1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2022

സ്വന്തം ലേഖകൻ: നഴ്സിങ്-മിഡ് വൈഫറി രംഗത്ത് സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളൊരുക്കുമെന്നും ആരോഗ്യമേഖലയിലെ പുതിയ വെല്ലുവിളികൾ നേരിടാൻ നൂതന പഠന-പരിശീലന പരിപാടികൾ ഊർജിതമാക്കുമെന്നും യുഎഇ.

മികച്ച പഠനകേന്ദ്രങ്ങൾ ആരംഭിക്കുക, വിവിധ വിഷയങ്ങളിൽ ഗവേഷണത്തിന് സൗകര്യമൊരുക്കുക, ചികിത്സാ രംഗത്തെ പുതിയ അറിവുകൾക്കനുസരിച്ചു പാഠ്യപദ്ധതി പരിഷ്കരിക്കുക തുടങ്ങിയ കർമപരിപാടികളിലൂടെ ആരോഗ്യ മേഖലയുടെ സമഗ്രപുരോഗതിയാണു ലക്ഷ്യം.

ഈ രംഗത്തേക്കു കൂടുതൽ സ്വദേശി വിദ്യാർഥികൾ കടന്നുവരികയും മികച്ച രീതിയിൽ ബിരുദ പഠനവും പരിശീലനവും പൂർത്തിയാക്കുകയും ചെയ്യുന്നതായി ആരോഗ്യമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പറഞ്ഞു. സ്കോളർഷിപ് ഉൾപ്പെടെ ഇവർക്ക് നൽകും. 2025 വരെയുള്ള ദേശീയ കർമപരിപാടികളുടെ ഭാഗമായി വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും.

മികവുകളുടെ അടിസ്ഥാനത്തിൽ നഴ്സുമാർക്കും മിഡ് വൈഫുമാർക്കും കൂടുതൽ അവസരങ്ങളൊരുക്കുമെന്നും എല്ലാ നടപടിക്രമങ്ങൾക്കും ഏകീകൃത സംവിധാനമുണ്ടാക്കുമെന്നും വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയിലെയും ഇന്റർനാഷനൽ കൗൺസിൽ ഓഫ് നഴ്സസിലെയും വിദഗ്ധർ ഉൾപ്പെട്ട പാനലാണ് പദ്ധതികൾക്ക് രൂപം നൽകിയത്. പ്രാരംഭ നടപടികൾ കഴിഞ്ഞവർഷം തുടങ്ങി. ആരോഗ്യ മേഖലയിലെയും വിവിധ മന്ത്രാലയങ്ങളിലെയും പ്രതിനിധികളടങ്ങുന്ന പരമോന്നത ദേശീയ സമിതി മേൽനോട്ടം വഹിക്കുന്നു.

സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന സംവിധാനത്തിന് ഫെബ്രുവരിയിൽ തുടക്കമായിരുന്നു. സ്വകാര്യമേഖലയിൽ 5 വർഷത്തിനകം 10% സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കാനാണ് പദ്ധതി. 2026 ആകുമ്പോഴേക്കും സ്വകാര്യ മേഖലയിൽ 75,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കും.

സ്വകാര്യ മേഖലയിൽ ജോലി നേടുന്ന സ്വദേശികൾക്കു സർക്കാർ തലത്തിൽ അധികവരുമാനം ഉറപ്പുവരുത്തുന്നതിനു പുറമേ കുട്ടികളുടെ ക്ഷേമത്തിനു പ്രത്യേക വിഹിതം നൽകുമെന്നും നേരത്തേ പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.