1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2022

സ്വന്തം ലേഖകൻ: പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ചൈനയ്‌ക്കെതിരെ നീക്കങ്ങൾ കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. ബ്രിട്ടണും ചൈനയും തമ്മിലുള്ള സുവർണ്ണ കാലഘട്ടം അവസാനിപ്പിക്കാൻ സമയമായെന്ന് വിദേശ നയത്തെക്കുറിച്ചുള്ള തന്റെ ആദ്യത്തെ പ്രസംഗത്തിൽ സുനാക് പറഞ്ഞു.

ചൈനയുടെ സ്വേച്ഛാധിപത്യ ഭരണം കാരണം യുകെയുടെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും രാജ്യം വെല്ലുവിളിയാണെന്നും അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റ് ചൈനയോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും സുനാക് ചൂണ്ടിക്കാട്ടി. ലണ്ടനിലെ ഗിൽഡ്ഹാളിൽ നടന്ന പ്രസംഗത്തിലാണ് സുനാക് ചൈനയ്‌ക്കെതിരെ തുറന്നടിച്ചത്.

ചൈനയിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും സുനാക് വിമർശിച്ചു. ചൈനയുമായുള്ള വ്യാപാരം സാമൂഹികവും രാഷ്‌ട്രീയപരവുമായ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന ചിന്ത തന്നെ അവസാനിപ്പിക്കാം. ബ്രിട്ടന്റെ മൂല്യങ്ങൾക്കും ആശയങ്ങൾക്കും ചൈന ഇന്ന് കടുത്ത വെല്ലുവിളിയാണ്.

ലോക്ഡൗണിനെതിരെ ചൈനയിൽ നടക്കുന്ന പ്രതിഷേധങ്ങളിലും യുകെ പ്രധാനമന്ത്രി പ്രതികരിച്ചു. ജനങ്ങളുടെ ആശങ്കകൾക്ക് ചെവികൊടുക്കാതെ, അവരെ കൂടുതൽ അടിച്ചമർത്തുകയാണ് ചൈനീസ് ഭരണകൂടം. ചൈനയിലെ ബിബിസി റിപ്പോർട്ടറെ മർദ്ദിച്ച് അറസ്റ്റ് ചെയ്ത സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് ആളുകളാണ് ചൈനീസ് ഭരണകൂടത്തിനെതിരെ പ്രതിഷേധം നടത്തുന്നത്. പേപ്പറുകളും വെളുത്ത പൂക്കളും പിടിച്ചുകൊണ്ട് ഇവർ വേറിട്ട പ്രതിഷേധം നടത്തിയിരുന്നു. സ്വാതന്ത്ര്യമാണ് തങ്ങൾക്ക് വേണ്ടത് എന്നാണ് ജനങ്ങൾ പറയുന്നത്.

യുകെയിൽ ചൈനയുടെ സ്വാധീനം തടയാൻ ദേശീയ സുരക്ഷാ, നിക്ഷേപ നിയമത്തിന് കീഴിൽ പുതിയ അധികാരം എന്നതുൾപ്പെടെ യുകെ സർക്കാർ സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുമായി യുകെയ്‌ക്ക് നയതന്ത്ര ബന്ധമുണ്ടെന്നും വ്യാപാര രംഗത്ത് സജീവമായി ഏർപ്പെടുന്നുണ്ടെന്നും സുനാക് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.