1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2022

സ്വന്തം ലേഖകൻ: യുഎഇയിൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ) വർധിച്ചു വരുന്നു. ഫ്ലൂ വാക്സീൻ എടുത്ത് പ്രതിരോധം ശക്തമാക്കണമെന്നു ഡോക്ടർമാർ ആവർത്തിച്ച് ആവശ്യപ്പെട്ടു.ചില എമിറേറ്റുകളിലെ സ്വകാര്യ ആശുപത്രികളിൽ രോഗികൾ നിറഞ്ഞതിനാൽ പുതുതായി എത്തുന്നവരെ അഡ്മിറ്റ് ചെയ്യാനാവാത്ത സ്ഥിതിയും ഉണ്ട്.

ഫ്ലൂ വാക്സീൻ എടുത്താൽ രോഗം ഗുരുതരമാകുന്നത് തടയാമെന്നും ഓർമിപ്പിച്ചു. കുട്ടികളിലാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തു വരുന്നതെന്ന് അഹല്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. അനുപമ പറഞ്ഞു. രോഗമുള്ള കുട്ടികളെ സ്കൂളിലേക്കു വിടരുതെന്നും ഓർമിപ്പിച്ചു.

ഇൻഫ്ലുവൻസ എ, ബി, റെസ്പിറേറ്ററി സെൻസേഷണൽ വൈറസ് (ആർഎസ്്‌വി) എന്നിവയാണ് നിലവിൽ പ്രചാരത്തിലുള്ള വൈറസുകൾ. ഇതിൽ തന്നെ ചെറിയ കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞ ആസ്മ, ശ്വാസകോശ രോഗികൾ എന്നിവരിൽ കൂടുതൽ പ്രശ്നം സൃഷ്ടിച്ചേക്കാം. നേരത്തെ തന്നെ ഡോക്ടറെ കാണിച്ചാൽ രോഗം ഗുരുതരമാകാതെ നോക്കാം.

ശക്തമായതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറു വേദന, ഛർദി, വയറിളക്കം, ശരീരവേദന ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ശ്വാസകോശ രോഗങ്ങളുള്ളവരെയും ഫ്ലൂ പെട്ടെന്നു പിടിപെടുന്നു. ഇതോടൊപ്പം ചിലർക്ക് കോവിഡ് പോസിറ്റീവും ആകുന്നുണ്ട്.

ശുചിത്വം പാലിക്കുക, സോപ്പു വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക, മാസ്ക് ധരിക്കുക, രോഗമുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക, സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നിവ ശ്രദ്ധിച്ചാൽ രോഗപ്പകർച്ച തടയാം.

‌സമീകൃത ആഹാരമാണ് ഉത്തമം. തണുത്ത ഭക്ഷണം പൂർണമായും ഒഴിവാക്കണം. നന്നായി വിശ്രമിക്കുക, മതിയായ അളവിൽ ആഹാരം കഴിക്കുക, വെള്ളം കുടിക്കുക, ഡോക്ടറുടെ നിർദേശാനുസരണം കൃത്യമായി മരുന്ന് കഴിക്കുക. സ്കൂൾ വിദ്യാർഥികൾക്കിടയിൽ ഇൻഫ്ലുവൻസ എയാണ് വ്യാപകമായി കണ്ടുവരുന്നത്. രോഗമുള്ളവർ സ്കൂളിലെത്തിയാൽ മറ്റു വിദ്യാർഥികൾക്കും അവരിലൂടെ കുടുംബാംഗങ്ങൾക്കും പടരും. അതിനാൽ രോഗബാധിതർ വീട്ടിൽ വിശ്രമിക്കുക.

ശൈത്യകാലത്ത് പൊതുവേ കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലുവൻസ. എന്നാൽ കോവിഡ് പ്രതിരോധ മികവിൽ കഴിഞ്ഞ 2 വർഷം ഫ്ലൂ കുറവായിരുന്നു. മാസ്ക് ഉൾപ്പെടെ നിയന്ത്രണങ്ങളെല്ലാം നീങ്ങിയതും കൂട്ടംകൂടാൻ തുടങ്ങിയതും രോഗവ്യാപനത്തിലേക്കു നയിച്ചു. എന്നാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ചികിത്സിച്ചാൽ ദിവസങ്ങൾക്കകം മാറാവുന്നതാണ് ഇവയെന്നും ഡോ. അനുപമ പറഞ്ഞു. പനി കുറയുന്നില്ലെങ്കിൽ എത്രയും വേഗം ‍ഡോക്ടറെ കണ്ട് ആന്റി വൈറൽ മരുന്ന് കഴിക്കണമെന്നും സൂചിപ്പിച്ചു.

സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഫ്ലൂ വാക്സീൻ ലഭിക്കും. 5നു താഴെയും 65 വയസ്സിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവർക്ക് സൗജന്യമാണ്. അല്ലാത്തവർ 50 ദിർഹം നൽകണം. 6 മാസവും അതിനുമുകളിലും പ്രായമായുള്ള കുട്ടികൾക്ക് കുത്തിവയ്പ് എടുക്കാം. 6 മാസത്തിൽ താഴെയുള്ള കുട്ടികളുടെ അമ്മ കുത്തിവയ്പ് എടുത്താൽ മുലപ്പാലിൽ നിന്നു കുഞ്ഞുങ്ങൾക്കും പ്രതിരോധം ലഭിക്കും.

9 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 4 ആഴ്ചയുടെ ഇടവേളയിൽ 2 ഡോസായാണ് എടുക്കേണ്ടത്. പനിയുള്ള സമയങ്ങളിൽ വാക്സീൻ കൊടുക്കാൻ പാടില്ല. പ്രമേഹം, ആസ്മ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗികൾ, ഗർഭിണികൾ, 65നു മുകളിലും 5ന് താഴെയും പ്രായമുള്ളവർ എന്നിവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അപൂർവം സന്ദർഭങ്ങളിൽ ഇത്തരക്കാരിൽ രോഗം ഗുരുതരമായേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.