1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2022

സ്വന്തം ലേഖകൻ: പ്പലിൻ്റെ പിൻഭാഗത്ത് ദിശ മാറ്റാനുള്ള റഡറിൽ കയറിയിരുന്ന് 11 ദിവസം കടൽയാത്ര നടത്തിയ മൂവർസംഘം പടിയിയിൽ. ആഫ്രിക്കയിലെ നൈജീരിയൻ തീരത്തു നിന്ന് സ്പാനിഷ് ദ്വീപായ കാനറി ഐലൻഡിലേയ്ക്കായിരുന്നു ജീവൻ പണയപ്പെടുത്തിയുള്ള മൂവരുടെയും കടൽയാത്ര. സ്പാനിഷ് കോസ്റ്റ് ഗാർഡ് പുറത്തു വിട്ട ചിത്രം ഭീതിയോടെയാണ് ലോകം നോക്കിക്കാണുന്നത്.

ആഴമേറിയ കടലിനു തൊട്ടു മുകളിലായി എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത യന്ത്രഭാഗത്തിനു മേൽ എങ്ങനെയാണ് ഇവർ ഒരാഴ്ചയിലധികം കഴിച്ചു കൂട്ടിയത് എന്നതാണ് ചോദ്യം. മാൾട്ടയിൽ രജിസ്റ്റർ ചെയ്ത അലിഥിനി 2 എന്ന കപ്പലിലായിരുന്നു ഇവരുടെ സാഹസികയാത്ര. തിങ്കളാഴ്ച കപ്പൽ ഗ്രാൻ കനാറിയയിലെ ലാ പാൽമയിലെത്തിയപ്പോഴായിരുന്നു ഇവരെ പിടികൂടിയത്. ജലനിരപ്പിൽ നിന്നും ഏതാനും ഇഞ്ചുകൾ മാത്രം ഉയരത്തിലായിരുന്നു ഇവരുടെ കാൽപാദങ്ങൾ.

തുറമുഖത്ത് എത്തിയ കപ്പലിൻ്റെ റഡറിൽ നിന്ന് സ്പാനിഷ് കോസ്റ്റ് ഗാർഡിൻ്റെ ബോട്ടാണ് മൂവരെയും രക്ഷപെടുത്തയത്. തുറമുഖത്ത് എത്തിച്ച ഇവർക്ക് ആവശ്യമായ ചികിത്സ നൽകിയതായും ഡോക്ടറുടെ സേവനം ലഭ്യമാക്കിയതായും പ്രാദേശിക സർക്കാർ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. ആരോഗ്യനില മോശമായിരുന്നതിനാൽ മൂവരെയും ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാൽ എങ്ങനെയാണ് 11 ദിവസം ഇവർ റഡറിൽ തന്നെ നിൽക്കാനോ കിടക്കാനോ കഴിയാതെ കുത്തിയിരുന്ന് യാത്ര ചെയ്തത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

നവംബർ 17നായിരുന്നു കപ്പൽ നൈജീരിയയിലെ ലാഗോസിൽ നിന്ന് പുറപ്പെട്ടത്. 11 ദിവസം കൊണ്ട് 2000 മൈൽ പിന്നിട്ടാണ് വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലുള്ള കാനറി ദ്വീപുകളിൽ കപ്പൽ അടുത്തത്. ഇത്രയും നീണ്ട യാത്രയ്ക്കിടെ കുടിവെള്ളവും ഭക്ഷണവും കിട്ടാതെ മൂവരും ക്ഷീണിതരായിരുന്നു. ശരീരത്തിലെ താപനില ഗണ്യമായി കുറയുകയും നിർജലീകരണം സംഭവിക്കുകയും ചെയ്തിരുന്നതായി അധികൃതർ അറിയിച്ചു. എന്നാൽ ഇതാദ്യമായല്ല ആളുകൾ ഇത്തരത്തിൽ സാഹസിക യാത്ര നടത്തുന്നതെന്നും പണം മുടക്കാതെ അനധികൃതമായി യാത്ര ചെയ്യുന്ന എല്ലാവർക്കും ജീവനോടെ ലക്ഷ്യത്തിലെത്താനുള്ള ഭാഗ്യം ഉണ്ടാകാറില്ലെന്നും അധികൃതർ പറഞ്ഞു.

ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തു കൂടി അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെയുള്ള കപ്പൽ യാത്ര ലോകത്തു തന്നെ ഏറ്റവും അപകടസാധ്യത നിറഞ്ഞ കടൽ സഞ്ചാരമാണ്. ഘാന, ലൈബീരിയ, സെനഗൽ തീരങ്ങൾ പിന്നിട്ടാണ് വെസ്റ്റേൺ ആഫ്രിക്കയുടെ പടിഞ്ഞാറു വശത്തുള്ള കാനറി ദ്വീപുകളിൽ എത്തുക. എന്നാൽ മൊറോക്കോയുടെ വടക്കൻ തീരത്തു കൂടിയുള്ള അനധികൃത കുടിയേറ്റം യൂറോപ്യൻ യൂണിയൻ ഇടപെട്ട് തടഞ്ഞതോടെ ആഫ്രിക്കയിൽ നിന്ന് പലായനം ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട മാർഗം അറ്റ്ലാൻ്റിക് സമുദ്രം വഴിയാണ്.

ആഫ്രിക്കയിലെ കടുത്ത വരൾച്ചയും തൊഴിലില്ലായ്മയും മൂലം ഏതു വിധേനയും യൂറോപ്പിൽ എത്തിപ്പെടുക എന്നതാണ് അഭയാർഥികളുടെ ലക്ഷ്യം. കോവിഡ് 19 മഹാമാരിയുടെ വരവോടെ സ്ഥിതി രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. അറ്റ്ലാൻ്റിക് സമുദ്രം വഴി നുഴഞ്ഞു കയറുന്ന ആഫ്രിക്കൻ വംശജരുടെ എണ്ണത്തിൽ സമീപ വർഷങ്ങളിൽ വലിയ വർധനവുണ്ട്. നൈജീരിയയ്ക്ക് പുറമെ പൂർവാഫ്രിക്കൻ രാജ്യങ്ങളായ സെനഗൽ, മൊറോക്കോ, മൌറിട്ടാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അനധികൃത കുടിയേറ്റം നടക്കുന്നുണ്ട്.

മൊറോക്കോയിലെ വരൾച്ചെയും സെനഗൽ തീരത്തെ മത്സ്യസമ്പത്തിലുള്ള കുറവും യൂറോപ്യൻ സഞ്ചാരത്തിന് ആക്കം കൂട്ടുന്നുണ്ട്. നാട്ടിലെ ദാരിദ്ര്യത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും രക്ഷപെടാനുള്ള ഒറ്റമൂലിയായാണ് യൂറോപ്പിലേയ്ക്കുളള സാഹസികയാത്രയെ പലരും കണക്കാക്കുന്നത്. ഇവരെ വലവീശി പിടിക്കാനായി ആഫ്രിക്കൻ രാജ്യങ്ങളിൽ ഏജൻ്റുമാരുമുണ്ട്. ഏകദേശം 1000 ഡോളറോളം കമ്മീഷനായി നൽകിയാണ് പലരും അനധികൃത ബോട്ടുകളിൽ യൂറോപ്പിലേയ്ക്ക് യാത്ര തരപ്പെടുത്തുന്നത്. ഇത്തരം ബോട്ടുകൾ മുങ്ങി വർഷം തോറും നൂറുകണക്കിനു പേർ മരിക്കുന്നുമുണ്ട്. എങ്കിലും യൂറോപ്പ് എന്ന ‘സ്വർഗ’മാണ് ഇവരുടെ മനസ്സിൽ.

അതേസമയം, യാത്ര പുറപ്പെടുമ്പോൾ കരുതുന്നതിലും ഏറെ ദുഷ്കരമാണ് ഇത്രയും സാഹസം നിറഞ്ഞ യാത്രയെന്നാണ് മുൻപ് ഈ വഴി പരീക്ഷിച്ചിട്ടുള്ളവർ പറയുന്നത്. മുൻപ് 2020ലും 14 വയസുള്ള ബാലൻ അടക്കമുള്ള സംഘം ഇത്തരത്തിൽ സാഹസികയാത്ര നടത്തി കാനറി ദ്വീപുകളിൽ എത്തിയിരുന്നു. ഉപ്പുവെള്ളം കുടിച്ചും റഡറിനു മുകളിലുള്ള ഭാഗത്ത് കിടന്നുറങ്ങിയും ലക്ഷ്യസ്ഥാനത്ത് എത്തിയ ബാലൻ അന്ന് വലിയ മാധ്യമശ്രദ്ധ നേടി.

എന്നാൽ യാത്ര ഇത്രയും കഠിനമാകുമെന്ന് കരുതിയില്ലെന്നും താൻ തീർത്തും ദുർബലനായെന്നുമായിരുന്നു ബാലൻ പറഞ്ഞത്.
രണ്ട് വർഷം മുൻപ് നാലു പുരുഷന്മാർ അടങ്ങുന്ന സംഘവും ഒരു നോർവീജിയൻ എണ്ണക്കപ്പലിൻ്റെ അടിയിൽ ഒളിച്ചിരുന്നു യാത്ര ചെയ്ത സംഭവം വെളിച്ചത്തായിരുന്നു. കപ്പലിൻ്റെ ഹള്ളിനോടു ചേർന്ന് പിൻഭാഗത്തുള്ള റഡറിനു സമീപത്തെ ചെറുമുറിയിലായിരുന്നു സംഘത്തിൻ്റെ യാത്ര. 10 ദിവസത്തോളമാണ് ഇവർ ഇവിടെ കഴിഞ്ഞത്.

ഇത്തരത്തിൽ ആയിരക്കണക്കിന് പേരാണ് ആഫ്രിക്കയിൽ നിന്ന് കാനറി ദ്വീപുകളിലേയ്ക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുന്നത്. ബോട്ടുകളിൽ തിങ്ങി നിറഞ്ഞും കപ്പലുകളിൽ അനധികൃതമായി കടന്നു കയറിയും മൊറോക്കൻ തീരത്തു നിന്നും മൌറിട്ടാനിയയിൽ നിന്നും ആളുകൾ രാജ്യം വിടാൻ ശ്രമിക്കുന്നുണ്ട്. ബോട്ടു വഴി ഈ വർഷം മാത്രം 11,600 പേർ കാനറി ദ്വീപുകളിൽ എത്തിയിട്ടുണ്ടെന്നാണ് സ്പാനിഷ് സർക്കാരിൻ്റെ കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.