1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2022

സ്വന്തം ലേഖകൻ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മാർഗനിർദേശത്താൽ യുഎഇ മുന്നേറ്റം തുടരുമെന്നു വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളും വരാനിരിക്കുന്ന 50 വർഷത്തിനുള്ളിൽ കൂടുതൽ ഉയരങ്ങൾ കൈവരിക്കുമെന്നും 51–ാം ദേശീയദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യം എല്ലായ്പോഴും ദാതാവും സമാധാന പ്രതീകവുമായി തുടരും. സർക്കാർ പ്രകടനം മെച്ചപ്പെടുത്തുക, ഭാവിയെ പ്രദാനം ചെയ്യുക, നവീകരണം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുക, ദാരിദ്ര്യത്തിനെതിരെ പോരാടുക, ശുദ്ധമായ ഊർജം മുന്നോട്ട് കൊണ്ടുപോകുക, സഹിഷ്ണുത പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രാദേശിക, ദേശീയ, രാജ്യാന്തര സംരംഭങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും.

രാജ്യം 51–ാം ദേശീയദിനം ആഘോഷിക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ട പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ്റെ വിയോഗത്തിന്റെ ദുഃഖത്തിൽ നിന്നു മോചിതരായിട്ടില്ല. എന്നാൽ ജനം ഉറച്ച ദൈവവിശ്വാസത്താൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിന് തികഞ്ഞ പിന്തുണ നൽകുന്നു.

കോവിഡിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറാൻ ലോകം ഇപ്പോഴും പാടുപെടുമ്പോൾ, യുഎഇ അതിന്റെ പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിൽ ഏറ്റവും കാര്യക്ഷമതയുള്ള രാജ്യങ്ങളിലൊന്നായിരുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇത് ഒട്ടേറെ രാജ്യാന്തര വികസന, മത്സര സൂചികകളിൽ പ്രതിഫലിക്കുന്നു.

കോവിഡിന് മുൻപുള്ള 121 സൂചികകളുമായി താരതമ്യപ്പെടുത്തുമ്പോൾ 156 സൂചികകളിൽ യുഎഇ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. മഹാമാരിക്കു മുൻപുള്ള 314 സൂചികകളെ അപേക്ഷിച്ച് 432 സൂചികകളിൽ മികച്ച 10 രാജ്യങ്ങളിൽ ഇടം നേടി. മാർച്ചിൽ സമാപിച്ച എക്‌സ്‌പോ 2020 ദുബായ് വിജയകരമായി നടത്തി. അതിന്റെ പ്രവർത്തനങ്ങൾ എല്ലാ പ്രതീക്ഷകളെയും മറികടക്കുന്ന മികച്ച വിജയങ്ങൾ നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസംബർ 2നാണ് ഔദ്യോഗിക ആഘോഷ ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്നുള്ള ആഘോഷങ്ങൾ ഡിസംബർ 3 മുതൽ 11 വരെ അബൂദബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ആഘോഷപരിപാടികൾ ടി.വിയിൽ ലൈവായി സംപ്രേഷണം ചെയ്യുമെങ്കിലും ആഘോഷ ദൃശ്യങ്ങളെല്ലാം വലിയ സ്‌ക്രീനുകളിൽ യുഎഇയിലുടനീളം പ്രദർശിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന പ്രത്യേക പരേഡാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർശണം. യുഎഇയുടെ സമ്പന്നമായ സംസ്‌കാരവും മറ്റും ഉൾകൊള്ളുന്ന പ്രകടനങ്ങൾക്കൊപ്പം രാജ്യം കൈവരിച്ച അത്യാധുനിക സാങ്കേതിക നേട്ടങ്ങളും മറ്റും ഉൾകൊള്ളിച്ച വ്യത്യസ്ത പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകും.

തത്സമയ സംഗീത പരിപാടികളുൾപ്പെടെ വിവിധ കലാപരിപാടികളും സൈനിക പ്രകടനങ്ങളുമടക്കം ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ഏഴ് എമിറേറ്റുകളിലുടനീളം 50 ലധികം സ്ഥലങ്ങളിലാണ് നാളെ ആരംഭിക്കുന്ന ഔദ്യോഗിക ആഘോഷ ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.