
സ്വന്തം ലേഖകൻ: ആണവ പോർമുന വഹിക്കാവുന്ന മിസൈലുകൾ ഉൾപ്പെടുത്തി റഷ്യ ‘ഗ്രോം’ എന്ന പേരിൽ സൈനിക പരിശീലനം നടത്തി. ഭൂഖണ്ഡാന്തര മിസൈലുകളായ ആർഎസ്–24 യാർസ്, ആർ–29 ആർഎംയു സിനേവ ഉൾപ്പെടെ വിവിധ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ പരീക്ഷിച്ച പരിശീലനത്തിനു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നേരിട്ടു മേൽനോട്ടം വഹിച്ചു. റഷ്യയ്ക്കു നേരെ ആണവാക്രമണമുണ്ടാകുന്ന പക്ഷം തിരിച്ചടിക്കാൻ പദ്ധതി തയാറാക്കാനാണു പരിശീലനമെന്ന് പ്രതിരോധമന്ത്രി സെർജി ഷൂഗു വിശദീകരിച്ചു.
ഡേർട്ടി ബോംബെന്നറിയപ്പെടുന്ന ആണവവികിരണ ശേഷിയുള്ള സ്ഫോടകവസ്തുക്കൾ യുക്രെയ്ൻ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്ന് റഷ്യ ആരോപിക്കുന്നതിനിടെയാണ് പുതിയ പരിശീലനം. യുക്രെയ്നും സഖ്യരാജ്യങ്ങളും ഈ വാദം തള്ളി. അത്തരമൊരു ആക്രമണം സ്വയം നടത്തിയശേഷം ഉത്തരവാദിത്തം തങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രെയ്ൻ പ്രതികരിച്ചു. എന്നാൽ, ആരോപണം ആവർത്തിക്കുന്ന റഷ്യ, പ്രശ്നം യുഎൻ രക്ഷാസമിതിയിൽ ഉന്നയിക്കുകയും ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുമായി ചർച്ച നടത്തുകയും ചെയ്തു.
റഷ്യയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്നിലുള്ള എല്ലാ ഇന്ത്യക്കാരും ലഭ്യമായ മാർഗങ്ങളുപയോഗിച്ച് ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് എംബസി ഈ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. വിവരങ്ങൾക്ക്: eoiukraine.gov.in
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല