1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2022

സ്വന്തം ലേഖകൻ: നികുതി നിയമ ലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ ഇളവിനു അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. യോഗ്യരായ നികുതി ദായകർ ബന്ധപ്പെട്ട രേഖകൾ സഹിതം ഇ–സർവീസ് പോർട്ടൽ വഴി അപേക്ഷിക്കണമെന്നു യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചു.

മനഃപൂർവമല്ലാത്ത തെറ്റുകൾക്കു ചുമത്തിയ പിഴയാണ് ഇങ്ങനെ ഒഴിവാക്കി കിട്ടുക. ടൈപ്പിങിലെ തെറ്റുകൾ, രേഖകൾ 5 വർഷം വരെ സൂക്ഷിക്കാതിരിക്കൽ തുടങ്ങിയവ അഡ്മിസ്ട്രേഷൻ പിഴകളിൽ ഉൾപ്പെടും. 2021 ജൂൺ 28ന് മുൻപ് അടയ്‌ക്കാത്ത മൊത്തം പിഴ കുടിശികയുടെ 30% വരെ ഇങ്ങനെ വീണ്ടെടുക്കാം. 2021 ഡിസംബർ 31നകം അടയ്‌ക്കേണ്ട എല്ലാ നികുതിയും അടച്ചവർക്കാണ് അപേക്ഷിക്കാനാവുക.

കുറ്റമറ്റ രീതിയിൽ ലഭിച്ച അപേക്ഷ പരിശോധിച്ച് 3 പ്രവൃത്തി ദിവസങ്ങൾക്കകം അതോറിറ്റി തീരുമാനം എടുക്കും. ദേശീയ സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽകരിക്കുന്നതിനും ഫെഡറൽ നികുതികളിലൂടെ എണ്ണ ഇതര വരുമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് 2016ലാണ് എഫ്‌ടിഎ സ്ഥാപിച്ചത്.

നികുതി പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും സേവനം മെച്ചപ്പെടുത്താനും ഇതുവഴി സാധിച്ചു. സേവനം ഡിജിറ്റലാക്കുന്നതിന് സംയോജിത പ്ലാറ്റ്ഫോമും ആരംഭിച്ചു. ആദ്യഘട്ടത്തിൽ വിനോദസ​ഞ്ചാരികൾക്ക് കടലാസ് രഹിത വാറ്റ് റീഫണ്ട് സംവിധാനമാണ് ഒരുക്കിയത്.

ഇവർ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ഡിജിറ്റൽ റസീപ്റ്റ് എയർപോർട്ടിലെ ടാക്സ് കൗണ്ടറിൽ കാണിച്ചാൽ വാറ്റ് തിരിച്ചുനൽകുന്നതാണ് പദ്ധതി. നികുതിദായകർ നിശ്ചിത തീയതിക്കു മുൻപായി നികുതി അടയ്‌ക്കണമെന്നും എഫ്ടിഎ അഭ്യർഥിച്ചു. കാലതാമസം വരുത്തിയാൽ പിഴ ചുമത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.