1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2012

സോണി ജോസഫ്‌

പ്രകൃതിപോലും ഏല്ലാം മറന്ന് ഭക്തിലഹരിയില്‍ ആറാടിയ ദിവസം. ഒരാഴ്ചയായി മുടങ്ങാതെ പെയ്തുകൊണ്ടിരുന്ന മഴ ഇന്നലെ വാല്‍സിംഗ്ഹാമില്‍ പെയ്തില്ല. ആകാശത്തിന്റെ മറനീക്കി വേനല്‍ സൂര്യന്‍ പുറത്തുവന്നു. മനസിലും നാവിലും ഭക്തിമന്ത്രങ്ങള്‍ മാത്രം ഉരുവിട്ടുകൊണ്ട് ഇംഗ്ലണ്ടിന്റെ ഏല്ലാ ഭാഗത്തുനിന്നും അനേകര്‍ തങ്ങളുടെ സ്വര്‍ഗീയ അമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തി. ആ ദര്‍ശനം ഒന്നുകൂടി നടത്താന്‍. അനവധി അനുഗ്രഹങ്ങളേറ്റുവാങ്ങുവാന്‍.

ഇന്നലെ വാല്‍സിംഗ്ഹാം സാക്ഷ്യം വഹിച്ചത് ഇത്തരം അവിസ്മരണീയമായ നിമിഷങ്ങളുടെ ആഘോഷദൃശ്യങ്ങള്‍ക്കാണ്. ആറാമത് സീറോമലബാര്‍ തീര്‍ത്ഥാടനത്തിന് ഏതാണ്ട് രണ്ടായിരത്തോളം വരുന്ന ഭക്തജനങ്ങള്‍ പങ്കെടുത്തു. താമരശ്ശേരി മെത്രാനായ അഭിവന്ദ്യ മാര്‍ റെമജിയോസ് ഇഞ്ചയാനിയിലിന്റെ വിശിഷ്ട സാന്നിദ്ധ്യത്താല്‍ ധന്യമായ ഈ വര്‍ഷത്തെ തീര്‍ത്ഥാടനം എല്ലാ വിധത്തിലും വാല്‍സിംഗ്ഹാം ഇന്നോളം കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും വലിയ തിരുനാളാഘോഷങ്ങളിലൊന്നായിരുന്നു എന്ന് ആര്‍ക്കും നിസ്സംശയം പറയാം. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാ. മാത്യൂ ജോര്‍ജ്ജ് വണ്ടാളക്കുന്നേലിന്റെ നേതൃത്വത്തില്‍ ഇരുനൂറ് പേരടങ്ങുന്ന ആദ്യ തീര്‍ത്ഥയാത്ര മുതല്‍ ഇന്നോളം ഇങ്ങോട്ട് അനുഗ്രഹത്തിന്റെ കഥകളെ ഈ മരിയന്‍ യാത്രക്ക് ലോകത്തിന്റെ മുന്നില്‍ സാക്ഷ്യപ്പെടുത്താനുളളു.

അത് പങ്കെടുക്കുന്ന ഭക്തരുടെ എണ്ണത്തിന്റെ ക്രമാതീതമായ വര്‍ദ്ധനയുടെ കാര്യത്തിലായാലും അവര്‍ക്ക് കിട്ടുന്ന നിരവധി അനുഗ്രഹങ്ങളുടെ കാര്യത്തിലായാലും ഓരോ വര്‍ഷവും ഈ തീര്‍ത്ഥാടനം ക്രമീകരിക്കുന്ന പാടവത്തിന്റെ കാര്യത്തിലായാലും ശരി. റവ. ഫാ. മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാര്‍പ്‌നെസ്സിന്റെ ആദ്ധ്യാത്മിക നേതൃത്വത്തില്‍ കേംബ്രിഡ്ജ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹമാണ് ഇത്തവണ തീര്‍ത്ഥാടനം ഏറ്റെടുത്ത് വിജയകരമായി നടത്തിയത്. എല്ലാ അര്‍ത്ഥത്തിലും പരിപൂര്‍ണ്ണമായ സംഘടനാ പാടവമാണ് കേംബ്രിഡ്ജിലെ സമൂഹം കാഴ്ചവെച്ചത്. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍, കൃത്യനിഷ്ഠത, ഭക്ഷണം, പാര്‍ക്കിംഗ് എന്നിങ്ങനെയുളള അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കം തുടങ്ങിയ എല്ലാരീതിയിലും ഇക്കുറി തീര്‍ത്ഥാടനം ക്ലേശരഹിതമായ ഒരു അനുഭവം തന്നെ ആയിരുന്നു.

രാവിലെ പത്ത് മണിയോടെ തന്നെ വാല്‍സിംഗ്ഹാം ഭാഗത്തേക്കുളള എല്ലാ റോഡുകളും ഭക്തജനങ്ങളുടെ വാഹനങ്ങള്‍ മൂലം തിരക്കേറി തുടങ്ങിയിരുന്നു. കൃത്യം പതിനൊന്ന് മണിയോട് തന്നെ തീര്‍ത്ഥാടന യാത്ര ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭക്തസമൂഹം മരിയ ഗീതങ്ങളും ജപമാലയും അര്‍പ്പിച്ചുകൊണ്ടാണ് കാല്‍നടയായി ഈ യാത്രയില്‍ പങ്കെടുത്തത്. ഒന്നരയോടെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുളള ഭക്തയാത്ര സ്ലിപ്പര്‍ ചാപ്പലിലെത്തി. തുടര്‍ന്ന് കുട്ടികളെ അടിമ വയ്ക്കലിനുളള സമയമായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിയോടെ വിശുദ്ധ കുര്‍ബാന ആരംഭിച്ചു. ഏഴ് വൈദികരുടെ നേതൃത്വത്തില്‍ അഭിവന്ദ്യ റെമജിയോസ് പിതാവ് ദിവ്യബലി അര്‍പ്പിച്ചു. ആദ്യ പന്തക്കുസ്താ അനുഭവം മുതല്‍ സഭയുടെ ചരിത്ത്രില്‍ ഉടനീളം മാതാവില്‍ ഉള്ള അഭേദ്യമായ ബന്ധവും സ്ഥാനവും പിതാവ് വളരെ വ്യക്തവും വസ്തുനിഷ്ടവുമായി ഭക്തര്‍ക്ക് വിശദീകരിച്ചുനല്‍കി. കാല്‍വരിയില്‍ ക്രൂശിതനായ ക്രിസ്തുവില്‍ സ്വന്തം മകന്റെ മുഖം ദര്‍ശിക്കാതെ ദൈവപുത്രന്റെ മുഖം ദര്‍ശിച്ച മറിയത്തെ പോലെ ഈ പ്രവാസ ജീവിതത്തിന്റെ കഷ്ടതകളിലും നിരാശകളിലും ദൈവഹിതം തേടുവാന്‍ വിശ്വാസികളെ പിതാവ് ആഹ്വാനം ചെയ്തു.

നിരവധി മൂല്യച്യൂതികള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ നാട്ടില്‍ പുതിയ ദൈവസാക്ഷ്യമായി ജീവിക്കേണ്ട ബാധ്യത നമുക്കുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തിയ കേംബ്രിഡ്ജ് സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിനും അടുത്ത തവണത്തെ പ്രസുദേന്തകളായ ബെഡ്ഫോര്‍ഡ്് സീറോ മലബാര്‍ കാത്തോലിക്ക സമുഹത്തിനും വേണ്ടി പ്രത്യേക അനുഗ്രഹ പ്രാര്‍ത്ഥനകള്‍ നടത്തി. തിരുനാളിനുള്ള കത്തിച്ച തിരി കേംബ്രിഡ്ജില്‍ നിന്നും ബെഡ്ഫോര്‍ഡ്് ഏറ്റുവാങ്ങി ഈ വര്‍ഷത്തെ തീര്‍ത്ഥാടനം സമാപനമായി.

ഇംഗ്ലണ്ടിലെ നസ്രത്തായ വാല്‍സിംഗ്ഹാമിനെ മലയാളികളുടെയിടയില്‍ ഇത്രത്തോളം ശക്തമായ തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റിയത് ഈസ്റ്റ് ആംഗ്ലിയയിലെ സീറോ മലബാര്‍ ചാപ്ലിനായ ഫാ. മാത്യൂ ജോര്‍ജ് വണ്ടാളകുന്നേലിന്റെ നേതൃപാടവം ഒന്നുമാത്രമാണെന്ന് ഏല്ലാവരും ഒന്നടങ്കം പറയും. വര്‍ഷങ്ങള്‍ക്കു മുമ്പ് യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയായില്‍ ഇംഗ്ലീഷ് ഉപരിപഠനത്തിന് എത്തിയ അച്ചന്റെ വ്യക്തിപ്രഭാവവും സംഘടനാപാടവവും അദ്ദേഹത്തെ മലയാളികള്‍ക്ക് മാത്രമല്ല ഇംഗ്ലണ്ടിലെ കത്തോലിക്ക നേതൃത്വത്തിനും പ്രിയങ്കരനും മാതൃക പുരോഹിതനുമാക്കി മാറ്റി. ഏല്ലാ മാസവും ഈസ്റ്റ് ആംഗ്ലിയായില്‍ ഓടിനടന്ന് തന്റെ അജഗണങ്ങള്‍ക്കായി മലയാളത്തില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ അച്ചന്‍ എത്തിച്ചേരാറുണ്ട്. പ്രേഷിതവേലയില്‍ മനസുറപ്പിച്ചാല്‍ ഏതു സമര്‍പ്പിതനും ഏതു മണ്ണില്‍നിന്നും നൂറുമേനി ഫലം കൊയ്യാമെന്ന് അച്ചന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

അച്ചനെ ഈ നാട്ടിലേക്കയച്ച പരമകാരുണികനായ സ്വര്‍ഗ പിതാവിനോട് നമ്മള്‍ വിശ്വാസികള്‍ എത്രമാത്രം കടപെട്ടിരിക്കണമെന്ന് ഈ തീര്‍ത്ഥാടനയാത്രയ്ക്ക് സാക്ഷിയായ ഓരോ വിശ്വാസിയും മനസില്‍ ഓര്‍ത്തിട്ടുണ്ടാകണം. ആറു മണിയോടെ തീര്‍ത്ഥാടന സ്ഥലത്തുനിന്നും ഭക്തര്‍ മടങ്ങാന്‍ തുടങ്ങിയപ്പോഴേക്കും അതുവരെ ഏങ്ങോപോയൊളിച്ചിരുന്ന മഴമേഘങ്ങള്‍ പതുക്കെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. ഒരു പക്ഷേ ഇന്നുകണ്ട അനുഗ്രഹദൃശ്യങ്ങള്‍ ഓര്‍ത്തു മനസുനിറഞ്ഞ് അടുത്ത ദിവസങ്ങളില്‍ അവര്‍ എല്ലാം മറന്നു നിറഞ്ഞുപെയ്‌തേക്കാം. ക്രോവേന്മാരുടെയും സ്രാപ്പേന്മാരുടെയും സ്തുതികള്‍ക്കിടയില്‍ സ്വര്‍ഗ്ഗിയപിതാവിനും ദൈവപുത്രനും ഒപ്പം മഹത്വത്തിന്റെ രാജ്ഞിയായി വാഴുന്ന ആ അമ്മയുടെ മുന്നില്‍ ആ മഴദൈവങ്ങളുടെ ആരാധനായായിരിക്കാം അത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.