1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2022

സ്വന്തം ലേഖകൻ: എന്‍എച്ച്എസ് ജീവനക്കാര്‍ കോവിഡ് ബാധിതരാവുകയോ ഐസൊലേഷനില്‍ പോകുകയോ ചെയ്യുമ്പോള്‍ നല്‍കിയിരുന്ന സ്‌പെഷ്യല്‍ പെയ്ഡ് സിക്ക് ലീവ് അടുത്ത ആഴ്ച മുതല്‍ റദ്ദാക്കും. കോവിഡിനൊപ്പം ജീവിക്കാന്‍ തുടങ്ങിയതോടെ സിക്ക് പേ നിയമങ്ങള്‍ പഴയ പടിയാക്കുകയാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ പറയുന്നു.

ജൂലൈ 7 മുതലാണ് ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും സിക്ക് പേയ്ക്ക് നല്‍കിയിരുന്ന പ്രീ-കോവിഡ് കരാറുകള്‍ തിരിച്ചെത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും കോവിഡുമായി ബന്ധപ്പെട്ട് ഹാജരാകാതെ പോയാല്‍ ഫുള്‍ പേ നല്‍കുന്നുണ്ട്.

കോവിഡ് രാജ്യത്ത് വീണ്ടും വര്‍ദ്ധിക്കുമ്പോഴാണ് രോഗം ബാധിച്ചാലും, ഐസൊലേഷനില്‍ പോയാലും സ്‌പെഷ്യല്‍ സിക്ക് പേ നല്‍കേണ്ടെന്ന തീരുമാനം വരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനം അവഗണയുടേതാണെന്ന് നഴ്‌സുമാര്‍ വിമര്‍ശിച്ചു. യുകെ സര്‍ക്കാര്‍ നഴ്‌സിംഗ് ജീവനക്കാര്‍ക്ക് നല്‍കുന്ന മൂല്യം എത്ര ചെറുതാണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് കുറ്റപ്പെടുത്തി.

ഇംഗ്ലണ്ടില്‍ കഴിഞ്ഞ ആഴ്ചയില്‍ 1.8 മില്ല്യണ്‍ പേരാണ് കോവിഡ് പോസിറ്റീവായത്, ഏകദേശം 30ല്‍ ഒരാള്‍ക്ക് വീതം വൈറസ് പിടിപെട്ടുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. ‘കോവിഡ്-19 എവിടെയും പോയിട്ടില്ലെന്ന് വ്യക്തമാകുമ്പോള്‍ ഈ തീരുമാനം നിരാശാജനകമാണ്. നഴ്‌സിംഗ് ജീവനക്കാരെ വൈറസ് കൂടുതലായി ബാധിക്കുന്നുണ്ട്. ഞങ്ങളുടെ നിരവധി അംഗങ്ങള്‍ കോവിഡ് ബാധിതരാണ്’, ആര്‍സിഎന്‍ ഇംഗ്ലണ്ട് ഡയറക്ടര്‍ പട്രീഷ്യാ മാര്‍ക്വിസ് പറഞ്ഞു.

പലര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഈ ഘട്ടത്തില്‍ ഫുള്‍ സിക്ക് പേ കൂടി നഷ്ടമാകുമെന്ന ഭീഷണി ജോലി സ്ഥലത്തെ അപകടമാണ്, ഇത് അവഗണയാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍എച്ച്എസ് ശമ്പളം പലര്‍ക്കും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള വരുമാനം നല്‍കുന്നില്ല. ഈ സമയത്ത് രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ഇത് തിരിച്ചടിയാണ്, മാര്‍ക്വിസ് വ്യക്തമാക്കി.

കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കുന്ന ഘട്ടത്തിലാണ് താല്‍ക്കാലി എന്‍എച്ച്എസ് സ്റ്റാഫ് സിക്ക്‌നെസ് ഗൈഡന്‍സ് പിന്‍വലിക്കുന്നതെന്ന് ഡിഎച്ച്എസ്‌സി വക്താവ് പറഞ്ഞു. സാധാരണ എന്‍എച്ച്എസ് നിബന്ധനകള്‍ പ്രകാരം സര്‍വീസിന്റെ ദൈര്‍ഘ്യം അനുസരിച്ച് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആറ് മാസം വരെ ഫുള്‍ പേയും, ആറ് മാസം ഹാഫ് പേയും നല്‍കുമെന്ന് മാത്രമാണ് വകുപ്പിന്റെ വിശദീകരണം.

ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഏറുകയാണ്. ജീവനക്കാരുടെ ക്ഷാമവും ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണവും കൂടുന്നത് ആശങ്കയുളവാക്കുന്നു. ഒമിക്രോണ്‍ ഉപ വകഭേദങ്ങളായ ബി എ 4, ബി എ 5 എന്നിവയാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണം. പൊതു ഇടത്ത് മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.