1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2022

സ്വന്തം ലേഖകൻ: നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യു.എ.ഇ. പൗരനെ വിട്ടയയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി സ്വപ്‌ന സുരേഷ്. ഇന്ത്യയില്‍ നിരോധനമുള്ള, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ‘തുറൈയ്യ’ ഫോണുമായി 2017 ഓഗസ്റ്റ് നാലിന് പിടിയിലായ യു.എ.ഇ. പൗരന് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് സ്വപ്‌നയുടെ ആരോപണം. യു.എ.ഇ. പൗരന്‍ നെടുമ്പാശ്ശേരിയില്‍ പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എഫ്‌.ഐ.ആര്‍. സഹിതമാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളെകണ്ട് ആരോപണം ഉന്നയിച്ചത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തുറൈയ്യ ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ഐ.എസ്.എഫ്. പരാതിയില്‍ യു.എ.ഇ. പൗരനെതിരേ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. കോണ്‍സുല്‍ ജനറല്‍ നിര്‍ദ്ദേശപ്രകാരം അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ താന്‍ ബന്ധപ്പെട്ടെന്നും അദ്ദേഹമാണ് മുഖ്യമന്ത്രി വഴി നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും സ്വപ്ന ആരോപിച്ചു. മക്കളുടെ ബിസിനസ്സ് താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇടപെടലുകളെന്നാണ് സ്വപ്‌നയുടെ ആരോപണം.

‘ഒരു യു.എ.ഇ. പൗരന്‍ പിടിക്കപ്പെട്ടു, നെടുമ്പാശേരി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് പറഞ്ഞ് കോണ്‍സുലേറ്റിലേക്ക് ഒരു കോള്‍ വന്നു. കോണ്‍സുല്‍ ജനറല്‍ എന്നെ വിളിച്ച് മുഖ്യമന്ത്രിയോട് സംസാരിക്കാനാവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ അടിയന്തിരമായി തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നു പറഞ്ഞു. ശിവശങ്കര്‍ സാറിനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് വിവരം അറിയിക്കാമെന്ന് പറഞ്ഞു.10 മിനിറ്റിനുള്ളില്‍ അദ്ദേഹം തിരിച്ചുവിളിച്ചു ശേഷം മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും പെട്ടെന്ന് തന്നെ പബ്ലിക്ക് റിലേഷന്‍ ഓഫീസറെ അങ്ങോട്ട് വിടാനും ആവശ്യപ്പെട്ടു.

തുടര്‍ന്ന് കോണ്‍സുലേറ്റിന്റെ ലെറ്റര്‍ ഹെഡ്ഡില്‍ സത്യവാങ്മൂലം തയ്യാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. കോണ്‍സുല്‍ ജനറലിന്റെ ഒപ്പ് വെച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് വാട്‌സ് ആപ്പില്‍ അയച്ചു നല്‍കി. ഈ പകര്‍പ്പ് വെച്ച് മെമ്മോ ഫയല്‍ ചെയ്ത് അയാളെ വിട്ടയച്ചു. ഒരു ഉറപ്പും തുടരന്വേഷണവുമില്ലാതെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. ജൂണ്‍ 30 മുതല്‍ ജൂലായ് നാല് വരെ അദ്ദേഹം എന്ത് ചെയ്യുകയാണെന്ന് പോലും നമുക്ക് അറിയില്ല. തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ച യുഎഇ പൗരന്‍ ഓഗസ്റ്റ് ഏഴിനു തന്നെ രാജ്യം വിട്ടു. ഈ കേസില്‍ പിന്നീട് തുടരന്വേഷണമുണ്ടായില്ല.’, സ്വപ്ന സുരേഷ് വെളിപ്പെടുത്തി.

സ്വര്‍ണക്കടത്ത് കേസ് എന്നു കേട്ടപ്പോള്‍ത്തന്നെ ദേശീയ അന്വേഷണ ഏജന്‍സികളെ ഇവിടേക്കു ക്ഷണിച്ച ആളാണ് മുഖ്യമന്ത്രി. 30-ാം തീയതി ഇവിടെയെത്തിയ ഈ യു.എ.ഇ. പൗരന്‍ നാലാം തീയതി പിടിയിലാകുന്നതുവരെ കേരളത്തില്‍ എന്തൊക്കെ ചെയ്തു എന്നതില്‍ യാതൊരു അന്വേഷണവും കൂടാതെ വിട്ടയയ്ക്കാന്‍ മുഖ്യമന്ത്രിയും ശിവശങ്കറും ഇടപെട്ടു. രാജ്യത്ത് നിന്ന് ഒരു തീവ്രവാദിയെ ഇവിടെനിന്നു രക്ഷപ്പെടുത്താനാണ് കോണ്‍സുലേറ്റിനെയും കോണ്‍സല്‍ ജനറലിനെയും ഇവര്‍ സഹായിച്ചത്.

പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍, വലിയ കുറ്റമാണോയെന്നാണ് കെ.ടി. ജലീല്‍ ചോദിച്ചത്. മുഖ്യമന്ത്രി തന്നെ തീവ്രവാദ പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുമ്പോള്‍ പ്രോട്ടോക്കോള്‍ ലംഘനം ഒരു വലിയ കുറ്റമായി അദ്ദേഹത്തിന് തോനുന്നുണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു തീവ്രവാദിയെ രക്ഷപ്പെടുത്താന്‍ യുഎഇ കോണ്‍സുലേറ്റിനെ സഹായിച്ചത് എന്തിനാണ് എന്ന് ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് നോക്കൂ. മുഖ്യമന്ത്രി മകള്‍ വീണയുടെ ബിസിനസ് സംബന്ധമായ ആവശ്യങ്ങളും സ്വകാര്യ ആവശ്യങ്ങളും നടത്തിയെടുക്കുന്നതിനാണ് അദ്ദേഹം നിയമവിരുദ്ധമായ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.