1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2020

സ്വന്തം ലേഖകൻ: അമേരിക്കയിലെ ഏറ്റവും ഭയാനകമായ ജയിലാണ് ലൂസിയാനയിലുള്ള അംഗോള പ്രിസൺ. എത്ര വലിയ കുറ്റവാളിക്കും പേടിസ്വപ്നമാണ് അംഗോള ജയില്‍. ജയിലില്‍ നടന്നിരുന്ന അക്രമവും കഠിനമായ തൊഴില്‍ സാഹചര്യങ്ങളുമാണ് അതിനെ ലോകത്തിലെതന്നെ ഏറ്റവും ശപിക്കപ്പെട്ട ഒരു സ്ഥലമാക്കി മാറ്റിയത്.

1880 കളിലാണ് അംഗോള ജയിലിന്റെ ആരംഭം. മേജര്‍ സാമുവല്‍ ലോറന്‍സ് ജെയിംസാണ് ഇത് തുടങ്ങിവച്ചത്. 1830 കളില്‍ ഐസക് ഫ്രാങ്ക്‌ലിന്റെ ഉടമസ്ഥതയിലുള്ള 8,000 ഏക്കറോളം വരുന്നതോട്ടമായിരുന്നു ഇത്. ഐസക് അടിമക്കച്ചവടക്കാരനും തോട്ടക്കാരനുമായിരുന്നു. തോട്ടത്തിലേക്ക് കൊണ്ടുവന്ന അടിമകളില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ നിന്നുള്ളതുകൊണ്ടാണ് അദ്ദേഹം ഇതിന് ”അംഗോള” എന്ന് പേരിട്ടത്. പിന്നീടുള്ള 50 വര്‍ഷത്തിനുള്ളില്‍ തോട്ടത്തിന് ഒന്നിലധികം ഉടമകളുണ്ടായി. ഒടുവില്‍, ഇത് 1880 ല്‍ സാമുവല്‍ ലോറന്‍സ് ജെയിംസ് വാങ്ങുകയായിരുന്നു. കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്‌സ് ആര്‍മിയുടെ (സിഎസ്എ) മുന്‍ ഉദ്യോഗസ്ഥനായിരുന്നു ജെയിംസ്.

തടവുകാരെ സൂക്ഷിക്കുന്നതിനായി ജെയിംസാണ് തോട്ടത്തെ ജയിലാക്കി മാറ്റിയത്. നിലവില്‍ 6,300 തടവുകാരാണ് ജയിലിലുള്ളത്. തടവുകാരെ നോക്കാനായി 1,800 ജീവനക്കാരുണ്ട്. ലൂസിയാന ഹൈവേ 66 ന്റെ അവസാന ഭാഗത്താണ് ജയില്‍ സ്ഥിതിചെയ്യുന്നത്. ജയിലിനെ ചുറ്റി മൂന്ന് വശത്തും മിസിസിപ്പി നദി ഒഴുകുന്നു. ജയിലില്‍നിന്നും ആരും രക്ഷപ്പെടാതിരിക്കാന്‍ വേട്ടനായ്കളെയാണ് ഇവിടെ കാവല്‍നിര്‍ത്തിരിക്കുന്നത്.

മേജര്‍ ജെയിംസ് അതിക്രൂരനായ ഒരു ഉദ്യോഗസ്ഥനായിരുന്നു. കുറ്റവാളികളെ അയാള്‍ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും കൊടുംക്രൂരത കാണിക്കുകയും ചെയ്തിരുന്നു. കഠിനമായ സാഹചര്യങ്ങളില്‍ മരണം വരെ ജോലിയെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അയാള്‍ കുറ്റവാളികളോട് കാണിക്കുന്ന ക്രൂരതയുടെ കഥകള്‍ പുറം ലോകം അറിഞ്ഞതിനെ തുടര്‍ന്ന് ഭരണകൂടം ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തു. നിര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ നിയമിച്ച വാര്‍ഡന്‍മാര്‍ ഒരുപോലെ നിയമം ദുരുപയോഗം ചെയ്യുന്നവരായിരുന്നു.

1950 കളിൽ 31 ജയിൽ തടവുകാരാണ് അംഗോളയിലെ കഠിനാധ്വാനത്തിനും ക്രൂരതയ്ക്കും എതിരായി ഉപ്പൂറ്റി മുറിച്ച് പ്രതിഷേധിച്ചത്. ഭ്രാന്തമായ ഈ പ്രതിഷേധത്തെക്കുറിച്ച് കേട്ട ശേഷം, ജഡ്ജി റോബർട്ട് കെന്നൻ കഠിനമായ തൊഴിൽ സാഹചര്യങ്ങൾ ഇല്ലാതാക്കുമെന്ന് ഉറപ്പുനൽകുകയും അതിനുശേഷം പ്രതിഷേധം അവസാനിക്കുകയും ചെയ്തു. 1950 മുതല്‍ ജയിലിലെ അവസ്ഥ കൂടുതല്‍ മോശമായിത്തീര്‍ന്നു. തടവുകാരെ അനുസരിപ്പിക്കാന്‍ വൈദ്യുതക്കസേര വന്നു. 1991 ല്‍ 87 തടവുകാര്‍ വൈദ്യത കസേരയില്‍ കൊല്ലപ്പെട്ടു.

മനുഷ്യരാണ് എന്ന സാമാന്യ പരിഗണന പോലും നല്‍കാത്ത ജയിലില്‍, രോഗികളായ കുറ്റവാളികളുടെ അവസ്ഥ ശോചനീയമായിരുന്നു. കിടക്കയില്‍ കിടക്കുന്ന തടവുകാര്‍ പലപ്പോഴും സ്വന്തം മലത്തില്‍ കിടന്നു അഴുകി മരിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. അടിസ്ഥാന ആരോഗ്യ സംരക്ഷണം ഇല്ലാത്തതിന്റെ പേരില്‍ നൂറുകണക്കിന് തടവുകാര്‍ക്ക് സ്ഥിരമായ വൈകല്യങ്ങളും രോഗങ്ങളും ഉണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.