
സ്വന്തം ലേഖകൻ: ടൂറിസ്റ്റ്, വിസിറ്റ് വീസകൾ മൊബൈൽ ആപ്, ഓൺലൈൻ എന്നിവയിലൂടെ 48 മണിക്കൂറിനകം പുതുക്കാനാകുമെന്ന് യുഎഇ അറിയിച്ചു. അപേക്ഷിച്ച് 48 മണിക്കൂറിനകം നടപടികൾ പൂർത്തിയാക്കി അപേക്ഷകരെ അറിയിക്കും. അപേക്ഷകന്റെ പാസ്പോർട്ടിന് 6 മാസത്തിൽ കുറയാത്ത കാലാവധി നിർബന്ധമാണ്. ടൂറിസ്റ്റ്, വിസിറ്റ് വീസകൾ പുതുക്കാൻ 610 ദിർഹമാണ് (13,750 രൂപ) നിരക്ക്.
അതിനിടെ പാസ്പോർട്ടിൽ ഒറ്റപേര് ഉള്ളവർക്ക് നിബന്ധനകള്‍ക്ക് വിധേയമായി യുഎഇയിൽ പ്രവേശിക്കാൻ അനുമതി. ഇതുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനം യുഎഇ പുറത്തിറക്കി. യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പുറത്തിറക്കിയത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചതായി എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. എയര്‍ ഇന്ത്യ യുഎഇയിലെ എല്ലാ ട്രാവല്‍ ഏജന്‍സികള്‍ക്കും ഇതുമായി ബന്ധപ്പെട്ട സർക്കുലർ അയച്ചിട്ടുണ്ട്.
പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്ക് (ഗിവണ്‍ നെയിമിലോ സര്‍നെയിമിലോ ഒരു വാക്ക് മാത്രമുള്ളവര്‍), അവരുടെ പാസ്‍പോര്‍ട്ടിന്റെ രണ്ടാം പേജില്‍ അച്ഛന്റെ പേരോ കുടുംബപ്പേരോ ഉണ്ടെങ്കില്‍ സന്ദര്‍ശക വീസയിലും യുഎഇയില്‍ പ്രവേശിക്കാൻ സാധിക്കും. യുഎഇയില്‍ റെസിഡന്റ് കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് പുതിയ നിബന്ധനകൾ ഒന്നും ബാാധകമല്ല. ഇത് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
സന്ദര്‍ശക വീസയിലും ഓണ്‍ അറൈവല്‍ വീസയിലും എംപ്ലോയ്‍മെന്റ് വീസയിലും എത്തുന്നവർക്ക് ആണ് ഈ നിബന്ധന ബാധകമാകുന്നത്. പാസ്‍പോര്‍ട്ടിലെ പേരില്‍ ഒരു വാക്ക് മാത്രമേ ഉള്ളൂവെങ്കിലും അച്ഛന്റെയോ കുടുംബത്തിന്റെ പേര് രണ്ടാം പേജിൽ ഉണ്ടെങ്കിൽ അവർക്ക് പ്രവേശിക്കാം എന്നത് നിരവധി പേർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
ആദ്യത്തെ നിയമം നടപ്പിൽ വന്നാൽ പലർക്കും വലിയ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. എന്നാൽ പുതിയ നിയമം ഒരുപാട് പേർക്ക് ആശ്വാസമാകുന്നുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ക്ക് എയര്‍ ഇന്ത്യ അയച്ച സര്‍ക്കുലര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല