1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2019

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ആതിഷ് തസീറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കി. ആതിഷിന്റെ പിതാവ് പാക്കിസ്ഥാനില്‍ ജനിച്ച വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം വിദേശ ഇന്ത്യന്‍ പൗരത്വ കാര്‍ഡ് റദ്ദാക്കിയത്.

ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇന്ത്യയില്‍ സഞ്ചരിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം അനിശ്ചിതമായി നല്‍കുന്ന പൗരത്വ സംവിധാനമാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. ഇന്ത്യയില്‍ താമസിക്കുന്നവരുടേതല്ലാത്ത എല്ലാ അവകാശങ്ങളും ഇവര്‍ക്കുണ്ട്. യു.കെ പൗരനായ തസീറിന് 2015 വരെ ഇന്ത്യന്‍ വംശജന്‍ എന്ന കാര്‍ഡുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഇത് ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു.

മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്‌ലീന്‍ സിംഗിന്റേയയും പാക്കിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്റേയും മകനാണ് ആതിഷ് തസീര്‍. ലണ്ടനില്‍ ജനിച്ച ആതിഷ് ഇന്ത്യയിലാണ് വളര്‍ന്നത്. പിതാവിന്റെ ജന്മസ്ഥലം പാക്കിസ്ഥാന്‍ എന്ന് ആതിഷ് രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് നിലനിര്‍ത്തുന്നതില്‍ ആതിഷ് പരാജയപ്പെട്ടു. അതോടെ പൗരത്വ നിയമ പ്രകാരം ആതിഷിന് ഒ.സി.ഐ കാര്‍ഡിനുള്ള അര്‍ഹത നഷ്ടമായതായി ആഭ്യന്തരമന്ത്രാലയ വക്താവ് വസുധ ഗുപ്ത പ്രതികരിച്ചു.

2019 മേയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറിയായിരുന്നു പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ആതിഷ് ലേഖനമെഴുതിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആതിഷ് എഴുതിയ ടൈം മാസിക ലേഖനം ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണകാലത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനത്തില്‍ മോദിയെ ഭിന്നിപ്പിന്റെ തലവന്‍ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ലേഖനം വന്നതിന് ശേഷം ആതിഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ആക്രമണം നടന്നിരുന്നു. പാകിസ്താന്‍ അജണ്ടയുടെ ഭാഗമായാണ് ആതിഷ് ലേഖനമെഴുതിയതെന്നായിരുന്നു ബി.ജെ.പി ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.