1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2022

സ്വന്തം ലേഖകൻ: കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്നും ബ്രിട്ടനിലെത്തിയത് 37,815 നഴ്സുമാർ. ഇതിൽ ബഹുഭൂരിപക്ഷവും മലയാളികൾ. ബ്രിട്ടീഷ് ആരോഗ്യമേഖലയെ അടിമുടി നിയന്ത്രിക്കുന്ന തരത്തിലേക്കാണു ഇന്ത്യൻ നഴ്സുമാരുടെ സാന്നിധ്യം മാറുന്നത്. ബുധനാഴ്ച നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഇന്ത്യൻ നഴ്സുമാരുടെ ആധിപത്യം വ്യക്തമാകുന്നത്.

മുൻകാലങ്ങളെ അപേക്ഷിച്ചു കഴിഞ്ഞവർഷം ഇന്ത്യൻ നഴ്സുമാരുടെ വരവിൽ വലിയ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 37,815 നഴ്സുമാരാണെങ്കിൽ തൊട്ടു പിന്നിലുള്ള വർഷം ഇത് 28,192 ആയിരുന്നു. നാലുവർഷം മുൻപു കേവലം 17,730 ആയിരുന്ന സംഖ്യയാണ് ഇപ്പോൾ ഏകദേശം ഇരട്ടിയായി ഉയർന്നത്.

ബ്രിട്ടനിലേക്ക് ഏറ്റവും കൂടുതൽ വിദേശ നഴ്സുമാർ എത്തുന്നതു ഫിലിപ്പീൻസിൽ നിന്നുമാണ്. 41,090 ആണ് കഴിഞ്ഞവർഷം ബ്രിട്ടനിലേത്തിയ ഫിലിപ്പീൻസ് നഴ്സുമാർ. രണ്ടാം സ്ഥാനത്ത് ഇന്ത്യ നിൽക്കുമ്പോൾ മൂന്നാമതുള്ളതു നൈജീരിയയാണ്. (7,265).

കോവിഡ് കാലത്ത് നഴ്സുമാരുടെ ക്ഷാമം മൂലം ബ്രിട്ടൻ അനുഭവിച്ച ദുരിതം ഏറെയാണ്. ഇതോടെ കോവിഡാനന്തരം വിദേശ നഴ്സുമാരെ റിക്രൂട്ട്ചെയ്യാനായി എൻഎച്ച്എസ് മാറ്റിവച്ചത് ദശലക്ഷക്കണക്കിനു പൗണ്ടാണ്. ഫണ്ട് ലഭ്യത ഉറപ്പായതോടെ ഓരോ ട്രസ്റ്റുകളും വിദേശ റിക്രൂട്ട്മെന്റ് അതിവേഗത്തിലാക്കിയതാണ് ഇത്രയേറെ ഇന്ത്യൻ- ഫിലിപ്പീൻസ് നഴ്സുമാർ ഒരുവർഷത്തിനുള്ളിൽ എത്താൻ കാരണം.

എൻഎച്ച്എസിൽ നിയമിതരാകുന്ന നഴ്സുമാരിൽ 48 ശതമാനം പേരും രാജ്യത്തിനു വെളിയിൽ പരിശീലനം നേടുന്നവരാണ്. ഇതിൽതന്നെ 66 ശതമാനം പേരും ഇന്ത്യയിലോ ഫിലിപ്പീൻസിലോ ഉള്ളവരും. ബ്രിട്ടനിലെ നഴ്സിങ് ജോലി വിദേശത്തുള്ളവരെ വളരെയേറെ ആകർഷിക്കുന്ന ഒന്നാണെങ്കിലും ഈ ജോലിയുടെ സമ്മർദം മൂലം ബ്രിട്ടീഷുകാരായ നിരവധിയാളുകൾ നഴ്സിങ് ജോലി ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.