1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2024

സ്വന്തം ലേഖകൻ: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

സിങ്കപ്പുർ പതാകയുള്ള കണ്ടെയ്നർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. 300 മീറ്ററോളം നീളമുള്ള കപ്പൽ കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളത്തില്‍ വീണ് ഏഴ് പേരെ കാണാതായതായാണ് ആദ്യ റിപ്പോര്‍ട്ട്. 1.6 മൈല്‍(2.5 കിലോമീറ്റര്‍) നീളമുള്ള പാലത്തിന്റെ വലിയൊരു ഭാഗമാണ് ഒന്നാകെ തകര്‍ന്നത്‌.

അപകടത്തിൽ കപ്പലിന് തീ പിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. വെള്ളത്തില്‍ വീണ് 20 പേരെ കാണാതായതായെന്നും ഏഴ് വാഹനങ്ങൾ നദിയിലേക്ക് വീണെന്നുമാണ് ആദ്യ റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

കപ്പലിന് 27 ​ദിവസം നീളുന്ന യാത്രാപദ്ധതിയായിരുന്നു അധികൃതർ തയ്യാറാക്കിയിരുന്നത്. ഏപ്രിൽ 22-ന് കപ്പൽ കൊളംബോയിൽ എത്തിച്ചേരേണ്ടതായിരുന്നു. പനാമയിൽനിന്നും മാർച്ച് 19-നാണ് കപ്പൽ ന്യൂയോർക്കിൽ എത്തിയത്. തുടർന്ന് ശനിയാഴ്ച ബാൾട്ടിമോറിലേക്കെത്തി. രണ്ടുദിവസം ഇവിടെ തങ്ങിയ ശേഷം ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ ബാൾട്ടിമോറിൽനിന്ന് യാത്രതിരിച്ചെങ്കിലും അമേരിക്കൻ പ്രാദേശികസമയം 1.30-ഓടെ അപകടത്തിൽപ്പെടുകയായിരുന്നു.

മെരിലാൻഡിലെ സെൻട്രൽ ബാൾട്ടിമോറിന്‍റെ തെക്കുകിഴക്കു ഭാ​ഗത്ത് പറ്റാപ്സ്കോ നദിയ്ക്കു കുറുകെയാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം സ്ഥിതിചെയ്യുന്നത്. അമേരിക്കൻ ദേശീയ​ഗാനത്തിന്റെ രചയിതാവ് ഫ്രാൻസിസ് സ്കോട്ട് കീയുടെ പേരിലുള്ള പാലം, 1977 മാർച്ച് 23-നാണ് ​ഗാതാ​ഗത്തിന് തുറന്നുകൊടുത്തത്. പട്ടാപ്സ്കോ നദിയിൽനിന്ന് 185 അടി ഉയരത്തിലാണ് നാലുവരി പാലം സ്ഥിതിചെയ്യുന്നത്.

പ്രധാന വ്യവസായ ന​ഗരമായ ബാൾട്ടിമോറിലെ റോഡ് ​ഗതാ​ഗത ശൃംഖലയുടെ പ്രധാനഭാ​ഗമാണ് ഈ പാലം. യുഎസിന്റെ കിഴക്കൻ തീരത്തെ പ്രധാന പാതയായ വടക്ക്- തെക്ക് ഹൈവേയുടെ ഭാ​ഗവുമാണിത്. ഫ്ലോറിഡയിലെ മയാമി മുതൽ മെയ്ൻ വരെയാണ് ഈ പാത നീണ്ടുകിടക്കുന്നത്.

1972- ഓ​ഗസ്റ്റിലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 60.3 മില്യൺ ഡോളറാണ് നിർമാണ ചിലവ്. പൂർണമായും സ്റ്റീൽ ഉപയോ​ഗിച്ചാണ് നിർമാണം. 1.6 മൈല്‍ (2.5 കിലോമീറ്റര്‍) ആണ് നീളം. പ്രധാന സ്പാനിന്റെ നീളം 1200 അടി (366 മീറ്റർ) ആണ്. പ്രതിവർഷം 11.5 മില്യൺ വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നു എന്നാണ് കണക്ക്. മെരിലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയ്ക്കാണ് പാലത്തിന്റെ പരിപാലന ചുമതല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.