കും.

ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മേഖലയില്‍ ബസ് ഡ്രൈവര്‍ ജോലിയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ മേഖലയില്‍ സ്വദേശികളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുഗതാഗത അതോറിറ്റിയും സാപ്റ്റ്കോ കമ്പനിയും കരാര്‍ ഒപ്പുവെച്ചതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. സ്വദേശികളെ ശാക്തീകരിക്കാനും സേവന ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്തുന്നതില്‍ സ്വദേശികളുടെ പങ്ക് വര്‍ധിപ്പിക്കാനും ദേശീയ ഗതാഗത, ലോജിസ്റ്റിക് തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നു. പരിശീലനത്തിലൂടെയും ജോലി നല്‍കിയും സ്വദേശികളുടെ ശേഷികള്‍ ഉയര്‍ത്താനും കരാര്‍ സഹായിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.