1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2022

സ്വന്തം ലേഖകൻ: യുഎഇയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ശക്തമാക്കാന്‍ അധികൃതര്‍. ഇന്നലെ ശനിയാഴ്ച 1464 പേര്‍ക്കാണ് പുതുതായി കോവിഡ് വാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് നിലവിലുള്ള ആക്ടീവ് കേസുകള്‍ 17,013 ആയി ഉയര്‍ന്നു. ഇന്നലെ കോവിഡ് മൂലമുള്ള രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതോടെ ഇതുവരെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 2,308 ആയി.

മെയ് ആദ്യത്തില്‍ പ്രതിദിന കേസുകള്‍ 200ല്‍ താഴെ ആയിരുന്നിടത്ത് നിന്നാണ് പെട്ടെന്ന് കേസുകളുടെ എണ്ണം ഉയര്‍ന്നത്. കൂടുതല്‍ വ്യാപന ശേഷിയുള്ള വൈറസ് വകഭേദങ്ങളുടെ സാന്നിധ്യമാണ് പെട്ടെന്നുള്ള വര്‍ധനവിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പുതിയ സാഹചര്യത്തില്‍ രോഗവ്യപാനം നിയന്ത്രിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനാണ് യുഎഇ ആരോഗ്യ വകുപ്പ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

വ്യാപാര സ്ഥാപനങ്ങള്‍ പോലെയുള്ള അടച്ചിട്ട പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കണമെന്ന നിബന്ധന കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശവും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. അതോടൊപ്പം രോഗബാധിതരായ ആളുകള്‍ ക്വാറന്റൈന്‍ നടപടികള്‍ കൃത്യമായി പാലിക്കാനും നിര്‍ദ്ദേശമുണ്ട്. അടച്ചിട്ട പ്രദേശങ്ങൡ മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് 3000 ദിര്‍ഹമാണ് പിഴ ചുമത്തുക. അതേസമയം, തുറസ്സായ പ്രദേശങ്ങളില്‍ മാസ്‌ക്ക് ധാരണം നിര്‍ബന്ധമല്ല. ഓരാ ആള്‍ക്കും ഇഷ്ടം പോലെ പ്രവര്‍ത്തിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അല്‍ ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ്സിന്റെ കാലാവധി 30 ദിവസത്തില്‍ നിന്ന് 14 ദിവസമായി കുറച്ചിട്ടുണ്ട്. ഇതുപ്രകാരം പൂര്‍ണമായി വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് കോവിഡ് ബാധിച്ച് രോഗമുക്തി നേടിയ ശേഷം 14 ദിവസത്തേക്ക് മാത്രമേ ഗ്രീന്‍ പാസ് ലഭിക്കുകയുള്ളൂ. നിലവില്‍ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്.

അബുദാബിയില്‍ അടച്ചിട്ട പൊതു ഇടങ്ങളില്‍ പ്രവേശിക്കാനും ഇത് വേണം. പുതുതായി രോഗ ബാധയുണ്ടാവുന്നവര്‍ 10 ദിവസം ഐസൊലേഷനില്‍ കഴിയണമെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗബാധയുടെ കാര്യം തൊഴിലുടമയെ അറിയിക്കുകയും വേണം. ദുബായില്‍ കോവിഡ് 19 ദുബായ് സ്മാര്‍ട്ട് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ദുബായ് ഹെല്‍ത്ത് അതോറിറ്റി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അബുദാബിയില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കണമെങ്കില്‍ രണ്ട് കോവിഡ് പിസിആര്‍ ടെസ്റ്റുകള്‍ നടത്തണമെന്നതാണ് നിബന്ധന. ആദ്യ ടെസ്റ്റ് കഴിഞ്ഞ് 24 മണിക്കൂറിനു ശേഷമാണ് രണ്ടാം ടെസ്റ്റ് നടത്തേണ്ടത്. രണ്ട് ടെസ്റ്റുകളിലെയും ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ ക്വാറന്റൈനില്‍ നിന്ന് പുറത്തുവരാന്‍ പാടുള്ളൂ. രാജ്യത്തേക്ക് വരുന്ന മുഴുവന്‍ ആളുകളും വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവരായിരിക്കണമെന്ന നിബന്ധനയുണ്ട്.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ക്യുആര്‍ കോഡ് ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പൂര്‍ണമായും വാക്‌സിന്‍ എടുക്കാത്തവര്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യുഎഇയിലേക്ക് വിമാനം കയറുന്നതിന് 48 മണിക്കൂറിനിടയില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റായിരിക്കണമെന്നും നിബന്ധനയുണ്ട്. ഇതിലും ക്യുആര്‍ കോഡ് നിര്‍ബന്ധമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.