1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2023

സ്വന്തം ലേഖകൻ: ബ്രെക്സിറ്റിലെ ബാലികേറാമല കയറി റിഷി സുനാക്; നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് കരാർ പ്രാബല്യത്തിൽ. ടോറി പാര്‍ട്ടിയിലെ ബോറിസ് അനുകൂലികളുടെയും ലേബര്‍ പാര്‍ട്ടിയുടെയും പ്രതീക്ഷ തകിടം മറിച്ച് പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ബ്രിട്ടീഷ് മെയിന്‍ലാന്‍ഡില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ സമുദ്രാതിര്‍ത്തി വഴിയുള്ള ചരക്ക് നീക്കം തടസ്സങ്ങള്‍ ഇല്ലാതെ തുടരാം. എന്നാല്‍, അതിര്‍ത്തിയുടെ പൂര്‍ണ്ണമായം നിയന്ത്രണം ബ്രിട്ടന് ലഭിച്ചിട്ടില്ല. അതിര്‍ത്തി കടക്കുന്ന ഒട്ടുമിക്ക ചരക്കുകളുടെയും പരിശോധനകള്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ത്തലാക്കും.

റെഡ്, ഗ്രീന്‍ കസ്റ്റംസ് ചാനലുകളിലൂടെ ചരക്ക് നീക്കം തുടരും. ഇതോടെ യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളില്‍ 97 ശതമാനവും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നും നീക്കം ചെയ്യാനായി എന്നാണ് സുനാക് അവകാശപ്പെടുന്നത്. ഇപ്പോഴും നിലനില്‍ക്കുന്ന ഇ യു ചട്ടങ്ങളില്‍ പ്രധാനം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സിംഗിള്‍ മാര്‍ക്കറ്റ് നിയമങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ അന്തിമ അഥോറിറ്റി യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് തന്നെയായിരിക്കും എന്നതാണ്. അതേസമയം, കേസുകള്‍ നേരിട്ട് റെഫര്‍ ചെയ്യാനുള്ള അധികാരം യൂറോപ്യന്‍ യൂണിയന് ഉണ്ടായിരിക്കുന്നതുമല്ല.

അതിനു പുറകെ വാറ്റ് നിയമങ്ങളിലും മാറ്റങ്ങള്‍ വരും. ഇതോടെ എക്സൈസ് ഡ്യുട്ടിയുടെ പൂര്‍ണ്ണ നിയന്ത്രണം യു കെയ്ക്ക് ലഭിക്കും. പുതിയ മെഡിസിന്‍ നിയമങ്ങള്‍, വളര്‍ത്തു മൃഗങ്ങളെ കൊണ്ടു പോകുന്നതും സുഗമമാക്കും. എന്നാല്‍, ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനമായത് യൂറോപ്യന്‍ യൂണിയന്റെ ചരക്ക് നിയമങ്ങള്‍ക്കെതിരെ വീറ്റോ പ്രയോഗിക്കുന്നതിനുള്ള അധികാരം നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പാര്‍ലമെന്റിന് ലഭിക്കും എന്നതാണ്. മാത്രമല്ല, ആ നിയമങ്ങള്‍ നിലനില്‍ക്കണമോ എന്ന് തീരുമാനിക്കാനുള്ള അധികാരവും പാര്‍ലമെന്റിനായിരിക്കും.

ആഴ്ചകളായി നടന്ന രഹസ്യ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്രക്‌സിറ്റിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ പിടികൂടിയ പ്രതിസന്ധികളില്‍ നിന്നും കരകയറ്റാന്‍ ഒരു അന്തിമകരാറില്‍ പ്രധാനമന്ത്രിയും, യൂറോപ്യന്‍ കമ്മീഷന്‍ ചീഫ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെനും തീരുമാനത്തിലെത്തിയത്. ലണ്ടനും, ബ്രസല്‍സും തമ്മിലുള്ള ബന്ധത്തിലെ പുതിയ അധ്യായമെന്ന് കരാറിനെ വിശേഷിപ്പിച്ച സുനാക് ഇതുവഴി യുകെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നും പ്രഖ്യാപിച്ചു.

അസാധ്യമെന്ന് പലരും പറഞ്ഞതാണ് നടത്തിയതെന്ന് സുനാക് കോമണ്‍സില്‍ എംപിമാരോട് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, ലിസ് ട്രസും ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. അതേസമയം മുന്‍ പ്രധാനമന്ത്രി തെരേസ മേ, ഡേവിഡ് ഡേവിസ്, ഡൊമിനിക് റാബ്, സ്റ്റീവ് ബാര്‍ക്ലേ തുടങ്ങിയവര്‍ കരാറിന് പിന്തുണ പ്രഖ്യാപിച്ചു.

ഇയുവില്‍ നിന്നും ‘സ്റ്റോര്‍മോണ്ട് ബ്രേക്ക്’ എന്ന പേരില്‍ നേടിയ അവകാശം വഴി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന് ഭാവി ഇയു നിയമങ്ങളെ വീറ്റോ ചെയ്യാം. ഉത്പന്നങ്ങളുടെ വിതരണത്തിന് രണ്ട് ട്രേഡ് വഴികളാണ് ആരംഭിക്കുക. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്കുള്ള ഉത്പന്നങ്ങള്‍ ഗ്രീന്‍ ലെയിന്‍ വഴി അധികം പരിശോധനകളില്ലാതെ കടന്നുപോകും.

പുതിയ കരാറിന്റെ വിശദാംശങ്ങള്‍ ബോറിസ് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ പ്രതികരിക്കും എന്നുമായിരുന്നു അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.