
സ്വന്തം ലേഖകൻ: യുകെയില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിക്കുന്നവര്‍ക്ക് ചൈല്‍ഡ് കെയറിനായി കൂടുതല്‍ പണം നല്‍കാന്‍ ചാന്‍സലര്‍. ചെറിയ കുട്ടികളുള്ളവര്‍ക്ക് ഇത് ആശ്വാസം പകരും. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിക്കുന്നവര്‍ക്ക് ചൈല്‍ഡ് കെയറിനായി കൂടുതല്‍ പണം അനുവദിക്കാന്‍ ബുധനാഴ്ച ചാന്‍സലര്‍ അവതരിപ്പിക്കുന്ന ബജറ്റിലൂടെ വഴിയൊരുങ്ങുമെന്ന പ്രതീക്ഷാനിര്‍ഭരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു.
കൂടുതല്‍ പേരെ തൊഴിലിടങ്ങളിലേക്ക് മടക്കിക്കൊണ്ട് വരുന്നതിനാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ചൈല്‍ഡ്‌കെയറിനായി കൂടുതല്‍ ധനസഹായം നല്‍കാനൊരുങ്ങുന്നത്. ഇത് പ്രകാരം യൂണിവേഴ്‌സല്‍ ക്രെഡിറ്റ് കൈപ്പറ്റുന്നവര്‍ക്ക് ഇതിനൊപ്പം ചൈല്‍ഡ് കെയറിനായി കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കുന്നതായിരിക്കും.
നിലവില്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും വെയില്‍സിലും ചൈല്‍ഡ് കെയര്‍ സപ്പോര്‍ട്ടിന് അര്‍ഹതയുള്ളവര്‍ ഇതിനായി തങ്ങളുടെ കീശയില്‍ നിന്നെടുത്ത് ആദ്യം ചെലവാക്കുകയും പിന്നീട് സര്‍ക്കാരില്‍ നിന്ന് റീഫണ്ട് ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ മുടക്കിയ പണം മുഴുവന്‍ തിരിച്ച് കിട്ടാത്ത നിരവധി പേരുണ്ടെന്നും നിലവിലെ സിസ്റ്റത്തിന് പല പ്രശ്‌നങ്ങളുണ്ടെന്നുമാണ് ചാരിറ്റികള്‍ എടുത്ത് കാട്ടുന്നത്. ബജറ്റിലെ പുതിയ നീക്കത്തിലൂടെ ഇതിനെല്ലാം ഒരു പരിധി വരെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും ശക്തമാണ്.
ഓരോ കുട്ടിക്കും മാസം തോറും അനുവദിക്കേണ്ടുന്ന 646 പൗണ്ട് നിരവധി വര്‍ഷങ്ങളായി മരവിപ്പിച്ച് നിര്‍ത്തി അവസ്ഥയും നിലവിലുണ്ട്. വര്‍ധിച്ച് വരുന്ന ചൈല്‍ഡ് കെയര്‍ ചെലവുകളോട് പൊരുത്തപ്പെടാത്ത വിധത്തിലുള്ള ഫണ്ടാണ് ഈ വിധത്തില്‍ രക്ഷിതാക്കള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന ദുരവസ്ഥയും നിലവിലുണ്ട്. യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് മേല്‍ ആളുകള്‍ക്ക് ക്ലെയിം ചെയ്യാവുന്ന ചൈല്‍ഡ് കെയര്‍ ഫണ്ടില്‍ നൂറ് കണക്കിന് പൗണ്ട് വര്‍ധനവ് വരുത്താനും പുതിയ ബജറ്റിലൂടെ ചാന്‍സലര്‍ ജെറമി ഹണ്ട് തയ്യാറെടുക്കുന്നുവെന്ന പ്രതീക്ഷയും ശക്തമാണ്.
എന്നാല്‍ ഇത് സംബന്ധിച്ച് എത്ര തുക വര്‍ധനവ് വരുമെന്ന കൃത്യമായ കണക്കുകള്‍ പുറത്ത് വന്നിട്ടുമില്ല. സര്‍ക്കാരിന്റെ ബാക്ക് ടു വര്‍ക്ക് പ്ലാന്‍ പ്രകാരം 50 വയസിന് മേലുള്ളവരും ഭിന്നശേഷിക്കാരുമായ കൂടുതല്‍ പേരെ തൊഴിലുകളിലേക്ക് തിരിച്ച് കൊണ്ടു വരാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന് ആക്കം കൂട്ടാനാണ് ചൈല്‍ഡ് കെയറിനായി കൂടുതല്‍ പണം അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
നിലവില്‍ ഇംഗ്ലണ്ടിലെ രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടിക്കുള്ള ഫുള്‍ ടൈം നഴ്‌സറി ചൈല്‍ഡ് കെയര്‍ ചെലവ് 2022ല്‍ 14,000 പൗണ്ടിലധികമാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ചില്‍ഡ്രന്‍ ചാരിറ്റിയായ ചാരിറ്റി കോറമാണിക്കാര്യം പുറത്ത് വിട്ടത്. ലോകത്തില്‍ ചൈല്‍ഡ് കെയറിന് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് യുകെയിലാണെന്നാണ് ഓര്‍ഗനൈസേന്‍ ഫോര്‍ എക്കണോമിക് കോര്‍പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) എടുത്ത് കാട്ടുന്നത്.
ഇത് പ്രകാരം രണ്ട് ചെറിയ കുട്ടികളുള്ള ദമ്പതികളുടെ വരുമാനത്തിന്റെ 30 ശതമനവും ചൈല്‍ഡ് കെയറിന് ചെലവാക്കേണ്ടി വരുന്നുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല