1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2022

സ്വന്തം ലേഖകൻ: സൗദിയില്‍ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന സൗദിവല്‍ക്കരണ നടപടികളുടെ ഭാഗമായി ആറു തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിഹിയാണ് പ്രഖ്യാപിച്ചത്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുതിയ സ്വദേശിവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് അദ്ദേഹം അറിയിച്ചു.

ലൈസന്‍സ് ആവശ്യമായുള്ള ഏവിയേഷന്‍ ജോലികള്‍, ഒപ്റ്റിക്സ് ജോലികള്‍, കസ്റ്റമര്‍ കെയര്‍ ജോലികള്‍, പതിവ് വാഹന പരിശോധനാ പ്രവര്‍ത്തനങ്ങള്‍, തപാല്‍ സേവന ഔട്ട്ലെറ്റുകള്‍, പാഴ്സല്‍ ഡെലിവറി ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളിലെ ജോലികള്‍, ഏഴ് സാമ്പത്തിക മേഖലയിലെ വില്‍പ്പന ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുക. ഈ മേഖലകളില്‍ പൂര്‍ണമായോ ഭാഗികമായോ സൗദികളെ നിയമിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതുവഴി 33,000ത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തവും സംഭാവനകളും വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈസന്‍സുള്ള വ്യോമയാന മേഖലയിലെ തൊഴിലുകളില്‍ രണ്ട് ഘട്ടങ്ങളിലായാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക. ആദ്യ ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ച് 15ന് ആരംഭിക്കും. സഹ പൈലറ്റ്, എയര്‍ കണ്‍ട്രോളര്‍, എയര്‍ ഡെസ്പാച്ചര്‍ എന്നീ തസ്തികളില്‍ 100 ശതമാനവും സൗദികള്‍ക്ക് മാത്രമാക്കും. ഇതിനു പുറമെ, ഏവിയേഷന്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് തസ്തികയിലെ 60 ശതമാനം ജോലികളും ഫ്ളൈറ്റ് അറ്റന്‍ഡന്റ് അധവാ എയര്‍ ഹോസ്റ്റസ് തസ്തികയില്‍ 50 ശതമാനം ജോലികളും ആദ്യ ഘട്ടത്തില്‍ സൗദികള്‍ക്ക് സംവരണം ചെയ്യും. ഈ മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടം 2024 മാര്‍ച്ച് മുതലാണ് ആരംഭിക്കുക.

ഈ ഘട്ടത്തില്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് മേഖലയില്‍ 70 ശതമാനവും എയര്‍ ഹോസ്റ്റസ് തസ്തികയില്‍ 60 ശതമാനവും സ്വദേശിവത്കരിക്കും. ഈ മേഖലയിലെ തൊഴിലുകളില്‍ അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ബാധകമായിരിക്കും. ഈ മേഖലയിലെ ജീവനക്കാര്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനില്‍നിന്ന് പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ നേടേണ്ടതുണ്ടെന്നും മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ രണ്ടു ഘട്ടങ്ങളിലായുള്ള സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതോടെ 4,000ത്തിലധികം സൗദികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

2023 മാര്‍ച്ച് 18 മുതലാണ് ഒപ്റ്റിക്കല്‍ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക. നാലോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന സൗദിയിലെ എല്ലാ ഒപ്റ്റിക് സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാര്‍ സ്വദേശികളാവണമെന്നതാണ് പുതിയ വ്യവസ്ഥ. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഒപ്റ്റിക്കല്‍ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മെഡിക്കല്‍ ഒപ്റ്റിക്സ് ടെക്നീഷ്യന്‍, ഫിസിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍, ലൈറ്റ് ആന്റ് ഒപ്റ്റിക്സ്, ഒപ്റ്റിക്കല്‍ ടെക്നീഷ്യന്‍ എന്നീ തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. ഒപ്റ്റിക്കല്‍സ് മേഖലയില്‍ സ്വദേശിവല്‍ക്കരണ പരിധിയില്‍ വരുന്ന ജീവനക്കാര്‍ സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റിയില്‍ നിന്ന് പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ നേടണമെന്നും വ്യവസ്ഥയുണ്ട്. ഈ മേഖലയില്‍ 5,500 റിയാലായിരിക്കും സൗദികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ വേതനം. ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വഴി 1,000ത്തില്‍ അധികം തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭിക്കുമെന്നണ് വിലയിരുത്തല്‍.

മോട്ടോര്‍ വാഹനങ്ങളുടെ പതിവ് ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ മേഖലയില്‍ രണ്ട് ഘട്ടങ്ങളായാണ് സ്വദേശിവത്കരണം നടപ്പാക്കുക. ആദ്യ ഘട്ടം 50 ശതമാനവും രണ്ടാം ഘട്ടം 100 ശതമാനവും ജോലികള്‍ സ്വദേശിവത്കരിക്കും. സൈറ്റ് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ക്വാളിറ്റി മാനേജര്‍, ഫിനാന്‍ഷ്യല്‍ സൂപ്പര്‍വൈസര്‍, സൈറ്റ് സൂപ്പര്‍വൈസര്‍, ലെയിന്‍ ലീഡര്‍, ഇന്‍സ്പെക്ഷന്‍ ടെക്നീഷ്യന്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ഷന്‍ ടെക്നീഷ്യന്‍, മെയിന്റനന്‍സ് ടെക്നീഷ്യന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നീഷ്യന്‍, ഡാറ്റാ എന്‍ട്രി എന്നീ തസ്തികളിലാണ് പ്രധാനമായും സൗദികളെ മാത്രം നിയമിക്കുക. ഇതു വഴി 5,000ത്തില്‍ അധികം തൊഴിലവസരങ്ങളാണ് സൗദികള്‍ക്ക് ലഭിക്കുക. സ്വദേശിവത്കണം പ്രഖ്യാപിച്ചത് മുതല്‍ 12 മാസം മുതല്‍ സ്വദേശിവത്കരണ വ്യവസ്ഥ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം അറിയിച്ചു.

തപാല്‍, പാഴ്സല്‍ ഡെലിവറി മേഖലയില്‍ 14 ജോലികളാണ് സൗദിവല്‍ക്കരണ പ്രഖ്യാപനത്തില്‍ ഉള്‍പെടുന്നത്. ഈ വര്‍ഷം ഡിസംബര്‍ 17 മുതല്‍ തന്നെ ഈ ജോലികളില്‍ സ്വദേശിവല്‍ക്കരണം നിലവില്‍ വരും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) തസ്തിക പൂര്‍ണമായും സൗദിവല്‍ക്കരിക്കും. സീനിയര്‍ മാനേജ്മെന്റ് തലത്തിലെ മുന്‍ നിര ജോലികളില്‍ 60 ശതമാനവും സീനിയര്‍ മാനേജ്മെന്റിന്റെ തലത്തിലെ രണ്ടാം നിര ജോലികളില്‍ 70 ശതമാനവുമാണ് സൗദികള്‍ക്ക് മാത്രമായി സംവരണം ചെയ്യുക. സ്വദേശിവല്‍ക്കരണം വഴി ഈ മേഖലയില്‍ 7000ത്തില്‍ അധികം തൊഴിലവസരങ്ങള്‍ സൗദികള്‍ക്ക് ലഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

ഉപഭോക്തൃ സേവന മേഖലയില്‍ 100 ശതമാനമായിരിക്കും സ്വദേശിവല്‍ക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 17 മുതല്‍ തന്നെ തീരുമാനം നടപ്പില്‍ വരും. കസ്റ്റമര്‍ കെയര്‍ സര്‍വീസ് ഒരു കോര്‍ ജോലിയായോ സപ്പോര്‍ട്ടിംഗ് ജോലിയായോ ചെയ്യുന്നതോ അത് ഔട്ട്‌സോഴ്‌സ് ചെയ്യുന്നതോ ആയ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. ലീഡര്‍, സൂപ്പര്‍വൈസറി സ്ഥാനങ്ങളാണ് ഇതില്‍ ഉള്‍പെടുക. 4,000ത്തില്‍ അധികം തൊഴിലവസരങ്ങളാണ് ഇതു വഴി ലഭിക്കുക.

ഏഴ് സാമ്പത്തിക മേഖലകളിലെ വില്‍പ്പന ഔട്ട്ലെറ്റുകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. മൊത്തം തൊഴിലാളികളില്‍ 70 ശതമാനവും സ്വദേശിവല്‍ക്കരിക്കും. സുരക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഔട്ട്ലെറ്റുകള്‍, എലവേറ്ററുകള്‍, എസ്‌കെലേറ്ററുകള്‍, കണ്‍വെയറുകള്‍ എന്നിവയുടെ ഔട്ട്ലെറ്റുകള്‍, കൃത്രിമ പുല്ല്, നീന്തല്‍ക്കുളങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ എന്നിവയുടെ ഔട്ട്ലെറ്റുകള്‍, ജല ശുദ്ധീകരണ ഉപകരണങ്ങള്‍, നാവിഗേഷന്‍ ഉപകരണങ്ങള്‍ എന്നിവുയടെ വില്‍പ്പന ഔട്ട്ലെറ്റുകള്‍, കാറ്ററിംഗ് ഉപകരണങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, യാത്രാ സാമഗ്രികള്‍, ഷൂട്ടിംഗ് ആയുധങ്ങള്‍, എയര്‍സോഫ്റ്റ് തോക്കുകള്‍, പിക്‌നിക്ക് സാമഗ്രികള്‍, പാക്കേജിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളിലാണ് സ്വദേശവല്‍ക്കരണം നടപ്പിലാക്കുക.

ഈ മേഖലകളിലെ ബ്രാഞ്ച് മാനേജര്‍, സൂപ്പര്‍വൈസര്‍, കാഷ്യര്‍, കസ്റ്റമര്‍ അക്കൗണ്ടന്റ്, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് എന്നീ തസ്തികകളിലായിരിക്കും സ്വദേശികളെ നിയമിക്കുക. 12,000ത്തിലധികം തൊഴിലവസരങ്ങള്‍ ഇതു വഴി സ്വദേശികള്‍ക്ക് ലഭിക്കും. പ്രഖ്യാപനം വന്ന് 12 മാസത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും മന്ത്രാലയം പുറത്തുവിട്ടു.

മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പെടെ പ്രവാസികള്‍ ഏറെ ജോലി ചെയ്യുന്ന മേഖലകളില്‍ ഇതിനകം നടപ്പിലാക്കിയ സൗദിവല്‍ക്കരണം നൂലം ലക്ഷക്കണക്കിന് സൗദി പ്രവാസികള്‍ക്ക് നേരത്തേ തന്നെ ജോലികള്‍ നഷ്ടമായിരുന്നു. പുതിയ ആറ് മേഖലകളിലെ ജോലികള്‍ കൂടി സൗദികള്‍ക്ക് മാത്രമാക്കുന്നതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവും. മികച്ച ജോലികളൊന്നും പ്രവാസികള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് പ്രവാസികള്‍ നേരിടേണ്ടിവരിക. പ്രവാസികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ വിദേശികള്‍ക്കു പകരം സ്വദേശികളെ നിയമിക്കേണ്ടിവരുന്നത് കൂടുതല്‍ സാമ്പത്തിക ബാധ്യതകളും ഉണ്ടാക്കും. പ്രാവിസകള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം സ്വദേശികള്‍ക്ക് നല്‍കേണ്ടിവരും എന്നതിനാലാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.