1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2022

സ്വന്തം ലേഖകൻ: യുഎഇക്കു ചുട്ടുപൊള്ളുന്നു. രാപകൽ അടിമുടി പൊള്ളുന്ന ചൂടിൽ ആരോഗ്യ കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകി. അബുദാബിയിലെ സ്വൈഹാൻ, അൽഐൻ എന്നിവിടങ്ങളിലാണ് താപനില 50 ഡിഗ്രിയിലേക്കു ഉയർന്നത്. ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിൽ 48 ഡിഗ്രിയായിരുന്നു ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില. കുറഞ്ഞത് 37 ഡിഗ്രിയും. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

അന്തരീക്ഷ ഈർപ്പം ശരാശരി 80% ആണെങ്കിലും ചിലയിടങ്ങളിൽ 100% ആയി ഉയർന്നു. കഴിഞ്ഞ വർഷം ജൂണിൽ അൽഐനിലാണ് ഏറ്റവും കൂടിയ താപനില (51.8) അനുഭവപ്പെട്ടത്.

കൊടുംചൂടേൽക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് തലച്ചോർ, ഹൃദയം, വൃക്ക തുടങ്ങി ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും. ശരീരത്തിൽ ഉപ്പിന്റെയും ജലത്തിന്റെയും അളവ് കുറയാതെ നോക്കണം.

കൊടുംചൂട് കണ്ണിന്റെയും ആരോഗ്യത്തെ ബാധിക്കും. അല‍ർജി, വരൾച്ച, അണുബാധ എന്നിവയാണു പ്രധാനമായും കണ്ടുവരുന്നതെന്ന് അബുദാബി അഹല്യ ഐ കെയറിലെ മെഡിക്കൽ ഡയറക്ടർ ഡോ. പയസ് സെബാസ്റ്റ്യൻ പറഞ്ഞു. ചൂടു സമയത്ത് അടിയന്തരമായി പുറത്തുപോകേണ്ടി വന്നാൽ അൾട്രാ വയലറ്റ് രശ്മിയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിനു കുട, കൂളിങ് ഗ്ലാസ് എന്നിവ കരുതാം. യുവി പ്രൊട്ടക്‌ഷൻ ഉള്ള കൂളിങ് ഗ്ലാസ് ആണെന്ന് ഉറപ്പുവരുത്തണം.

ഇറുകിയ, പോളിസ്റ്റർ വസ്ത്രങ്ങൾ ചൂടുകാലത്തിന് അനുയോജ്യമല്ല. അയഞ്ഞ പരുത്തി വസ്ത്രമാണ് ഉത്തമം. ചൂടിനെ കൂടുതൽ ആഗിരണം ചെയ്ത് ശരീരോഷ്മാവ് ഉയർത്താനുള്ള സാധ്യത ഉള്ളതിനാൽ കറുത്ത വസ്ത്രങ്ങൾ വേനൽകാലത്ത് ഒഴിവാക്കാം. ഇളംനിറത്തിലുള്ള വസ്ത്രങ്ങളാണ് അനുയോജ്യം. 2 നേരം കുളിക്കുന്നതും ശരീരോഷ്മാവ് ക്രമീകരിക്കാൻ സഹായിക്കും.

പഴം, പച്ചക്കറി, ധാന്യങ്ങൾ, മത്സ്യം, മാസം എന്നിവ എല്ലാം ചേർത്തുള്ള സമീകൃത ആഹാരമാണ് ഉത്തമം. പഴച്ചാറുകളും ജലാംശം കൂടുതൽ അടങ്ങിയ പഴങ്ങളും ഉപയോഗിക്കുന്നത് നിർജലീകരണത്തെ പ്രതിരോധിക്കും. ദിവസേന കുറഞ്ഞത് ഒരാൾ രണ്ടര ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. ഇത് വൃക്കയിലെ കല്ല് ഒഴിവാക്കാൻ സഹായിക്കും. പെപ്സി, കോള തുടങ്ങി കൃത്രിമമധുര പാനീയങ്ങളും കാപ്പി ഉൾപ്പെടെ കഫീൻ അടങ്ങിയ പാനീയങ്ങളും മദ്യപാനവും ഒഴിവാക്കണം.

കടുത്ത ചൂട് അനുഭവപ്പെടുന്ന രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളിൽ പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം. പ്രായമായവർ, കുട്ടികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗുരുതര രോഗികൾ എന്നിവർ കടുത്ത ചൂടിൽ പുറത്തിറങ്ങരുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.