1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2022

സ്വന്തം ലേഖകൻ: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് മസ്തിഷ്‌ക രോഗത്തിന് ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്. മസ്തിഷ്‌കത്തിലെ ധമനിയിലെ കട്ടികുറഞ്ഞ ഭാഗത്ത് മുഴയുണ്ടായി അതുമൂലം മസ്തിഷ്‌കത്തിന് സമ്മര്‍ദമുണ്ടാകുന്ന സെറിബ്രല്‍ അന്യൂറിസമെന്ന രോഗാവസ്ഥയാണ് ചൈനീസ് പ്രസിഡന്റിന്‍റേതെന്നാണ് സൂചന.

അസുഖാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ 2021 അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് വിവരം. അതേസമയം, ശസ്ത്രക്രിയ ചെയ്യുന്നതിനുപകരം പരമ്പരാഗത ചൈനീസ് രീതിയിലുള്ള ചികിത്സ പിന്തുടരാനാണ് പ്രസിഡന്റിന്റെ തീരുമാനം.

കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ലോക നേതാക്കളുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ചയും ഷീ ജിന്‍ പിങ് നടത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനിലയേക്കുറിച്ച് പല അഭ്യൂഹങ്ങളുമുണ്ടായിരുന്നു. 2019-ല്‍ ഇറ്റലി സന്ദര്‍ശിക്കുന്നതിനിടെ അദ്ദേഹം നടക്കാന്‍ ബുദ്ധിമുട്ടിയിരുന്നതായി വാർത്തകളുണ്ടായിരുന്നു. അതേവര്‍ഷം, ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇരിക്കാന്‍ പോലും പരസഹായം തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രസംഗങ്ങളില്‍ വളരെ പതിയെ സംസാരിക്കുന്നതും ഇടവിട്ട് ചുമയ്ക്കുന്നതും ആരോഗ്യത്തെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ത്തി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കുകയും പ്രസിഡഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ അനാരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.

മസ്തിഷ്‌കത്തിലെ ധമനിയിലെ കട്ടികുറഞ്ഞ ഭാഗത്ത് മുഴയുണ്ടായി, അതുമൂലം മസ്തിഷ്‌കത്തിന് സമ്മര്‍ദമുണ്ടാകുന്ന അവസ്ഥയാണ് ബ്രെയിന്‍ അന്യൂറിസം അഥവാ സെറിബ്രല്‍ അന്യൂറിസം എന്നറിയപ്പെടുന്നത്. ഇത് പിന്നീട് പൊട്ടി (റപ്ച്വേര്‍ഡ് അന്യൂറിസം) മസ്തിഷ്‌കത്തിനുള്ളില്‍ രക്തസ്രാവത്തിനും വഴിയൊരുക്കിയേക്കാം. ഇത്തരത്തില്‍ റപ്ച്വേര്‍ഡ് അന്യൂറിസം ഉണ്ടാകുന്ന അമ്പത് ശതമാനം പേർ മരണത്തിന് കീഴടങ്ങുന്നതായാണ് കണക്ക്.

അന്യൂറിസത്തിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും വ്യക്തമല്ല. ബലക്കുറവുള്ള രക്തക്കുഴലുകളോടെ ജനിക്കുന്നവര്‍ക്ക് അന്യൂറിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രായം, കുടുംബാംഗങ്ങളില്‍ അന്യൂറിസം ഉള്ളവര്‍ ഉള്ളത്, തലയ്ക്കേല്‍ക്കുന്ന പരിക്ക്, അതിറോസ്‌ക്ലീറോസിസ് എന്നിവ കാരണമായി പറയപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.