1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2012

മനോജ്‌ മാത്യു

“നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത ഒരു ജീവിതാന്തസ്സിന്റെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി മറ്റൊരാളെ കുറ്റപ്പെടുത്തുന്നതു ശരിയാണോ”? ഔട്ട്ലുക്ക് മാസികയുടെ പുതിയ ലക്കത്തില്‍ കേരള കത്തോലിക്കാ സഭയിലെ അപചയത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച ഏകപക്ഷീയ ലേഖനത്തെ ഉദ്ധരിച്ച് ഡോ. പോള്‍ തേലക്കാട്ട് ചോദിക്കുന്നു. ഇതേ ലേഖനം മലയാളത്തിലാക്കി എരിവും പുളിപ്പും ചേര്‍ത്ത് “പെണ്ണുപിടിയന്മാരായ വൈദികര്‍: കൊലപാതകികളായ സഭാനേതൃത്വം…” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച് മറുനാടന്‍ മലയാളികള്‍ക്കായുള്ള പത്രവും മനുഷ്യനിലെ അധമവികാരങ്ങളെ ഉണര്‍ത്തി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള തത്രപ്പാടിലാണ്.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വ്യക്തികളെയും, സ്ഥാപനങ്ങളെയും, സംഘടനകളെയും കരിതേച്ചു കാണിക്കുമ്പോള്‍ ലഭിക്കുന്ന ചീപ് പബ്ലിസിറ്റി താല്‍ക്കാലികം മാത്രമാണെന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല. ഒരു പാരമ്പര്യ ക്രിസ്ത്യാനി എന്നറിയപ്പെടുന്ന മറുനാടന്‍ എഡിറ്റര്‍ക്ക് ഈ ലേഘനത്തില്‍ പ്രതിപാതിക്കുന്ന ഫാ. ഷിബുവിന്റെയും, സി. ജെസ്മിയുടെയും, സി. മേരി ചാണ്ടിയുടെയും കയ്പ്പേറിയ അനുഭവങ്ങള്‍ ഒറ്റപ്പെട്ടവയാണെന്നറിയമായിരുന്നിട്ടും, വൈദികരും സന്യസ്തരും വിണ്ണില്‍നിന്നിറങ്ങി വന്ന മാലഖമാരല്ല, മജ്ജയും മാംസവുമുള്ള മനുഷ്യാത്മാക്കളാണ്‌ എന്ന ബോധ്യം ഉണ്ടായിട്ടും ഇത്തരം കഥകള്‍ വലിയ കോളത്തില്‍ വിവരിക്കുന്നത് അധമ മാധ്യമ സംസ്കാരംവും, കച്ചവട താല്പര്യങ്ങളുമാണെന്നു പറയേണ്ടിയിരിക്കുന്നു.

പവിത്രമായ ആത്മീയ ജീവിതം നയിക്കുന്ന എത്രയോ വൈദികരും സന്യസ്തരും കേരളത്തിലുണ്ട്. അവരുടെ എളിയ ജീവിതങ്ങളും ആതുര, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ അവര്‍ ചെയ്യുന്ന സേവനങ്ങളെയും ഇത്തരം മാധ്യമങ്ങള്‍ എന്തേ കാണാത്തത്? അതുപോലെ വിവരസാങ്കേതികവിദ്യയും, ഭൌതികവാദവും ഒന്നിക്കുന്ന ഈ ആധുനിക യുഗത്തില്‍ പാപ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ഒരു സമര്‍പ്പിതന്റെ തത്രപ്പാടും ആരും കാണുന്നില്ല. ഇതിനിടയില്‍ ചിലരെങ്കിലും കാലിടറി വീഴുക സ്വോഭാവികം മാത്രം. ഈ സത്യങ്ങള്‍ വിവേചനത്തോടെ വിളിച്ചുപറയാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം. വയനാട്ടില്‍ കടക്കെണിയിലായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത‍ വായിക്കുന്ന കടബാധ്യതയിലായിരിക്കുന്ന മറ്റു കര്‍ഷകര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

തിന്മയെക്കാളെറെ അതിനു കൊടുക്കുന്ന പ്രചാരമാണ് മനുഷ്യമനസ്സില്‍ ദൂഷ്യം വിതക്കുന്നത്. കവര്‍ച്ചകളും, കൊലപാതകങ്ങളും, അവിഹിതബന്ധങ്ങളും അമിതമായി വര്‍ണ്ണിച്ച് സ്പെഷ്യല്‍ ഫീച്ചറുകള്‍ ആക്കുന്ന മാധ്യമങ്ങളാണ് നമുക്കുചുറ്റും. അതുപോലെ കിടപ്പറ, ഒളിക്യാമറ എന്നൊക്കെ കേട്ടാല്‍ ചാടിവീഴുന്ന മലയാളിയുടെ ബലഹീനത മുതലെടുക്കുന്ന മാധ്യമ മുതലാളിമാരുടെ എണ്ണവും കൂടിവരുന്ന കാലഘട്ടമാണിത്. വളരെ ചെറിയൊരു ശതമാനത്തിന്റെ തെറ്റുകള്‍ ഭൂരിപക്ഷം വരുന്ന നിരപരാധികളില്‍ അടിച്ചേല്‍പ്പിക്കുകവഴി ഹിറ്റുകളും ലൈക്കുകളും കൂട്ടി കീശ നിറക്കമെന്നു സ്വപ്നംകാണുന്ന പൈങ്കിളി പത്രപ്രവര്‍ത്തകരെ വിവേചനാശേഷിയുള്ള വായനക്കാര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒപ്പം നേരിന്റെ നേര്‍ക്കാഴ്ചകളിലേക്കു കണ്ണുംനട്ട് പത്രധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.