1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2022

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ എൻഎച്ച്എസ് നഴ്സുമാർ ഈവർഷം അവസാനത്തോടെ രാജ്യവ്യാപകമായി സമരത്തിനു ഇറങ്ങും. സമരത്തിനു മുന്നോടിയായി റോയൽ കോളജ് ഓഫ് നഴ്സിങ് നടത്തിയ ഇൻഡസ്ട്രിയൽ ആക്ഷൻ ബാലറ്റിൽ അമ്പത് ശതമാനത്തിലേറെപ്പേരും വാക്കൗട്ടിനെ അനുകൂലിച്ചു.

ഇതനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോയാൽ വർഷാവസാനത്തോടെ ക്രിസ്മസിനു മുമ്പായി രാജ്യത്തെ പകുതിയിലേറെ ആശുപത്രികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും നഴ്സുമാരുടെ സമരം നടക്കും. എമർജൻസി കെയറിനെ സമരം ബാധിക്കില്ലെന്ന് റോയൽ കോളജ് ഓഫ് നഴ്സിങ് ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, സമരം നടന്നാൽ ഈ തണുപ്പുകാലത്ത് രാജ്യത്തെ ആരോഗ്യമേഖല ആകെ അവതാളത്തിലാകുമെന്ന് ഉറപ്പാണ്.

സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും മുഴുവൻ ഹോസ്പിറ്റലുകളും കമ്മ്യൂണിറ്റി സെന്ററുകളും പണിമുടക്കിന് ആനുകൂലമായാണ് വോട്ടുചെയ്തത്. വെയിൽസിൽ ഒരു ട്രസ്റ്റിനു കീഴിലുള്ള ഹോസ്പിറ്റലിൽ ഒഴികെ എല്ലാ ആശുപത്രികളും സമരത്തിന് അനുകൂലമാണ്. ഇംഗ്ലണ്ടിൽ ചില ട്രസ്റ്റുകളിൽ വോട്ടിങ് ശതമാനം അമ്പത് ശതമാനത്തിലും താഴെയായിരുന്നതിനാൽ ഇവിടങ്ങളിൽ യൂണിയന് ഇൻഡസ്ട്രിയൽ ആക്ഷന് യോഗ്യത നേടാനായില്ല.

നിലവിലെ പണപ്പെരുപ്പനിരക്കിലും അഞ്ചുശതമാനം ഉയർന്ന നിരക്കിലുള്ള ശമ്പളവർധന ആവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരം. പന്ത്രണ്ട് ശതമാനത്തിനു മുകളിൽ ഇൻഫ്ലേഷൻ നിലനിൽക്കുന്ന സാഹചര്യത്തിൽ 17 ശതമാനം ശമ്പളവർധനയാണ് യൂണിയൻ ആവശ്യപ്പെടുന്നത്. 2011 മുതൽ 2021 വരെയുള്ള പണപ്പെരുപ്പ നിരക്ക് പരിശോധിച്ചാൽ നിലവിലെ നഴ്സുമാരുടെ ശമ്പളത്തിൽ ആറു ശതമാനത്തിന്റെ കുറവുണ്ടായതായാണ് യൂണിയൻ ചൂണ്ടിക്കാട്ടുന്നത്. ഇതുകൊണ്ടാണ് ഉള്ള നഴ്സുമാരെ നിലനിർത്താനോ ആവശ്യത്തിനുപേരെ കണ്ടെത്താനോ എൻഎച്ച്എസിന് കഴിയാത്തതെന്നാണ് യൂണിയൻ കുറ്റപ്പെടുത്തുന്നത്.

കോവിഡിനുശേഷമുള്ള കനത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് എൻഎച്ച്എസ് കടന്നുപോകുന്നത്. അതിനൊപ്പം സമരംകൂടി എത്തുന്നത് ബ്രിട്ടന്റെ ആരോഗ്യമേഖലയെ താറുമാറാക്കും. എമർജൻസി കെയറിന് ‘എ ആൻഡ് ഇ’കളിൽ ഇപ്പോൾതന്നെ പത്തുമണിക്കൂറിലേറെയാണ് കാത്തിരിപ്പു സമയം. സർജറിയ്ക്കായി ഊഴം കാത്തിരിക്കുന്നത് 70 ലക്ഷത്തോളം പേരാണ്. ജോലി സമ്മർദം മൂലം കഴിഞ്ഞ ഒരുവർഷത്തിനിടെ എൻഎച്ച്എസിൽനിന്നും ജോലി ഉപേക്ഷിച്ചുപോയത് ആയിരക്കണക്കിന് നഴ്സുമാരാണ്. ഇതിനിടെ നഴ്സുമാരുടെ സമരംകൂടിയെത്തിയാൽ സ്ഥിതിഗതികൾ അതിസങ്കീർണമാകും.

ഇതെല്ലാം മനസിലാക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട ജീവിതത്തിന് യോജിച്ച ശമ്പളം നഴ്സുമാർക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് 106 വർഷത്തെ ചരിത്രത്തിൽ ആദ്യമായി റോയൽ കോളജ് ഓഫ് നഴ്സിങ് സമരത്തിന് ഇറങ്ങുന്നത്. രാജ്യത്തെ സർക്കാർ നഴ്സുമാരിൽ മൂന്നിൽ രണ്ടുശതമാനത്തെയും പ്രതിനിധീകരിക്കുന്ന യൂണിയനാണ് റോയൽ കോളജ് ഓഫ് നഴ്സിങ്. സമരത്തിന് അനുകൂലമായ മാൻഡേറ്റ് ലഭിച്ച സാഹചര്യത്തിൽ ക്രിസ്മസിനു മുമ്പുതന്നെ ആദ്യത്തെ വാക്കൗട്ട് നടത്തി സർക്കാരിനെ സമ്മർദത്തിലാക്കാനാണ് യൂണിയന്റെ നീക്കം.

ഇൻഡിപ്പെൻഡന്റ് എൻഎച്ച്എസ് പേയ്മെന്റ് റിവ്യൂ ബോഡിയുടെ ശുപാർശപ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലും നഴ്സുമാർക്ക് 4.75 ശതമാനത്തിന്റെയും സ്കോട്ട്ലൻഡിൽ ശരാശരി എട്ടുശതമാനത്തിന്റെയും വർധന നഴ്സുമാരുടെ ശമ്പളത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. ഈ സാഹചര്യത്തിൽ രോഗികൾക്കുണ്ടാകുന്ന അസൗകര്യം പരിഗണിച്ച് സമരനീക്കത്തിൽനിന്നും പിന്മാറണമെന്നു സർക്കാർ അഭ്യർഥിച്ചു.

പബ്ലിക് സെക്ടറിൽ ജോലി ചെയ്യുന്ന മറ്റെല്ലാവർക്കും കോവിഡിന്റെ സാഹചര്യത്തിൽ ഒരു ശതമാനം പോലും ശമ്പളവർധന നൽകാതിരുന്ന കാലത്ത് ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞവർഷം മൂന്നു ശതമാനം ശമ്പളവർധന നൽകിയ കാര്യവും സമരത്തിൽനിന്നും പിന്മാറാനായി സർക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.