1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2022

സ്വന്തം ലേഖകൻ: നാൽപതു വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിന്റെ ഞെരുക്കത്തിലാണ് ബ്രിട്ടൻ. എല്ലാ റെക്കോർഡുകളും ഭേദിച്ച് പണപ്പെരുപ്പനിരക്ക് 10.1 ശതമാനത്തിലെത്തി. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിന്റ നടുവിലാണ് ബ്രിട്ടൻ. 1982ലാണ് ഇതിമു മുമ്പ് പണപ്പെരുപ്പനിരക്ക് രണ്ടക്കത്തിലെത്തിയത്.

ബ്രഡ്, പാൽ, ചീസ്, മുട്ട, തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയാണ് പണപ്പെരുപ്പത്തിന് ആക്കം കൂട്ടിയത്. യുക്രൈൻ യുദ്ധം സൃഷ്ടിച്ച ഇന്ധനവിലവർധനയും അതുവഴിയുണ്ടായ അസംസ്കൃത ഉൽപന്നങ്ങളുടെ ലഭ്യതക്കുറവും വിലവർധനയുമാണ് നിലവിലെ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

വിലക്കയയറ്റത്തിന് ആനുപാതികമായ ശമ്പളവധന ആവശ്യപ്പെട്ട് സർവീസ് മേഖലകളെല്ലാം തന്നെ സമരത്തിന്റെ പാതയിലാണ്. റെയിൽ, പോസ്റ്റൽ സർവീസ്, വ്യോമഗതാഗത മേഖല, പബ്ലിക് ട്രാൻസ്പോർട്ട്, അധ്യാപകർ, ആരോഗ്യമേഖലയിലെ ജീവനക്കാർ എന്നിവരെല്ലാം സമരാഹ്വാനത്തിലാണ്. നിലവിലെ സാഹചര്യത്തിൽ വരുന്ന രണ്ടുവർഷത്തേക്ക് എങ്കിലും സമാനമായ സാഹചര്യം നിലനിൽക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ.

പണപ്പെരുപ്പത്തിനൊപ്പം രാഷ്ട്രീയ പ്രതിസന്ധികൂടി ഉണ്ടായതോടെ പ്രശ്നം പരിഹരിക്കാൻ ആരു മുൻകൈയെടുക്കും എന്ന സ്ഥിതിവിശേഷവുമുണ്ട്. രാജിപ്രഖ്യാപിച്ച ബോറിസ് ജോൺസന്റെ ‘കാവൽ മന്ത്രിസഭ’യാണ് നിലവിൽ അധികാരത്തിലുള്ളത്. സെപ്റ്റംബർ അഞ്ചിന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്ത ശേഷമേ അടിസ്ഥാനപരമായ സാമ്പത്തികനയങ്ങളിൽ ഇനി മാറ്റങ്ങൾക്ക് സാധ്യതയുള്ളൂ.

ഇതിനിടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായി അടിയന്തര ബജറ്റ് എന്ന നിർദേശവുമായി മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഗോർഡൺ ബ്രൗൺ രംഗത്തെത്തി. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം ആരംഭിച്ച ഓൺലൈൻ പ്രചാരണത്തിന് ഇതിനോടകം 120,000 പേരാണ് ഒപ്പുവച്ചത്.

ദൈനംദിന ഭക്ഷ്യോത്പന്നങ്ങളുടെ വിലയില്‍ 34 ശതമാനം വരെയാണ് വര്‍ധന. പുതിയ കണക്കുകള്‍ പ്രകാരം കുറഞ്ഞ കൊഴുപ്പുള്ള പാലിന്റെ വിലയില്‍ 34 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. ഒഎന്‍എസ് പുറത്തുവിടുന്ന ഡാറ്റ പ്രകാരം കഴിഞ്ഞ 12 മാസത്തിനിടെയാണ് ഈ കുതിപ്പ്.

ബട്ടറിന് 27.1 ശതമാനവും, ചീസിന് 17 ശതമാനം ഈ കാലയളവില്‍ വില ഉയര്‍ന്നു. ഒലിവ് ഓയില്‍, ജാം, തേന്‍, മുട്ട എന്നിവയ്ക്ക് 23.6 ശതമാനവും, 21.2%, 14.6% എന്നിങ്ങനെ വില ഉയര്‍ന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന ജനങ്ങള്‍ക്ക് ഒരു ഇടവേള കൊടുക്കാതെയാണ് വില മുകളിലേക്ക് പോകുന്നത് തുടരുന്നതെന്ന് ഹാര്‍ഗ്രീവ്‌സ് ലാന്‍സ്ഡൗണ്‍ അനലിസ്റ്റ് സൂസന്നാ സ്ട്രീറ്റര്‍ ചൂണ്ടിക്കാണിച്ചു.

അതിനിടെ കുടിയന്മാര്‍ക്കും ആഘാതമായി വിലക്കയറ്റം. പബിലും ബാറിലും റെസ്റ്റൊറന്റിലും 6% വിലവര്‍ദ്ധനയാണ് വരുന്നത്. ഒരു പിന്റിന് 9 പൗണ്ട് വരെ ചെലവ് വരുമെന്ന നിലയിലേക്കാണ് വിലവര്‍ധന നടപ്പാക്കുന്നത്.

ഹോസ്പിറ്റാലിറ്റി മേഖലയിലെ വര്‍ധിക്കുന്ന ചെലവുകളാണ് വിലവര്‍ധനയ്ക്ക് ഇടയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിയര്‍ ആരാധകര്‍ക്കും വില വര്‍ദ്ധന തിരിച്ചടിയാണ് സമ്മാനിക്കുക. ഇതോടെ രാജ്യത്തെ മദ്യപാനികള്‍ക്കും, റെസ്റ്റൊറന്റുകള്‍ക്കും ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരും.

2008ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ദ്ധന കണ്ണ് നിറയ്ക്കുന്നതായിരുന്നു. ആ ഘട്ടത്തില്‍ പിന്റിന് 2.30 പൗണ്ട് മാത്രമായിരുന്നു ചെലവ്. അതിന് ശേഷം അടുത്ത വര്‍ഷങ്ങളിലായി 72 ശതമാനമാണ് നിരക്ക് വര്‍ദ്ധിച്ചത്. ലണ്ടനില്‍ ഒരു ശരാശരി പിന്റിന് 5.50 പൗണ്ട് ചെലവുണ്ട്.

നിലവില്‍ തലസ്ഥാനത്തെ ഏറ്റവും വിലയേറിയ പിന്റിന് 8 പൗണ്ട് വരെ നല്‍കണം. അടുത്ത വര്‍ഷത്തോടെ ഇത് 8.48 പൗണ്ടിലേക്ക് എത്തുമെന്നാണ് കണക്ക്. മേഖല ചുമക്കുന്ന കനത്ത ചെലവുകള്‍ മൂലം വില വര്‍ദ്ധിപ്പിക്കാതെ മറ്റ് വഴികളില്ലെന്നാണ് ഹോസ്പിറ്റാലിറ്റി മേധാവികളുടെ മുന്നറിയിപ്പ്.

ചേരുവകള്‍ മുതല്‍ എനര്‍ജിക്കും, വാടകയ്ക്കും വരെ നിരക്ക് വര്‍ദ്ധിക്കുന്നുണ്ട്. അടുത്ത 12 മാസത്തില്‍ ടേക്ക്എവെ, ബാര്‍, ക്ലബ്, ഹോട്ടല്‍ എന്നിവിടങ്ങളില്‍ വിലവര്‍ദ്ധന തിരിച്ചടിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട് വിശദമാക്കുന്നു. പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്ന കുടുംബങ്ങള്‍ക്ക് വലിയ ഭാരം നേരിടേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.