
സ്വന്തം ലേഖകൻ: സ്വകാര്യ കാറുകളെടുത്ത് കള്ളടാക്സി ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. കള്ളടാക്സികളിലെ യാത്ര സാമൂഹികമായും സാമ്പത്തികമായും ഉണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു.
കള്ളടാക്സി ഡ്രൈവർമാരിൽ പലർക്കും ലൈസൻസോ യുഎഇയിൽ താമസിക്കാനുള്ള രേഖകളോ ഇല്ലെന്നും പൊലീസ് പറഞ്ഞു. ഇത്തരം വണ്ടികളിൽ കയറാതെ നിരുത്സാഹപ്പെടുത്തണമെന്നു അബുദാബി ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി ഇൻവസ്റ്റിഗേഷൻസ് ഡയറക്ടർ തലിബ് സലീം അൽ കൽബാനി പറഞ്ഞു. കള്ള ടാക്സികൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.
പിടിയിലാകുന്ന കാർ 30 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലെടുക്കും. ലൈസൻസുള്ള ഡ്രൈവർമാരാണെങ്കിൽ 24 ട്രാഫിക് പോയിന്റ് നഷ്ടമാകും. ഇതിനു പുറമെ 3000 ദിർഹം പിഴയും ഈടാക്കും. കള്ള ടാക്സികളിലെ യാത്രകളിൽ അപകടം ഉണ്ടായാൽ യാത്രക്കാർക്ക് നിയമ പരിരക്ഷ കിട്ടില്ല.
ലൈസൻസില്ലാത്ത ഡ്രൈവറും അനുമതിയില്ലാത്ത ടാക്സിയും യാത്രക്കാർക്കു ലഭിക്കേണ്ട നിയമപരമായ സഹായങ്ങൾക്കു തടസ്സമാകും. ഇതിനകം 1000 കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. വേഷം മാറിയെത്തുന്ന സിഐഡിമാർ യാത്രക്കാരായി കാറിൽ കയറിയാണ് കള്ളടാക്സിക്കാരെ കുടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല