
സ്വന്തം ലേഖകൻ: മാര്‍ച്ച് ഒന്നു മുതല്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ടാക്‌സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന നിയമം യുഎഇയില്‍ നിലവില്‍ വന്നു. എന്നാല്‍ യുഎഇയില്‍ താമസിക്കുന്ന വിദേശികളെയും അവരുടെ സ്ഥാപനങ്ങളെയും സംസംബന്ധിച്ചിടത്തോളം ടാക്‌സ് റെസിഡന്‍സി നിയമം ഗുണമാണോ ദോഷമാണോ എന്ന കാര്യത്തില്‍ പലരും സംശയത്തിലാണ്.
എന്നാല്‍ ടാക്സ് റെസിഡന്‍സി നിര്‍ണയം സംബന്ധിച്ച് പുറപ്പെടുവിച്ച യുഎഇ മന്ത്രിതല തീരുമാനം യുഎഇയില്‍ താമസിക്കുന്ന പ്രവാസികളുടെ ജീവിതം സുഗമമാക്കുന്നതാണെന്നും അവര്‍ക്ക് ഗുണകരമാണെന്നുമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.
ഈ മാസം ആദ്യം, യുഎഇ ധനമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട് 2023 ലെ 27-ാം നമ്പര്‍ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്. 2022 ലെ 85-ാം നമ്പര്‍ കാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ടാക്‌സ് റെസിഡന്‍സി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. മറ്റു കാര്യങ്ങള്‍ക്കൊപ്പം യുഎഇയില്‍ ഒരു വ്യക്തി ശാരീരികമായി ഹാജരായിരിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാള്‍ യുഎഇയിലെ ടാക്‌സ് റസിഡന്റാണോ അല്ലയോ എന്ന് കണക്കാക്കുക.
‘ഇരട്ട നികുതി ഒഴിവാക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ യുഎഇ ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് മന്‍സൂര്‍ ലൂത്ത അഡ്വക്കേറ്റ്സ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്റ്സിലെ ലീഗല്‍ കൗണ്‍സല്‍ മുസ്തഫ ഹിഗാബ് പറഞ്ഞു. ‘പുതിയ കാബിനറ്റ് തീരുമാനത്തില്‍ ഏതെങ്കിലും വ്യക്തിയെയോ നിയമപരമായ സ്ഥാപനത്തെയോ യുഎഇയില്‍ ടാക്‌സ് റസിഡന്റ് ആയി വിശേഷിപ്പിക്കാന്‍ ചില നിബന്ധനകള്‍ വിവരിക്കുന്നുണ്ട്. ഈ നിബന്ധനകള്‍ പാലിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാട്ടിലും നികുതി നല്‍കുന്നത് ഒഴിവാക്കുന്നതിനായി ടാക്‌സ് റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും’- അദ്ദേഹം പറഞ്ഞു.
ആഭ്യന്തര നികുതി റസിഡന്‍സി നിയമം യുഎഇ നിവാസിയെ ഒരു സ്വാഭാവിക വ്യക്തിയോ നിയമപരമായ വ്യക്തിയോ ആയി നിര്‍വചിക്കുന്നു. യുഎഇയില്‍ സ്ഥിരതാമസമുള്ളതോ യുഎഇയില്‍ ജോലി ചെയ്യുന്നതോ ബിസിനസ് നടത്തുന്നതോ ആയ വ്യക്തിയെയാണ് സ്വാഭാവിക വ്യക്തിയെ നിര്‍വചിച്ചിരിക്കുന്നത്.
ഇവര്‍ തുടര്‍ച്ചയായ 12 മാസ കാലയളവില്‍ 183 ദിവസമോ അതില്‍ കൂടുതലോ യുഎഇയില്‍ ചെലവഴിച്ചാല്‍ അവര്‍ക്ക് ടാക്‌സ് റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടായിരിക്കും. സാധുതയുള്ള പെര്‍മനന്റ് റസിഡന്റ് പെര്‍മിറ്റുള്ള യുഎഇ പൗരന്മാരും ജിസിസി രാജ്യങ്ങളിലെ പൗരന്‍മാരും തുടര്‍ച്ചയായ 12 മാസ കാലയളവില്‍ 90 ദിവസമോ അതില്‍ കൂടുതലോ രാജ്യത്ത് താമസിച്ചാല്‍ മതിയാകും.
137 രാജ്യങ്ങളുമായി യുഎഇക്ക് ഇരട്ട നികുതി കരാറുകളും ഉഭയകക്ഷി കരാറുകളുമുണ്ട്. ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎയില്‍ നിന്നുള്ള ടാക്‌സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അയാള്‍ യുഎഇക്കു പുറമെ, ജന്‍മ നാട്ടിലും നികുതി അടയ്‌ക്കേണ്ടി വരുന്നത് ഒഴിവാക്കാനാവും.
ടാക്‌സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യോഗ്യതയുള്ള യുഎഇ നിവാസികള്‍ക്കും കമ്പനികള്‍ക്കും നികുതി റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് അഭ്യര്‍ത്ഥിച്ച് ഫെഡറല്‍ ടാക്‌സ് അതോറിറ്റിക്ക് അപേക്ഷ നല്‍കാം. യുഎഇ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിലെ ഉടമ്പടി പ്രകാരം മറ്റൊരു അധികാരപരിധിയില്‍ നികുതി ഇളവിനോ ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാനോ ഒരാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ടാക്‌സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല