
സ്വന്തം ലേഖകൻ: ജ്യത്തു സാല്‍മൊണല്ല ഭീതിയെ തുടര്‍ന്ന് യുകെയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ചിക്കന്‍ ഉത്പന്നങ്ങള്‍ തിരികെയെടുക്കുന്നു. ചിക്കന്‍ സാന്‍ഡ്‌വിച്ചുകള്‍, റാപ്പുകള്‍, സാലഡുകള്‍ തുടങ്ങിയവ വാങ്ങിയ ഉപഭോക്താക്കളോട്, അവ ഭക്ഷിക്കരുതെന്നും റീഫണ്ടിനായി സ്റ്റോറുകളിലേക്ക് മടക്കി നല്‍കാനും സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍ദ്ദേശിക്കുന്നു. മലയാളി കുടുംബങ്ങളടക്കം ധാരാളമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ ആണിവ.
ടെസ്‌കോ, സെയിന്‍സ്‌ബറിസ്, ആല്‍ഡി, പ്രെറ്റ് എ മാംഗര്‍, എം ആന്‍ഡ് എസ്, വെയ്‌ട്രോസ് എന്നിവരാണ് നൂറോളം ചിക്കന്‍ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചത്. ആമസോണ്‍, കഫെ നീറോ, കോസ്റ്റ, വണ്‍ സ്റ്റോപ്പ്, സ്റ്റാര്‍ബക്സ് എന്നിവയുള്‍പ്പെടെയുള്ളവരും ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നുണ്ടെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്എസ്എ) അറിയിച്ചു. മെയ് 11 മുതല്‍ 20 വരെ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളാണ് പ്രധാനമായും തിരിച്ചുവിളിച്ചത്.
ഹള്ളിലെ ക്രാന്‍സ്‌വിക്ക് കണ്‍ട്രി ഫുഡ്‌സ് പ്രോസസ്സിംഗ് പ്ലാന്റിലെ പരിശോധനയിലാണ് സാല്‍മൊണല്ലാ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം ഒരു മുന്‍കരുതല്‍ നടപടിയാണെന്ന് സൂപ്പര്‍മാര്‍ക്കറ്റുകളുടെ വെബ്സൈറ്റില്‍ പറയുന്നു. 33 ഇനങ്ങളാണ് സെയിന്‍സ്‌ബറി തിരിച്ചുവിളിക്കുന്നത്.
ചിക്കന്‍ സാന്‍ഡ്‌വിച്ചുകള്‍, ചിക്കന്‍ റാപ്പുകള്‍, ചിക്കന്‍ സാന്‍ഡ്‌വിച്ച് പ്ലേറ്ററുകള്‍, പാകം ചെയ്ത ചിക്കന്‍ തുടങ്ങിയവയാണ് തിരിച്ചുവിളിക്കുന്നതെന്ന് സെയിന്‍സ്‌ബറിയുടെ വക്താവ് അറിയിച്ചു. ‘ചിക്കന്‍ ഉല്‍പ്പന്നം ഉപയോഗിക്കരുതെന്നും അടുത്തുള്ള സെയിന്‍സ്ബറി സ്റ്റോറിലേക്ക് തിരികെ നല്‍കണമെന്നും ഞങ്ങള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. അവിടെ അവര്‍ക്ക് മുഴുവന്‍ റീഫണ്ടും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു.’ കമ്പനി അധികൃതര്‍ പറഞ്ഞു.
ചിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. വിഷയം ചിക്കന്‍ വിപണിയെയും ദോഷകരമായി ബാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല