1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2022

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്‌നിപര്‍വ്വതമായ ഹവായിയിലെ മൗന ലോവ 40 വര്‍ഷത്തിനിടെ ആദ്യമായി പൊട്ടിത്തെറിച്ചതായി യു എസ് അധികൃതര്‍. അഗ്നിപര്‍വതത്തില്‍ നിന്ന് തിങ്കളാഴ്ച ലാവയും ചാരവും പുറന്തള്ളപ്പെട്ടു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ടതില്ല എങ്കിലും സ്ഥിതിഗതികള്‍ മാറിയാല്‍ സ്‌ഫോടനം സമീപവാസികള്‍ക്ക് ഭീഷണിയാകുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

മൗന ലോവ വര്‍ഷങ്ങളായി പൊട്ടിത്തെറിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് 45 മൈല്‍ (72 കിലോമീറ്റര്‍) അകലെ ഹവായിയിലെ പ്രധാന ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള കോണ എന്ന പട്ടണത്തില്‍ നിന്ന് പൊട്ടിത്തെറി ദൃശ്യമാകുന്നുണ്ട് എന്നാണ് യു എസ് ജി എസ് അറിയിക്കുന്നത്. മുന്‍കരു്തല്‍ നടപടികള്‍ സ്വീകരിക്കണം എന്ന് യു എസ് ജി എസ് പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു.

ഹവായിയന്‍ അഗ്‌നിപര്‍വ്വത നിരീക്ഷണാലയം എമര്‍ജന്‍സി മാനേജ്മെന്റ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി വരികയാണെന്നും അഗ്‌നിപര്‍വ്വതത്തിന് 13,674 അടി (4,168 മീറ്റര്‍) മുകളിലൂടെ ആകാശ നിരീക്ഷണം നടത്തുമെന്നും ഏജന്‍സി അറിയിച്ചു. പ്രദേശത്തേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. അതേസമയം ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള ഉത്തരവുകളൊന്നും നല്‍കിയിട്ടില്ലെന്ന് ഹവായ് അധികൃതര്‍ പറഞ്ഞു.

അതേസമയം അഗ്‌നിപര്‍വ്വതത്തിന്റെ വശങ്ങളിലുള്ള വിള്ളല്‍ മേഖലകളില്‍ നിന്ന് മാഗ്മ ഒഴുകാന്‍ തുടങ്ങിയാല്‍ വലിയ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞനും അഗ്‌നിപര്‍വ്വത ശാസ്ത്രജ്ഞനുമായ റോബിന്‍ ജോര്‍ജ് ആന്‍ഡ്രൂസ് പറഞ്ഞു. 1984 മുതല്‍ പൊട്ടിത്തെറിച്ചിട്ടില്ലാത്ത അപകടകരമായ പര്‍വതമാണിത്. അതിനാല്‍ തന്നെ ഇപ്പോഴത്തെ സംഭവവികാസം ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു.

അഗ്‌നിപര്‍വ്വതത്തിന്റെ അന്തര്‍വാഹിനിവശങ്ങള്‍ സമുദ്രനിരപ്പില്‍ നിന്ന് അടിത്തട്ടിലേക്ക് മൈലുകള്‍ നീണ്ടുകിടക്കുന്നു. ഹവായിയന്‍ ദ്വീപുകളിലെ സജീവമായ ആറ് അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നായ മൗന ലോവ 1843 മുതല്‍ 33 തവണ പൊട്ടിത്തെറിച്ചിട്ടുണ്ടെന്ന് യുഎസ്ജിഎസ് പറയുന്നു. 1984-ല്‍ നടന്ന സ്ഫോടനം 22 ദിവസം നീണ്ടുനിന്നിരുന്നു. മൗന ലോവയുടെ തെക്ക് കിഴക്കന്‍ ഭാഗത്തുള്ള കിലൗയ എന്ന അഗ്‌നിപര്‍വ്വതം 1983 നും 2019 നും ഇടയില്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.