1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2021

സ്വന്തം ലേഖകൻ: അപൂർവമായെങ്കിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത പരിഗണിച്ച് ബ്രിട്ടനിൽ 18 നും 29നും ഇടയിൽ പ്രായമുള്ളവർക്ക് ഓക്സഫഡ് വാക്സിന് ബദലായി മോഡേണയോ സൈഫറോ സ്വീകരിക്കൻ അവസരം നൽകും. ഇതുവരെ ആസ്ട്രാ സെനിക്ക വാക്സീൻ നൽകിയവരിൽ 79 പേർക്ക് രക്തം കട്ടപിടിക്കുന്ന പാർശ്വഫലം കണ്ടെത്തുകയും ഇതിൽ 19 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റഗുലേറ്ററുടെ നിർദേശപ്രകാരമുള്ള പുതിയ നീക്കം.

ഇവരിൽ രക്തം കട്ടപിടിച്ചത് വാക്സിനേഷൻ മൂലമാണെന്ന് ഇനിയും വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അത്തരമൊരു ആരോപണം നിലനിൽക്കുകയും ഇതിനുള്ള സാധ്യത തള്ളിക്കളയാനാകാതിരിക്കുയും ചെയ്യുന്ന സാഹചര്യത്തിലാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റഗുലേറ്ററി ഏജൻസിയുടെ നിർദേശം. ഇതു പരിഗണിച്ചാണ് ബ്രിട്ടനിൽ മുപ്പതു വയസിൽ താഴെയുള്ളവർക്ക് മോഡേണയോ സൈഫറോ നിർമ്മിച്ച വാക്സിൻ നൽകാൻ ആലോചിക്കുന്നത്.

ബ്രിട്ടനിൽ മൂന്നുകോടിയിലധികം ആളുകൾക്ക് ഇതുവരെ കോവിഡ് വാക്സിന്റെ ആദ്യഡോസ് നൽകിക്കഴിഞ്ഞു. ആദ്യം വാക്സീൻ സ്വീകരിച്ചവർക്കെല്ലാം രണ്ടാം ഡോസും നൽകുന്നുണ്ട്. വാക്സിനേഷൻ പുരോഗമിക്കുന്തോറും മരണനിരക്കും രോഗവ്യാപനവും ഗണ്യമായി കുറയുന്നുണ്ട്. എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും രോഗവ്യാപനം വീണ്ടും രൂക്ഷമാകുമ്പോൾ ബ്രിട്ടനിൽ മാത്രം ഇത് കുറയുന്നത് വാക്സിനേഷൻ പദ്ധതിയുടെ വിജയമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

2763 പേർക്കു മാത്രമാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 45 ലേക്ക് ചുരുങ്ങി. 3536 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇപ്പോൾ കോവിഡ് ബാധിതരായി ചികിൽസയിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.